‘പെൻഷൻ മാത്രമാണ് ഞങ്ങളുടെ ഏക വരുമാനം, വാടക നൽകിയില്ലെങ്കിൽ പ്രതിസന്ധിലാവും’; വൈറ്റിലയിലെ ആർമി ഫ്ലാറ്റിൽ നിന്ന് പടിയിറങ്ങിയിട്ടും നീതി ലഭിക്കാതെ 208 സൈനിക കുടുംബങ്ങൾ

വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (AWHO) നിർമ്മിച്ച ചന്ദേർകുഞ്ജ് അപ്പാർട്ട്‌മെന്റ് സമുച്ചയം ഇന്ന് കേരളത്തിലെ വലിയൊരു അഴിമതിയുടെയും സൈനിക കുടുംബങ്ങളുടെ കണ്ണീരിന്റെയും സ്മാരകമായി മാറിയിരിക്കുകയാണ്. വർഷങ്ങളോളം രാജ്യസേവനം അനുഷ്ഠിച്ച ശേഷം ശിഷ്ടകാലം സമാധാനത്തോടെ കഴിയാൻ ഒരു കോടിയോളം രൂപ മുടക്കി ഫ്ലാറ്റ് വാങ്ങിയ 200ലധികം കുടുംബങ്ങളാണ് ഇന്ന് പെരുവഴിയിലായിരിക്കുന്നത്. വാടകയും ഷിഫ്റ്റിംഗ് ചാർജും നൽകുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് AWHO മാനേജിംഗ് ഡയറക്ടർക്കെതിരെ റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ (RWA) ഹൈക്കോടതിയിൽ കോടതി അലക്ഷ്യത്തിന് കേസ് ഫയൽ ചെയ്തതോടെ ഈ തർക്കം പുതിയൊരു നിയമപോരാട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ഫ്ലാറ്റുകൾ ഒഴിഞ്ഞുപോയ കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 2026 മാർച്ച് മുതലുള്ള വാടകയും ഷിഫ്റ്റിംഗ് ചാർജും ലഭിക്കാത്തതാണ് നിലവിലെ അടിയന്തര പ്രശ്നം. ആറുമാസത്തെ വാടക നൽകണമെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് AWHO-യുടെ ഈ മെല്ലെപ്പോക്ക്.
വാടക നൽകാതെ എ ഡബ്ല്യൂ എച്ച് ഒ
റിട്ടയേർഡ് ആർമി നഴ്സായ ലിസി ചെറിയാന്റെ വാക്കുകൾ ഈ ദുരവസ്ഥയുടെ ആഴം വ്യക്തമാക്കുന്നു “ഫെബ്രുവരി വരെ റെന്റ് കിട്ടി, അതിനുശേഷം കിട്ടിയിട്ടില്ല. രണ്ടാം ഗഡു തരാം എന്നായിരുന്നു പറഞ്ഞിരുന്നത്. അത് കോടതിയുടെ ഉത്തരവാണ്. ഇപ്പോൾ ഞാൻ താമസിക്കുന്ന ബിൽഡിംഗിൽ 41,500 രൂപയാണ് പ്രതിമാസ വാടക. 35,000 രൂപ AWHO തരുമെന്ന് കരുതിയാണ് അവിടേക്ക് മാറിയത്. എന്നാൽ ഇപ്പോൾ കയ്യിൽ നിന്ന് പണമെടുത്ത് വാടക നൽകേണ്ട അവസ്ഥയാണ്. ഞങ്ങൾ റിട്ടയേർഡ് ആയവർക്ക് ഇത് വലിയ സാമ്പത്തിക ഭാരമാണ്.”
