2000 രൂപ തിരിച്ചടക്കാത്തതിനാൽ ലോൺ ആപ്പ് ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; ആന്ധ്രയിൽ യുവാവ് ജീവനൊടുക്കി

1 min read
SHARE

വീണ്ടും ഓൺലൈൻ ലോൺ ആപ്പുകളുടെ ക്രൂരത. വെറും 2000 രൂപ തിരിച്ചടക്കാത്തതിനാൽ ലോൺ ആപ്പുകൾ ഭാര്യയുടെ നഗ്നചിത്രം പ്രചരിപ്പിച്ചതിൽ മനംനൊന്ത് ആന്ധ്രപ്രദേശിൽ യുവാവ് ആത്മഹത്യ ചെയ്തു. ലോൺ ആപ്പ് ഏജൻ്റുമാർ ഭാര്യയുടെ ഫോട്ടോകൾ മോർഫ് ചെയ്‌ത് സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും അയച്ചുകൊടുത്തതിൽ മനംനൊന്താണ് 25 കാരനായ നരേന്ദ്ര ജീവനൊടുക്കിയത്. ഒക്‌ടോബർ 28 നായിരുന്നു യുവാവിന്‍റെ വിവാഹം. മറ്റൊരു ജാതിയിൽപെട്ട യുവതിയുമായുള്ള പ്രണയവിവാഹമായിരുന്നു.

മത്സ്യത്തൊഴിലാളിയായിരുന്ന നരേന്ദ്രൻ വിശാഖപട്ടണത്താണ് താമസിച്ചിരുന്നത്. മോശം കാലാവസ്ഥ മൂലം കടലിൽ പോകാൻ കഴിയാതിരുന്നത് ഇദ്ദേഹത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കി വച്ചിരുന്നു. ചെലവുകൾക്കായി നരേന്ദ്ര ഒരു ആപ്പിൽ നിന്ന് 2000 രൂപ കടം ലോണെടുത്തിരുന്നു. എന്നാൽ ആഴ്ചകൾക്കുള്ളിൽ, ലോൺ ആപ്പ് ഏജൻ്റുമാർ ലോൺ തിരിച്ചടയ്ക്കാത്തതിൽ യുവാവിനെ മാനസികമായി പീഡിപ്പിക്കാൻ തുടങ്ങുകയായിരുന്നു.

കൂടാതെ, ഇയാളുടെ കോൺടാക്റ്റ് ലിസ്റ്റിലുള്ള സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഏജൻ്റുമാർ ഭാര്യയുടെ മോർഫ് ചെയ്ത ഫോട്ടോകൾ അയച്ചുകൊടുക്കുകയും ചെയ്തു. ചിത്രങ്ങൾ കിട്ടിയതോടെ സുഹൃത്തുക്കളും ബന്ധുക്കളും സംഭവത്തെ പറ്റി അന്വേഷിച്ചിരുന്നു. ഇതിൽ ഹൃദയം തകർന്നാണ് വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളിൽ നരേന്ദ്ര ജീവിതം അവസാനിപ്പിച്ചത്.

ആന്ധ്രാപ്രദേശിൽ നിന്ന് ഒരാഴ്ചയ്ക്കിടെ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. നന്ദ്യാൽ ജില്ലയിൽ, ലോൺ ആപ്പ് ഏജൻ്റുമാരുടെ പീഡനം നേരിട്ട ഒരു യുവതി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും പോലീസ് രക്ഷപ്പെടുത്തുകയായിരുന്നു. ആന്ധ്രാപ്രദേശ് ആഭ്യന്തര മന്ത്രി വി അനിത കഴിഞ്ഞ മാസം സംസ്ഥാന നിയമസഭയിൽ ലോൺ ആപ്പുമായി ബന്ധപ്പെട്ട ആശങ്കകൾ ഉന്നയിച്ചിരുന്നു. ഇത്തരക്കാർക്കെതിരെ സർക്കാർ കർശന നടപടികൾ ആരംഭിക്കുമെന്നും മന്ത്രി അന്ന് ഉറപ്പ് നൽകിയിരുന്നു.