മാധവ് നായകനാകുന്ന ‘കുമ്മാട്ടിക്കളി’; ഫസ്റ്റ് ലുക്ക് പുറത്ത്, അഭിമാനമെന്ന് സുരേഷ് ഗോപി
1 min readസുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനാകുന്ന ‘കുമ്മാട്ടിക്കളി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. സുരേഷ് ഗോപിയാണ് പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. കടലോര പശ്ചാത്തലത്തിൽ മാധവിനൊപ്പം മറ്റ് അഭിനേതാക്കളെയും ഉൾക്കൊള്ളിച്ചാണ് ഫസ്റ്റ് ലുക്ക് തയ്യാറാക്കിയിരിക്കുന്നത്.
വിൻസെന്റെ സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്മാട്ടിക്കള്ളി’. ‘അമരം’ എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ് ‘കുമ്മാട്ടിക്കളി’. ദേവിക, ലെന, സതീഷ്, യാമി അനുപ്രഭ അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാല്‍, ആല്‍വിൻ ആന്റണി ജൂനിയര്‍, സിനോജ് അങ്കമാലി, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ്, അനീഷ് ഗോപാല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ജാക്സണ്‍ വിജയ്‍യാണ് സംഗീത സംവിധാനം. വെങ്കിടേഷ് വിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റര്‍.
കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കുന്ന ചിത്രം ‘അമര’ത്തിന്റെ ലൊക്കേഷനുകളിലാണ് ചിത്രീകരിക്കുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസാണ് നിര്‍മാണം. ഫീനിക്സ് പ്രഭുവാണ് ചിത്രത്തിന്റെ സംഘട്ടനം. പ്രൊഡക്ഷൻ കണ്‍ട്രോളര്‍ അമൃത മോഹനാണ്. ആലപ്പുഴ, നീണ്ടകര എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
നേരത്തെ ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തില്‍ മാധവ് സുരേഷ് അതിഥി വേഷത്തില്‍ എത്തിയിരുന്നു. അതേസമയം, മലയാള സിനിമയില്‍ സുരേഷ് ഗോപിയുടെ മൂത്ത മകൻ ഗോകുല്‍ സുരേഷ് സ്വന്തം സ്ഥാനം ഉറപ്പിച്ചിട്ടിട്ടുണ്ട്. ‘മുദ്ദുഗൗ’ എന്ന ചിത്രത്തിലൂടെയാണ് ഗോകുല്‍ സുരേഷ് വെള്ളിത്തിരയിൽ എത്തിയത്.
അതേസമയം, സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രം ‘തമിഴരശന്‍റെ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിജയ് ആന്റണിയാണ് ചിത്രത്തില്‍ നായകൻ. മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനുമുണ്ട്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ചിത്രം ഏപ്രില്‍ 14ന് ആണ് തിയറ്ററുകളില്‍ എത്തുക. ബാബു യോഗേശ്വരൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആര്‍ ഡി രാജശേഖര്‍ ഐഎസ്‍സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഇളയരാജ ആണ് സംഗീത സംവിധായകൻ.