ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ പൊലീസ്.

പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ് സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തി പൊലീസ്.ആക്രമണ ദൃശ്യങ്ങളും പ്രതികളുടെ യഥാര്‍ഥ ഫോട്ടോയും താരതമ്യപ്പെടുത്തി ,രണ്ടും ഒരാള്‍ തന്നെയെന്ന് ഉറപ്പിക്കാനാണിത്. വീഡിയോ ദൃശ്യങ്ങള്‍ ആര്‍ട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് നിര്‍മിച്ചവയെന്ന ആരോപണം ഉയര്‍ന്ന് വരാനുള്ള സാധ്യത കൂടി മുന്നിൽ കണ്ടാണ് പൊലീസിന്‍റെ നീക്കം.
ഇ ഡി ആക്രമണക്കേസിൽ പൊലീസിന്‍റെ കൈവശമുള്ള പ്രധാന തെളിവ് ഈ ദൃശ്യങ്ങള് തന്നെയാണ്. അറസ്റ്റിലായ 26 പ്രതികളേയും പൊലീസ് തിരിച്ചറിഞ്ഞത് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ്. എന്നാൽ ഇതിനപ്പുറം സംഭവസ്ഥലത്ത് പ്രതികളുടെ സാന്നിദ്ധ്യം ശാസ്ത്രീയമായി തെളിയിക്കുകയും വേണം. ആര്‍ട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ചുള്ള ദൃശ്യങ്ങൾ ആണെന്നും ഇതിന്‍റെ അടിസ്ഥാനത്തിലുള്ള അറസ്റ്റെന്നും വിചാരണ വേളയില്‍ ആരോപണങ്ങളും ഉയരാം. ഇതെല്ലാം കണക്കിലെടുത്താണ് സൈബര്‍ ഫോറൻസിക് പരിശോധനയിലൂടെ ഇമേജ് മാച്ചിംഗ് നടത്താൻ പൊലീസ് തീരുമാനിച്ചത്.

