നിര്‍മ്മലം; നാലു വര്‍ഷം നീളുന്ന ശുചിത്വ കാമ്പയിനുമായി ശ്രീകണ്ഠപുരം നഗരസഭ

‘നിര്‍മലം – പുതുയുഗ ശുചിത്വ കേരളം’ ക്യാമ്പയിന്റെ ഭാഗമായി വിപുലമായ പ്രവര്‍ത്തന പദ്ധതികളുമായി ശ്രീകണ്ഠപുരം നഗരസഭ. 2031 മാര്‍ച്ച് 30 വരെയുള്ള കാലയളവില്‍ ശുചിത്വ മാലിന്യ സംസ്കരണ മേഖലയില്‍ സമഗ്രമായ മാറ്റം ലക്ഷ്യമിട്ടുള്ള കാമ്പയിന് പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയത്. കാമ്പയിന്റെ ഭാഗമായി നഗര സഭയില്‍ ചേര്‍ന്ന യോഗത്തില്‍ ഹ്രസ്വ, മധ്യ, ദീര്‍ഘകാല പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. 2031ല്‍ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30ന് ലക്ഷ്യങ്ങള്‍ കൈവരിക്കാനാകുന്ന വിധത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഹ്രസ്വകാല പ്രവര്‍ത്തനങ്ങള്‍ അടുത്തവര്‍ഷം 2027 ഒക്ടോബര്‍ രണ്ട് വരെയും മധ്യകാല പ്രവര്‍ത്തനങ്ങള്‍ 2027 ഒക്ടോബര്‍ രണ്ട് മുതല്‍ 2030 ജൂണ്‍ അഞ്ച് വരെയും നടപ്പാക്കും. ദീര്‍ഘകാല പ്രവര്‍ത്തനങ്ങളിലൂടെ ശുചിത്വ മാലിന്യ സംസ്കരണ രംഗത്ത് സുസ്ഥിരമായ മാറ്റം ഉറപ്പാക്കുകയാണ് ലക്ഷ്യം. കാമ്പയിന്റെ ഭാഗമായി പ്രത്യേക കൗണ്‍സില്‍ യോഗം ചേരുകയും തുടര്‍ന്ന് നഗര സഭയിലെ മുഴുവന്‍ വാര്‍ഡുകളിലും നിര്‍മലം ശുചിത്വ കേരളം കമ്മിറ്റികള്‍ രൂപീകരിക്കുകയും ചെയ്യും. വീടുകള്‍, വ്യാപാര വാണിജ്യ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, വഴിയോരങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, ഹോട്ടലുകള്‍, മാലിന്യ ഉല്‍പ്പാദക കേന്ദ്രങ്ങള്‍, പൊതുസ്ഥലങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ശാസ്ത്രീയ മാലിന്യ സംസ്കരണവും ശുചിത്വ പരിപാലനവും ഉറപ്പാക്കും. ജലാശയങ്ങളുടെ ശുചീകരണവും സംരക്ഷണവും ക്യാമ്പയിന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തും. മാലിന്യം വലിച്ചെറിയല്‍ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശനമായ എന്‍ഫോഴ്സ്മെന്റ് നടപടികള്‍ സ്വീകരിക്കുകയും ജനപങ്കാളിത്തത്തിലൂടെ ശുചിത്വബോധം വളര്‍ത്തുകയും ചെയ്യും. ഇതിനായി പ്രത്യേക വാര്‍ഡ് സഭാ യോഗങ്ങള്‍ നടത്തും.
അജൈവമാലിന്യ സംസ്കരണത്തിനായി കൂടുതല്‍ മിനി എംസിഎഫുകള്‍ സജ്ജമാക്കും. ജൈവമാലിനെ സംസ്കരണത്തിനായി ബസ് സ്റ്റാന്‍ഡിലും കൂട്ടുമുഖം ആശുപത്രിയിലും ഒരുകോടി 85 ലക്ഷം രൂപയുടെ എസ്റ്റിപി പദ്ധതിക്ക് ഈ വര്‍ഷം ആരംഭം കുറിക്കും. നഗരസഭയുടെ ചിരകാല അഭിലാഷമായ ആധുനിക രീതിയിലുള്ള ശ്മശാനം യാഥാര്‍ത്ഥ്യമാക്കുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികളും നഗരസഭ ആരംഭിച്ചിട്ടുണ്ട്. തെരുവ് നായ രഹിത പ്രദേശം എന്ന ലക്ഷ്യത്തോടെ നഗരസഭയില്‍ 50 സെന്റ് ഭൂമി ഏറ്റെടുത്ത് എബിസി സെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതിഥി തൊഴിലാളികള്‍ക്ക് ശുചിത്വം, ലഹരി വിരുദ്ധത എന്നിവ സംബന്ധിച്ച ബോധവല്‍ക്കരണത്തിനായി സ്വസ്ഥസാഥി മിഷന് ജാഗ്രത സമിതിയും ഇതിന്റെ ഭാഗമായി നടത്തും.

