September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 12, 2026

കുതിച്ച്‌ ഉയര്‍ന്ന്‌ പൈനാപ്പിള്‍ വില

SHARE

പൈനാപ്പിള്‍ വില റെക്കോഡിലേക്ക്. കഴിഞ്ഞ പത്തുവർഷത്തിനിടെ ആദ്യമായാണ് മഴക്കാലത്തോടനുബന്ധിച്ച്‌ വില 55ലെത്തുന്നത്. ഇതിന് മുമ്പ് 2022ല്‍ കടുത്ത വേനലില്‍വില 60 രൂപയില്‍ എത്തിയിരുന്നത് ഒഴിച്ചാല്‍ ഇത്രയും വില ഉയരുന്നത് ആദ്യമായാണ്. 2015ല്‍ 15 രൂപയായിരുന്നു വില. 2016ല്‍ ഇത് 45 രൂപയായി ഉയർന്നെങ്കിലും പിന്നീട് 2022 ല്‍ 60 എത്തി. 2023 ല്‍ 38 രൂപയായി. ഈ വർഷം 55ല്‍ എത്തി. പുറത്ത് വില്‍പന നടത്തുന്നത് 70 രൂപമുതല്‍ 80 രൂപ വരേക്കാണ്. വർഷകാലത്ത് വില ഉയർന്നത് കർഷകർക്ക് ആശ്വാസമായിരിക്കുകയാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കടക്കം വൻതോതില്‍ ചരക്കിന് ആവശ്യമുയർന്നതാണ് വില വർധനക്ക് കാരണം. ഇതിനുപുറമെ കാലാവസ്ഥ വ്യതിയാനം മൂലം ഫംഗസ് ബാധ വന്നതോടെ ഉല്‍പാദനം കുറഞ്ഞതും വിലവർധനക്ക് കാരണമായിട്ടുണ്ട്. ഓരോ തോട്ടത്തിലും 10 ശതമാനം മുതല്‍ 15 ശതമാനം വരെ പൈനാപ്പിള്‍ രോഗം ബാധിച്ച്‌ നശിച്ചു. വിളവെടുക്കാറായ തോട്ടത്തില്‍ സാധാരണ നിലയില്‍ ഫംഗസ് ബാധ ഉണ്ടാകാറില്ല. എന്നാല്‍, ഇക്കൊല്ലം വലിയ തോതില്‍ ഫംഗസ് ബാധ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ വാഴക്കുളം മാർക്കറ്റില്‍ നിന്ന് നിരവധി ലോഡ് ഉല്‍പന്നമാണ് ഇതരസംസ്ഥാനങ്ങളിലേക്ക് കയറിപ്പോയത്. ഡല്‍ഹി, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും ദിനേന പൈനാപ്പിള്‍ കയറി പോകുന്നുണ്ട്.