വിജിലൻസിനെ വിവരാവകാശ നിയമത്തിൽ നിന്ന് സർക്കാർ തിടുക്കപ്പെട്ട് ഒഴിവാക്കിയത് അഴിമതിയെ സംരക്ഷിക്കാൻ: പി രാജീവ്

വിജിലൻസിനെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തെ രൂക്ഷമായി വിമർശിച്ച് മുൻ മന്ത്രി പി രാജീവ്. അഴിമതിയെ സംരക്ഷിക്കുന്നതിനും പ്രധാന കാര്യങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുപിടിക്കുന്നതിനുമാണ് സർക്കാർ ഇത്തരം ഒരു നിലപാട് സ്വീകരിച്ചിരിക്കുന്നത് എന്ന് അദ്ദേഹം ആരോപിച്ചു. വിവരാവകാശ നിയമത്തിൽ നിന്ന് വിജിലൻസിനെ സർക്കാർ തിടുക്കപ്പെട്ട് ഒഴിവാക്കിയത് അതീവ ഗൗരവതരവും നിയമവിരുദ്ധവുമാണെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. 2016 ഫെബ്രുവരി 26-നാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ വിജിലൻസിന്റെ ടി-ബ്രാഞ്ചിനെ (T-Branch) വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി ഉത്തരവിറക്കിയത്. എന്നാൽ, പിന്നീട് വന്ന എൽഡിഎഫ് സർക്കാർ 2022 ജനുവരി 9ന് പഴയ ഉത്തരവ് റദ്ദാക്കി, വിജിലൻസിനെ വീണ്ടും വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുന്നു. പക്ഷേ, 2026 ഒക്ടോബർ 22-ലെ പുതിയ ഉത്തരവിലൂടെ യുഡിഎഫ് സർക്കാർ വീണ്ടും വിജിലൻസിന്റെ ഈ വിഭാഗങ്ങളെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. സാധാരണഗതിയിൽ ഫയലുകൾ നീങ്ങേണ്ട വഴികളിലൂടെയല്ലാതെ, വേണ്ടത്ര പരിശോധനകൾ നടത്താതെ അനാവശ്യ തിടുക്കം കാട്ടിയാണ് ഈ നിയമവിരുദ്ധമായ തീരുമാനമെടുത്തിരിക്കുന്നതെന്ന് പി രാജീവ് വ്യക്തമാക്കി. രാജ്യത്ത് അഴിമതി തടയാൻ രൂപീകരിച്ച വിവരാവകാശ നിയമത്തെ ദുർബലപ്പെടുത്തുന്ന നിലപാടാണ് ഇതിലൂടെ സർക്കാർ സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തന്നെയെയും കേരള മുഖ്യമന്ത്രിയെയും ഒരു സ്റ്റിംഗ് ഓപ്പറേഷനിൽ കുടുക്കാൻ ശ്രമം നടന്നതായി കർണാടക മുഖ്യമന്ത്രി വെളിപ്പെടുത്തിയ വിഷയം ഗൗരവമുള്ളതാണെന്നും പി രാജീവ് കൂട്ടിച്ചേർത്തു. ഈ ശ്രമത്തിന് പിന്നിൽ ആരാണെന്നും ഇതിന്റെ പുറകിലെ യഥാർഥ ഉദ്ദേശം എന്താണെന്നും ജനങ്ങളോട് തുറന്നുപറയാൻ കേരള മുഖ്യമന്ത്രി തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കർണാടക മുഖ്യമന്ത്രിയുടെ പ്രതികരണം കേരളത്തെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. ഒരു മുഖ്യമന്ത്രിയെ സ്റ്റിങ് ഓപ്പറേഷനിൽ കുടുക്കാൻ ശ്രമിച്ചു എന്ന് മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രി ആധികാരികമായി പറയുന്നു. കേരളത്തെ അപകടത്തിൽ ആക്കുന്ന ശക്തികളാണോ ഇതിനു പിന്നിൽ ? ഈ ശ്രമം ആര് നടത്തി എന്നും എന്താണ് ഇതിനു പിന്നിലെ ലക്ഷ്യമെന്നും വി ഡി സതീശൻ സമൂഹത്തിനു മുന്നിൽ വ്യക്തമാക്കണം. മറ്റു കാര്യങ്ങൾ മറച്ചു വെച്ചതു പോലെയല്ല ഇത്. ഇതെല്ലാം ചേർത്തു വായിക്കേണ്ടതാണ്, പി രാജവ് വ്യക്തമാക്കി.

