പാവപ്പെട്ടവർക്ക് നൽകുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ അരി സ്വകാര്യ ഡിസ്റ്റിലറികൾക്ക്; കേന്ദ്രത്തിന്റെ എഥനോൾ നയത്തിൽ വൈരുദ്ധ്യം

രാജ്യത്തെ പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്.സി.ഐ) അരി എഥനോൾ ഉൽപ്പാദനത്തിനായി സ്വകാര്യ ഡിസ്റ്റിലറികൾക്ക് (മദ്യനിർമ്മാണ ശാലകൾക്ക്) നൽകിവരുന്നതായി കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എം.പി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയിലാണ് കേന്ദ്രത്തിന്റെ ബയോഫ്യൂവൽ നയത്തിലെ ഗുരുതരമായ വൈരുദ്ധ്യം പുറത്തുവന്നത്.
2024–25 കാലയളവിൽ മാത്രം 31.83 ലക്ഷം മെട്രിക് ടൺ എഫ്.സി.ഐ അരിയാണ് എഥനോൾ നിർമ്മാണത്തിനായി ഇത്തരത്തിൽ വകമാറ്റിയത്. കണക്കുകൾ പ്രകാരം, 2022–23ൽ കിലോയ്ക്ക് 20 രൂപ നിരക്കിലും (ക്വിന്റലിന് 2000 രൂപ), 2024–25ൽ 22.50 രൂപ നിരക്കിലുമാണ് (ക്വിന്റലിന് 2250 രൂപ) എഫ്.സി.ഐ സ്വകാര്യ കമ്പനികൾക്ക് അരി നൽകിയത്. 2025–26ലേക്ക് ഇത് 23.20 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.എന്നാൽ ഈ നിരക്കുകൾ കർഷകർക്ക് ലഭിക്കുന്ന താങ്ങുവിലയേക്കാളും (MSP) കുറവാണെന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 2022-23ൽ നെല്ലിന്റെ താങ്ങുവില 20.40 രൂപയും, 2024-25ൽ അത് 23.00 രൂപയുമാണ്. അതായത്, കർഷകന് നൽകുന്ന വിലയേക്കാൾ കുറഞ്ഞ നിരക്കിൽ, സംസ്കരിച്ച അരി കേന്ദ്രം കോർപ്പറേറ്റ് കമ്പനികൾക്ക് നൽകുകയാണ് ചെയ്തുവരുന്നത്.
സംസ്ഥാന സർക്കാരുകൾ ഓപ്പൺ മാർക്കറ്റ് സെയിൽ സ്കീം വഴി എഫ്.സി.ഐയിൽ നിന്ന് അരി സംഭരിക്കുമ്പോൾ ഉയർന്ന വില നൽകേണ്ടി വരുന്നു. ഇതിനൊപ്പം ചരക്കുനീക്കം, കൈകാര്യം ചെയ്യൽ, വിതരണം എന്നിവയുടെ ചിലവുകൾ കൂടി ചേരുമ്പോൾ സാധാരണ ജനങ്ങൾക്ക് ഏകദേശം 25 രൂപയ്ക്കോ അതിനു മുകളിലോ ആണ് അരി ലഭിക്കുന്നത്. പാവപ്പെട്ടവർ സബ്സിഡി നിരക്കിൽ പോലും അരിക്ക് 25 രൂപയോളം മുടക്കുമ്പോൾ, ഹരിത ഇന്ധനത്തിന്റെ പേരിൽ കോർപ്പറേറ്റുകൾക്ക് 20-22 രൂപ നിരക്കിൽ അരി ലഭ്യമാക്കുന്നതിലെ ഇരട്ടത്താപ്പാണ് ഡോ. ജോൺ ബ്രിട്ടാസ് എം.പി ചൂണ്ടിക്കാട്ടിയത്.പെട്രോളിൽ എഥനോൾ സാന്നിധ്യം ഉള്ളതുകൊണ്ട് വാഹനങ്ങളുടെ ഇന്ധനക്കുഴലുകൾ പ്രാണികൾ തുളയ്ക്കുന്നതായുള്ള പരാതികളെക്കുറിച്ചും ചോദ്യം ഉയർന്നിരുന്നു. എന്നാൽ അത്തരം സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന മറുപടിയാണ് സർക്കാർ നൽകിയത്.


