ഭൂമിയിലെ ഏറ്റവും കരുത്തനായ കൊടുങ്കാറ്റ് ; മണിക്കൂറിൽ 296 കിലോമീറ്റർ വേഗതയിൽ സൂപ്പർ ടൈഫൂൺ ചാമ്പി

മണിക്കൂറിൽ 296 കിലോമീറ്റർ വേഗതയിൽ ശക്തിപ്രാപിച്ച സൂപ്പർ ടൈഫൂൺ ചാമ്പി (Super Typhoon Champi) കൊടുങ്കാറ്റ് 2026 ലെ ലോകത്തിലെ ഏറ്റവും ശക്തമായ കാറ്റാണെന്ന് ദി വെതർ നെറ്റ്വർക്ക് റിപ്പോർട്ട് ചെയ്യുന്നു. അറ്റ്ലാന്റിക് മേഖലയിലെ കാറ്റഗറി 5 ചുഴലിക്കാറ്റിന് തുല്യമായ ശക്തിയാണ് ചാമ്പിക്കുള്ളത്. ഫിലിപ്പൈൻസിൽ ‘റോസൽ’ (Rosal) എന്ന പ്രാദേശിക പേരിലും ഈ കാറ്റ് അറിയപ്പെടുന്നു. പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലാണ് ചാമ്പി രൂപം കൊണ്ടത്. പസഫിക് ദ്വീപായ ഗുവാമിന് സമീപത്തുകൂടി കടന്നുപോകുന്നതിനിടെ അതിശക്തമായ കൊടുങ്കാറ്റായി മാറുകയായിരുന്നു. ഇവിടെ വീടുകൾക്കും മരങ്ങൾക്കും കടുത്ത നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഫിലിപ്പൈൻ കടലിലൂടെ വടക്ക്-പടിഞ്ഞാറ് ദിശയിലാണ് ചാമ്പി സഞ്ചരിക്കുന്നത്. പടിഞ്ഞാറൻ ദിശയിൽ തായ്വാനിലെ തായ്പേയിലേക്ക് നീങ്ങുകയും തുടർന്ന് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് തിരിയുകയും ചെയ്യുമെന്നാണ് പ്രവചനം. വ്യാഴം, വെള്ളി ദിവസങ്ങളോടെ ചാമ്പിയുടെ ശക്തി കാറ്റഗറി 4 അല്ലെങ്കിൽ കാറ്റഗറി 3 നിലവാരത്തിലേക്ക് കുറയാനിടയുണ്ടെന്നും റിപ്പോർട്ട് ചെയ്യുന്നു. ചാമ്പിയുടെ പ്രതിഫലനത്തിന്റെ ഭാഗമായി കാനഡയിലെ ഒന്റാറിയോ, ക്യൂബെക് പ്രവിശ്യകളിൽ ഒക്ടോബർ അവസാനത്തിലും നവംബർ ആദ്യത്തിലും കാലാവസ്ഥയിൽ മാറ്റങ്ങൾ അനുഭവപ്പെടാനിടയുണ്ടെന്നും കാലാവസ്ഥ കൂടുതൽ അസ്ഥിരമാകാമെന്നും പ്രവചനമുണ്ട്. ഈ വർഷം കാറ്റഗറി 5 നിലവാരത്തിലെത്തുന്ന ലോകത്തിലെ ഏഴാമത്തെ കൊടുങ്കാറ്റാണിത്. സാധാരണയിൽ നിന്നും വ്യത്യസ്തമായി പടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ ജലോപരിതല താപനില ഏകദേശം 30 ഡിഗ്രി സെൽഷ്യസിൽ എത്തിയിരിക്കുകയായിരുന്നു. ഇതാണ് ചുഴലിക്കാറ്റിന് ശക്തിപകർന്നതെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ. ഇതിന് മുമ്പ് 2026ലെ ഏറ്റവും ശക്തമായ ഉഷ്ണമേഖലാ ചുഴലിക്കാറ്റെന്ന നേട്ടം ഹരിക്കെയ്ൻ പോളോയ്ക്കായിരുന്നു. മണിക്കൂറിൽ 285 കിലോമീറ്റർ ആയിരുന്നു പോളോയുടെ പരമാവധി വേഗം.

