March 2025
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
March 19, 2025

മാർബർഗ് വൈറസ്: യുഎഇ ജാഗ്രതയിൽ, രോഗബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർക്ക് ക്വാറന്റീൻ

1 min read
SHARE

അബുദാബി • മാർബർഗ് വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്ത ഗിനിയ ടാൻസാനിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്തവർ യുഎഇയിൽ തിരിച്ചെത്തിയാൽ സ്വയം ക്വാറന്റീനിൽ പ്രവേശിക്കണമെന്ന് ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം നിർദേശിച്ചു. രോഗബാധിത പ്രദേശങ്ങളിലേക്ക് യാത്ര ചെയ്തവർ മാർബർഗ് വൈറസ് രോഗം പടരുന്ന പ്രദേശത്താണോ അല്ലെങ്കിൽ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയിട്ടുണ്ടോ എന്ന് ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കണമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.മാർബർഗ് വൈറസ് സ്ഥിരീകരിച്ച ഇക്വറ്റോറിയൽ ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര ചെയ്യരുതെന്ന് യുഎഇ അടുത്തിടെ രാജ്യത്തെ ജനങ്ങളോട് നിർദേശിച്ചിരുന്നു. വൈറസ് ബാധിച്ച് ഇതുവരെ 14 മരണങ്ങളെങ്കിലും ഇരു രാജ്യങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹെമറേജിക് ഫീവറിന് കാരണമാകുന്ന വൈറസിനെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്ന് അഭ്യർഥിച്ചു. അത്യാവശ്യമല്ലെങ്കിൽ ടാൻസാനിയയിലേക്കും ഇക്വറ്റോറിയൽ ഗിനിയയിലേക്കും യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളെ ഉപദേശിച്ചു. യാത്ര ഒഴിവാക്കാനാകാത്തതാണെങ്കിൽ, രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കുക. മലിനമായ പ്രതലങ്ങളിൽ സ്പർശിക്കാതിരിക്കുക, ഗുഹകളും ഖനികളും സന്ദർശിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കുക തുടങ്ങിയ രോഗവുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുക്കണം. രണ്ട് രാജ്യങ്ങളിലേക്കുള്ള യാത്ര മാറ്റിവയ്ക്കാൻ ഒട്ടേറെ അറബ് രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരോട് നിർദ്ദേശിച്ചതിനെ തുടർന്നാണിത്.രാജ്യാന്തര ആരോഗ്യ മാനദണ്ഡങ്ങൾക്കനുസൃതമായി ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കുന്നുണ്ടെന്ന് യുഎഇ ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗത്തിന്റെ ആഗോള തീവ്രത നിർണയിക്കാൻ ഈ രാജ്യങ്ങളിലെ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും ആരോഗ്യ അവബോധം പ്രോത്സാഹിപ്പിക്കുന്നതിനുമായി മുൻകരുതൽ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മന്ത്രാലയം അറിയിച്ചു. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കൈ കഴുകേണ്ടതിന്റെ പ്രാധാന്യം ആവർത്തിച്ചു. ഇവ എളുപ്പത്തിൽ ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കണം. കൂടാതെ, വ്യക്തികൾ അവരുടെ കണ്ണുകൾ, മൂക്ക്, വായ എന്നിവ കൈകൊണ്ട് തൊടുന്നത് ഒഴിവാക്കുകയും ശരിയായ കൈ ശുചിത്വം ഉറപ്പാക്കുകയും വേണം.