സ്വന്തം വീടുകള്‍ക്കുള്ളിലെ അതിക്രമങ്ങള്‍ തടയുക പുതിയ വെല്ലുവിളിയെന്ന് മനോജ് എബ്രഹാം ഐ പി എസ്

വീടുകള്‍ക്ക് പുറത്ത് നടക്കുന്ന അതിക്രമങ്ങളേക്കാള്‍ എത്രയോ മടങ്ങാണ് ഇന്ന് സ്വന്തം വീടുകള്‍ക്കുള്ളില്‍ നടക്കുന്ന അതിക്രമങ്ങള്‍ എന്ന് സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി മനോജ് എബ്രഹാം ഐ പി എസ്. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കേരളത്തില്‍ നടന്ന 65 കൊലപാതകങ്ങളില്‍ 70 മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടപ്പോള്‍ അതില്‍ അമ്പതും പൊലിഞ്ഞുവീണത് വീടുകള്‍ക്കുള്ളില്‍ ആണെന്നത് അതീവ ഗൗരവാര്‍ഹമായ കാര്യമാണ്. ഇതിന്‍മേല്‍ ശരിയായ സുരക്ഷാ നടപടികളും ബോധവത്കരണവും സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സുരക്ഷിത ഭവനം സുരക്ഷിത സമൂഹം എന്ന സംവാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്കൊപ്പം വീടുകളില്‍ നടക്കുന്ന അതിക്രമങ്ങളും എങ്ങനെ തടയാം എന്ന വിഷയത്തെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയില്‍ ജനപ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറയില്‍ ഉള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏറെയും ലഹരിയെകുറിച്ചും കുട്ടികളിലെ കുറ്റവാസനകളെ കുറിച്ചുമായിരുന്നു ചര്‍ച്ച. കുറ്റവാസന തടയുന്നതിനായി ഒട്ടനവധി പ്രതിവിധികളാണ് സംസാരിച്ചവര്‍ നിര്‍ദേശിച്ചത്.പൊതുസമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിനും ശക്തമായ നടപടി സ്വീകരിക്കുന്നതിനും പൊലീസിന് സാധിക്കുമെങ്കിലും വീടുകള്‍ക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പരിമിതികളുണ്ടെന്നും ഗൃഹനാഥന്‍മാരാണ് അത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രധാന പങ്കുവഹിക്കേണ്ടതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു. പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. വി സുനില്‍രാജ് വിഷയാവതരണം നടത്തി.
കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡൻ്റ് കെ എല്‍ നിഷാന്ത് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം റൂറല്‍ ജില്ലാ പൊലീസ് മേധാവി കെ എസ് സുദര്‍ശന്‍ ഐ പി എസ് മുഖ്യപ്രഭാഷണം നടത്തി. കൈരളി ന്യൂസ് ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ നൃപന്‍ ചക്രവര്‍ത്തി, കെ പി ഒ എ സംസ്ഥാന പ്രസിഡൻ്റ് ആര്‍ പ്രശാന്ത്, നെയ്യാറ്റിന്‍കര ഡി വൈ എസ് പി. എസ് ഷാജി, കെ പി ഒ എ തിരുവനന്തപുരം സിറ്റി സെക്രട്ടറി എസ് എസ് ജയകുമാര്‍, കെ പി എ റൂറല്‍ ജില്ലാ പ്രസിഡൻ്റ് ജി എസ് കൃഷ്ണലാല്‍ എന്നിവര്‍ സംസാരിച്ചു. സംവാദ പരിപാടിക്ക് കെ പി ഒ എ ജില്ലാ സെക്രട്ടറി ആര്‍ കെ ജ്യോതിഷ് സ്വാഗതവും വൈസ് പ്രസിഡന്റ് ബി ഹരിലാല്‍ നന്ദിയും രേഖപ്പെടുത്തി. ലഹരിക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരെയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാതൃകാപരമായ ബോധവത്കരണ ക്ലാസിനെ കുറിച്ച് പ്രശംസിച്ചാണ് പങ്കെടുത്തവര്‍ മടങ്ങിയത്.

