കുസാറ്റ് ദുരന്തം; ‘വൈസ് ചാന്‍സിലറെ പുറത്താക്കണം, ജുഡീഷ്യല്‍ അന്വേഷണം വേണം’: ഗവര്‍ണ്ണര്‍ക്ക് പരാതി
1 min read

കൊച്ചി: കുസാറ്റ് ക്യാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു പേര്‍ മരിച്ച സംഭവത്തില്‍ സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് കുസാറ്റ് വൈസ് ചാന്‍സിലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് പരാതി. സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കിയത്. ആഘോഷം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് വൈസ് ചാന്‍സിലര്‍ ലംഘിച്ചുവെന്നു പരാതിയിലുണ്ട്.യൂണിവേഴ്സിറ്റി ക്യാമ്പസുകളിൽ വിദ്യാർത്ഥികളുടെ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വൈസ് ചാന്‍സിലര്‍ ഡോ. പിജി ശങ്കരന്‍ വീഴ്ചവരുത്തിയെന്നും അതിനാല്‍ തല്‍സ്ഥാനത്തുന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നുമെന്നും പരാതിയില്‍ സേവ് യൂനിവേഴ്സിറ്റി ക്യാമ്പയിന്‍ ആവശ്യപ്പെട്ടു. നാല് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിന്റെ നടത്തിപ്പിനെ കുറിച്ച് ജുഡീഷ്യൽ
അന്വേഷണം നടത്താൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നും അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം നല്‍കാന്‍ ശിപാര്‍ശ ചെയ്യണമെന്നും ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
