മാരുതി സുസുക്കി ഇന്ത്യയിൽ വിൽപ്പനയിലുള്ള കാറുകൾക്ക് വില വർധിപ്പിക്കുന്നു. മാരുതി സുസുക്കി, നെക്സ ഡീലർഷിപ്പുകളിലൂടെ വിൽപ്പന നടത്തുന്ന വാഹനങ്ങൾക്കെല്ലാം വില വർധിക്കും.
1 min readഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി തങ്ങളുടെ വാഹനങ്ങൾക്ക് വില വർധിപ്പിക്കുന്നു. കഴിഞ്ഞ ഡിസംബറിൽ തന്നെ വില വർധനവ് നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചിരുന്നു. നിലവിൽ വിൽപ്പനയിലുള്ള എല്ലാ മോഡലുകൾക്കും വില വർധിപ്പിക്കും. ഓരോ മോഡലുകൾക്കും വ്യത്യസ്തമായ വില വർധനവാണ് മാരുതി സുസുക്കി നടപ്പാക്കുന്നത്.മാരുതി സുസുക്കിയുടെ മൊത്തം പോർട്ട്‌ഫോളിയോയ്‌ക്ക് ശരാശരി 1.1 ശതമാനം വില വർധനവ് ഉണ്ടായിരിക്കുമെന്നാണ് കണക്കുകൾ. പുതിയ വിലകൾ ഇന്ന് (2023 ജനുവരി 16) മുതൽ പ്രാബല്യത്തിൽ വരും. കുറഞ്ഞ വിലയ്ക്ക് മികച്ച വാഹനങ്ങൾ നൽകി ഇന്ത്യൻ വിപണിയിൽ ആധിപത്യം സ്ഥാപിച്ച മാരുതി സുസുക്കി വില വർധിപ്പിക്കുന്നതോടെ വാഹന വിപണിയിൽ പല മാറ്റങ്ങളും ഉണ്ടാകും
മാരുതി സുസുക്കി കാറുകൾക്ക് വില വർധിപ്പിക്കുന്നതിനുള്ള കാരണങ്ങളായി പറഞ്ഞതിൽ പണപ്പെരുപ്പം മൂലമുണ്ടാകുന്ന ചിലവ് വർധനവാണ് പ്രധാനം. പണപ്പെരുപ്പം വർധിച്ചതോടെ നിർമാണത്തിനുള്ള ചിലവിൽ വലിയ വർധനവ് ഉണ്ടായതായി കമ്പനി പറയുന്നു. അടുത്ത കാലത്ത് വാഹനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് ഉണ്ടായിട്ടുള്ള നിയന്ത്രണങ്ങളും നിയമങ്ങളും വില വർധിപ്പിക്കാനുള്ള മറ്റൊരു കാരണമാണ്.സുരക്ഷയുടെയും മറ്റും കാര്യങ്ങളിൽ പുതിയ മാനദണ്ഡങ്ങൾ വന്നതോടെ മാരുതി സുസുക്കിയുടെ വില കുറഞ്ഞ കാറുകളുടെ നിർമ്മാണത്തിന്റെ ചിലവ് വർധിച്ചിട്ടുണ്ട്. ഇത് വില വർധിപ്പിക്കാനുള്ള പ്രധാന കാരണമാണ്. എയർബാഗുകളും എബിഎസും അടക്കമുള്ള പുതിയ സുരക്ഷാ നിയമങ്ങൾ വാഹന നിർമ്മാണത്തിലെ ചിലവ് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്.
വാഹന നിർമ്മാണത്തിലെ ചിലവ് കുറയ്ക്കാനും വില വർധന ഭാഗികമായി നികത്താനും പരമാവധി ശ്രമിക്കുമെന്ന് മാരുതി സുസുക്കി അവകാശപ്പെട്ടിരുന്നു, എന്നാൽ ഇനിയും കമ്പനിക്ക് ഇത് തുടരാൻ സാധിക്കില്ലെന്നും അധികമായി വരുന്ന ചിലവിൽ ഒരു പങ്ക് വാഹനം വാങ്ങുന്നവരിലേക്ക് കൂടി നൽകേണ്ടതുണ്ടെന്നുമാണ് മാരുതി സുസുക്കിയുടെ വാദം.