പഞ്ചവാദ്യസംഘം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

പയ്യന്നൂർ: പഞ്ചവാദ്യസംഘം പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പയ്യന്നൂർ പഞ്ചവാദ്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ തനത് കലാരംഗത്തെ മികവിന് നൽകി വരുന്ന കലാശ്രീ, താളശ്രീ പുരസ്കാരങ്ങളാണ് പ്രഖ്യാപിച്ചത്. ചിറക്കൽ ശ്രീധര മാരാരുടെ സ്മരണക്കായി ഏർപ്പെടുത്തിയ കലാശ്രീ പുരസ്കാരം കലാമണ്ഡലം ബലരാമ ആശാനും, കലാചാര്യ കടന്നപ്പള്ളി ബാലകൃഷ്ണമാരാരുടെ സ്‌മരണാർത്ഥം നൽകിവരുന്ന താളശ്രീ പുരസ്കാരം മട്ടന്നൂർ അജിത്ത് മാരാർക്കും സമർപ്പിക്കും. വാദ്യകലാരംഗത്തെ സംഭാവനകളെ ആദരിക്കുകയും പാരമ്പര്യ കലകളുടെ മഹത്വം സമൂഹത്തിന് മുൻപിൽ ഉയർത്തി കാട്ടുകയും ചെയ്യുക എന്നുള്ളതാണ് പുരസ്‌കാര സമർപ്പണത്തിൻ്റെ ലക്ഷ്യമെന്ന് സംഘാടകരായ പി യു രാജൻ, തൃക്കരിപ്പൂർ രാമകൃഷ്ണ മാരാർ, ഭാഗ്യേഷ് മാരാർ, മദനൻ മാരാർ എന്നിവർ അറിയിച്ചു.