ക്യാപ്റ്റൻ പോൾ എരിഞ്ചേരിയുടെ പ്രതികരണവും സമാനമാണ്. “വാടക നൽകി കഴിഞ്ഞാൽ അരി വാങ്ങാൻ പൈസ ഇല്ലാതെയാവും. പെൻഷൻ മാത്രമാണ് ഞങ്ങൾക്ക് ആകെയുള്ള വരുമാനം. പലരും ലോൺ എടുത്താണ് ഫ്ലാറ്റ് വാങ്ങിയത്. അതിന്റെ തിരിച്ചടവും മുടങ്ങുന്ന അവസ്ഥയിലാണ്. സുപ്രീം കോടതിയിലെ ഹിയറിംഗിന് പോലും ഒരു ലക്ഷം രൂപയിൽ കൂടുതൽ നൽകണം. ഈ പൈസ ഞങ്ങളുടെ സ്വന്തം സമ്പാദ്യമാണ്, അസോസിയേഷന്റെ പണമല്ല,” അദ്ദേഹം തന്റെ ആശങ്ക വ്യക്തമാക്കി.
കമ്മ്യൂണിറ്റി ലിവിംഗ് എന്ന സ്വപ്നം
സൈനിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷം ഒരു കമ്മ്യൂണിറ്റി ലിവിംഗ് എന്ന സ്വപ്നവുമായാണ് 208 കുടുംബങ്ങൾ ചന്ദേർകുഞ്ജ് ഫ്ലാറ്റിനായി അപേക്ഷിച്ചത്. 2010-ൽ അനുമതി ലഭിച്ച കെട്ടിടത്തിന്റെ നിർമ്മാണം 2013-ൽ ആരംഭിച്ചു. ശിൽപ്പ പ്രോജക്ട്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കരാറുകാരായും അജിത് അസോസിയേറ്റ്സ് ആർക്കിടെക്റ്റുകളായും പ്രവർത്തിച്ചു. 2013 മുതൽ 2018 വരെയുള്ള കാലയളവിൽ ഓരോ കുടുംബവും 95 ലക്ഷം രൂപയോളം ഈ ഫ്ലാറ്റുകൾക്കായി നൽകി. 2018-ലാണ് ഉടമസ്ഥതാവകാശം കൈമാറിയത്.
എന്നാൽ, താമസം തുടങ്ങി മാസങ്ങൾക്കുള്ളിൽ തന്നെ കെട്ടിടത്തിന്റെ ബലക്ഷയം സംഭവിച്ചതായി ഇവർ തിരിച്ചറിഞ്ഞു. ടൈലുകൾ പൊങ്ങുന്നതും, ഭിത്തികളിൽ വിള്ളൽ വീഴുന്നതും, കോൺക്രീറ്റ് അടർന്നു വീഴുന്നതും പതിവായി. ബാൽക്കണിയിലെ ഹാൻഡിലുകൾ വരെ ഒടിഞ്ഞു തൂങ്ങി. മഴയത്ത് ഭിത്തിയിലൂടെ വെള്ളം കുത്തിയൊലിച്ച് അപ്പാർട്ട്മെന്റിനകത്ത് മുട്ടിനു താഴെ വരെ വെള്ളം കെട്ടിക്കിടന്ന ഭീകരമായ അനുഭവങ്ങൾ താമസക്കാർക്കുണ്ട്.
സിബി ജോർജിന്റെ പോരാട്ടം
ഈ അവസ്ഥ കാണിച്ച് റിട്ടയേർഡ് ആർമി ഓഫീസർ സിബി ജോർജ് 2018-ൽ നടത്തിയ പോരാട്ടമാണ് സത്യം പുറത്തുകൊണ്ടുവന്നത്. കെട്ടിട നിർമ്മാണത്തിനായി ഉപയോഗിച്ച സാധനസാമഗ്രികൾ നിലവാരമില്ലാത്തതായിരുന്നു എന്നതാണ് പ്രധാന കണ്ടെത്തൽ.
