September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 7, 2026

സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധം; കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു

SHARE

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. സീറ്റ് കിട്ടാത്തതില്‍ പ്രതിഷേധിച്ച് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ രാജിവെച്ചു. ഇടുക്കി, പൂഞ്ഞാര്‍ സീറ്റുകളിലേക്കാണ് അലോഷ്യസിനെ പരിഗണിച്ചിരുന്നത്.കെഎസ്‌യുവിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കാലയളവില്‍, പാര്‍ട്ടിയുടെ മൂല്യങ്ങള്‍ക്കും, ജനാധിപത്യത്തിനും, മതനിരപേക്ഷതയ്ക്കും വേണ്ടി അനവധി സമരങ്ങള്‍ നയിക്കാന്‍ തനിക്ക് അവസരം ലഭിച്ചുവെന്നും കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി സംസ്ഥാനത്ത് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തെരുവുകളില്‍ പോരാടിയെന്നും അലോഷ്യസ് സേവ്യര്‍ പ്രസ്താവനയില്‍ അറിയിച്ചു. പൊലീസ് അതിക്രമങ്ങള്‍ നേരിട്ട്, ജയിലുകളില്‍ കിടന്നത് കെഎസ്‌യു പ്രവര്‍ത്തകരാണ്. എന്നാല്‍, ഈ സമരങ്ങളുടെ ആത്മാവും ത്യാഗവും പരിഗണിക്കാതെ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കെഎസ്‌യുവിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാതിരുന്നതില്‍ ഞാന്‍ അതീവ നിരാശയും പ്രതിഷേധവും രേഖപ്പെടുത്തുന്നു – അദ്ദേഹം വ്യക്തമാക്കി.

യുവജനങ്ങളുടെ രാഷ്ട്രീയ പങ്കാളിത്തം ഉറപ്പാക്കേണ്ട ഈ ഘട്ടത്തില്‍, അവരുടെ സ്വരവും ത്യാഗവും അവഗണിക്കപ്പെട്ടത് സംഘടനയുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്ന കാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കെഎസ്‌യു പ്രവര്‍ത്തകരുടെ രക്തവും വിയര്‍പ്പും ചേര്‍ന്ന പോരാട്ടങ്ങളുടെ ഫലമായി വളര്‍ന്ന ഈ പ്രസ്ഥാനത്തിന് നീതിയുള്ള പരിഗണന ലഭിക്കാത്ത സാഹചര്യത്തില്‍, സംഘടനയുടെ ആത്മാഭിമാനം കാത്തുസൂക്ഷിക്കുന്നതിനായി ഞാന്‍ എന്റെ സ്ഥാനത്ത് തുടരുന്നത് യുക്തിസഹമല്ലെന്ന് വിശ്വസിക്കുന്നു.അതുകൊണ്ട്, കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ സ്ഥാനത്ത് നിന്ന് ഞാന്‍ രാജിവെക്കുന്നതായി അറിയിക്കുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍ ഈ വിഷയത്തിന്റെ ഗൗരവം എത്തിക്കുകയും, ഭാവിയില്‍ യുവജനങ്ങള്‍ക്കും കെഎസ്‌യു പ്രവര്‍ത്തകര്‍ക്കും യഥാര്‍ത്ഥ അംഗീകാരം ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയും രേഖപ്പെടുത്തുന്നു. വരാനിരിക്കുന്ന തലമുറയിലെ കെഎസ്‌യു പ്രവര്‍ത്തകരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിനു വേണ്ടി എന്റെ രാജി സമര്‍പ്പിക്കുന്നു – അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി.

വരാന്‍ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ കെഎസ്‌യു പ്രവര്‍ത്തകരും തങ്ങളുടെ നിയോജകമണ്ഡലത്തില്‍ സജീവമായി പ്രവര്‍ത്തനം നടത്തി ഈ മുന്നണിയെ അധികാരത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.