നിർമ്മാണത്തിനായി ഉപയോഗിച്ച വെള്ളത്തിലും മണലിലും ഉപ്പിന്റെ അംശം (ക്ലോറിൻ) കൂടുതലായിരുന്നു. ഇത് കോൺക്രീറ്റിനുള്ളിലെ ഇരുമ്പ് കമ്പികൾ അതിവേഗം തുരുമ്പിക്കാൻ കാരണമായി. കമ്പി തുരുമ്പിക്കുമ്പോൾ അവ വികസിക്കുകയും ചുറ്റുമുള്ള കോൺക്രീറ്റ് പൊട്ടിച്ച് പുറത്തേക്ക് തള്ളുകയും ചെയ്യുന്നു. ഇതാണ് ഇന്ന് ചന്ദേർകുഞ്ജിലെ മൂന്ന് ബ്ലോക്കുകളിലേയും ശോചനീയവസ്ഥക്ക് കാരണം. AWHO ആദ്യം നടത്തിയ പരിശോധനകളിൽ ഈ പ്രശ്നങ്ങൾ ഒളിച്ചുവെക്കാൻ ശ്രമിച്ചെങ്കിലും, താമസക്കാർ സ്വന്തം ചിലവിൽ നടത്തിയ ശാസ്ത്രീയ പരിശോധനയിൽ ബലക്ഷയം സ്ഥിരീകരിക്കപ്പെട്ടു. ഇതേത്തുടർന്ന് കളക്ടർ ഇടപെടുകയും മരട് മാതൃകയിൽ ഫ്ലാറ്റുകൾ ഒഴിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
ഇന്ത്യൻ ആർമിയോടും എഡബ്ല്യുഎച്ച്ഒയോടും പുലർത്തിയിരുന്ന വിശ്വാസമാണ് ഇവിടെ ഇല്ലാതായതെന്ന് ലിസി ചെറിയാൻ പറയുന്നു. “ആദ്യം കളിപ്പിച്ച് ഇത്രയും മോശമായ ഒരു ബിൽഡിംഗ് ഉണ്ടാക്കി, അത് കഴിഞ്ഞിട്ട് അവർ പറയുന്ന ഓരോ കാര്യവും കള്ളത്തരങ്ങളാണ്. ബൈബാക്ക് പോളിസി എന്ന പേരിൽ കുറഞ്ഞ തുക നൽകി ഫ്ലാറ്റ് തിരിച്ചെടുക്കാൻ അവർ ശ്രമിക്കുന്നു. 2013-ൽ നൽകിയ പൈസ വെച്ച് നോക്കുമ്പോൾ 80 ലക്ഷം വാഗ്ദാനം ചെയ്യുന്നത് വലിയ ചതിയാണ്. ഞങ്ങളുടെ ജീവിതം മുഴുവൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണമാണിത്.”
അസോസിയേഷന്റെ (RWA) പ്രവർത്തനങ്ങളിലും താമസക്കാർക്ക് അതൃപ്തിയുണ്ട്. സുതാര്യതയില്ലായ്മയും എഡബ്ല്യുഎച്ച്ഒയോടുള്ള വിധേയത്വവുമാണ് ഇവർ ആരോപിക്കുന്നത്. ഷിഫ്റ്റിംഗ് ചാർജ് നൽകണമെന്ന കളക്ടറുടെ ഉത്തരവ് പോലും അസോസിയേഷൻ നിഷേധിക്കുകയാണെന്ന് ക്യാപ്റ്റൻ പോൾ എരിഞ്ചേരി ചൂണ്ടിക്കാട്ടുന്നു. 208 കുടുംബങ്ങളിൽ 48 പേർക്ക് ഇനിയും വാടക കുടിശ്ശിക ലഭിക്കാനുണ്ട്.
സിൽവർ സാൻഡ് ഐലന്റിലെ ആർമി ഫ്ലാറ്റ്
തൃപ്പൂണിത്തുറ-വൈറ്റില റോഡിലൂടെ പോയാൽ കാണുന്ന ആകാശം മുട്ടി നിൽക്കുന്ന ആ ഇരട്ട ഫ്ലാറ്റുകൾ ഇന്ന് ശൂന്യമാണ്. പേട്ട മെട്രോ സ്റ്റേഷനിൽ നിന്ന് കായലിന് കുറുകെയുള്ള പാലം കടന്ന് വേണം സിൽവർ സാൻഡ് ഐലൻഡിലെത്താൻ. ചതുപ്പ് നിലമായിരുന്ന ഇവിടെ പണിതുയർത്തിയ അപ്പാർട്ട്മെന്റുകൾ ഇന്ന് പ്രേതാലയങ്ങൾക്ക് സമാനമാണ്.
സി ബ്ലോക്കിലേക്ക് കടന്നാൽ ഇളകി കിടക്കുന്ന ടൈലുകളും വലിയ വിള്ളലുകളും കാണാം. മെട്രോ പോകുന്ന ശബ്ദത്തിൽ കെട്ടിടം വിറയ്ക്കുന്നതായി തോന്നും. “നിങ്ങളുടെ സ്വന്തം റിസ്കിൽ പ്രവേശിക്കുക” എന്ന അസോസിയേഷന്റെ ബോർഡുകൾ അവിടെയുണ്ട്. ഏകദേശം 250 കോടി രൂപയുടെ നഷ്ടമാണ് എഡബ്ല്യുഎച്ച്ഒ വരുത്തിവെച്ചിരിക്കുന്നത്. 2022-ൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയാണ്.
അഞ്ച് വർഷം കൊണ്ട് പുതിയ കെട്ടിടം നിർമ്മിച്ചു നൽകാം എന്നാണ് എഡബ്ല്യുഎച്ച്ഒ പറയുന്നത്. എന്നാൽ ഇപ്പോൾ 70-ഉം 80-ഉം വയസ്സായ പല താമസക്കാരും അന്ന് ജീവനോടെ ഉണ്ടാകുമോ എന്ന ആശങ്കയിലാണ്. പ്രായമായ ശരീരവും മനസും ഒരുപോലെ തളർന്നിരിക്കുന്നു. രാജ്യത്തിന് വേണ്ടി പോരാടിയവർക്ക് സ്വന്തം നാട്ടിൽ നീതിക്ക് വേണ്ടി തെരുവിലിറങ്ങേണ്ടി വരുന്നത് ഒരു ജനതയുടെയാകെ തോൽവിയാണ്.
നീതി ലഭിക്കുമോ ?
ചന്ദേർകുഞ്ജിലെ ഓരോ വിള്ളലിലും ഒരു സൈനികന്റെ കണ്ണീരുണ്ട്. നിയമ പോരാട്ടങ്ങൾ തുടരുമ്പോഴും, തങ്ങളുടെ സമ്പാദ്യവും സമാധാനവും നഷ്ടപ്പെട്ട ഈ കുടുംബങ്ങൾക്ക് എന്നാണ് നീതി ലഭിക്കുക എന്നത് ഇപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുന്നു. കളക്ടറുടെ കമ്മിറ്റി എഡബ്ല്യുഎച്ച്ഒയ്ക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കാത്തതും അന്വേഷണങ്ങളിലെ കാലതാമസവും അഴിമതിക്കാരെ സഹായിക്കുക മാത്രമാണ് ചെയ്യുന്നത്. അവസാനം ലിസി ചെറിയാൻ ചോദിക്കുന്ന ചോദ്യം പ്രസക്തമാണ് “എന്തുകൊണ്ട് ഒരു സിബിഐ അന്വേഷണത്തിന് ഉത്തരവിടുന്നില്ല?”
ആർമിയുടെ പൂർണ്ണമായ നിയന്ത്രണത്തിലുള്ള ഒരു സൊസൈറ്റിയാണ് ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എഡബ്ല്യൂഎച്ച്ഒ). നിലവിൽ സർവ്വീസിലിരിക്കുന്നതും വിരമിച്ചതുമായ സൈനികരാണ് എഡബ്ല്യൂഎച്ച്ഒ ഭരിക്കുന്നത്. നിയമാനുസൃത അംഗീകാരമുള്ള സംഘടന കൂടിയാണിത്.
വിരമിച്ച സൈനികർക്ക് കമ്മ്യൂണിറ്റി ലിവിങ് എന്ന ആശയം മുൻനിർത്തിയാണ് എറണാകുളത്ത് ചന്ദേർകുഞ്ജ് ആർമി ഫ്ലാറ്റ് പണി കഴിപ്പിക്കുന്നത്. കെട്ടിടങ്ങളുടെ നിർമ്മാണത്തിന് 2010ലാണ് അനുമതി ലഭിക്കുന്നത്. 2013ൽ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 2018ൽ ഫ്ലാറ്റിന്റെ ഉടമസ്ഥത കൈമാറ്റം ചെയ്യുകയും ചെയ്തു

