November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 6, 2026

ശബരിമല തീര്‍ത്ഥാടനം: ശുചിത്വത്തിനും സുരക്ഷയ്ക്കും സേവനമികവിനും പ്രത്യേക ഊന്നല്‍ നല്‍കണം: റവന്യൂ മന്ത്രി

SHARE

ശബരിമല തീര്‍ത്ഥാടനത്തിനെത്തുന്ന ഭക്തര്‍ക്ക് സുരക്ഷിതവും സുഗമവുമായ യാത്രയ്‌ക്കൊപ്പം മികച്ച സേവനാനുഭവവും ഉറപ്പാക്കാന്‍ എല്ലാ വകുപ്പുകളും ഏകോപനത്തോടെയും ഉത്തരവാദിത്വബോധത്തോടെയും പ്രവര്‍ത്തിക്കണമെന്ന് റവന്യൂ മന്ത്രി എ പി അനില്‍കുമാര്‍ നിര്‍ദേശിച്ചു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നടന്ന റവന്യൂ വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോരായ്മകള്‍ സംഭവിച്ചശേഷം പരിഹരിക്കുന്നതിനുപകരം അവ മുന്‍കൂട്ടി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് അവലോകന യോഗങ്ങളുടെ ലക്ഷ്യം. രാജ്യത്തിന്റെ ശ്രദ്ധയാകര്‍ഷിക്കുന്ന പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ ഒരു തരത്തിലുള്ള വീഴ്ചയും ഉണ്ടാകരുത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇടത്താവളത്തില്‍ നടന്ന യോഗത്തിലും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇതിനകം നടന്ന വിവിധ അവലോകന യോഗങ്ങളിലും ഒരുക്കങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്.

വിവിധ വകുപ്പുകള്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ യോഗത്തില്‍ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ ഫണ്ട് അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് വനം വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ചില സാങ്കേതിക തടസ്സങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ജില്ലാ കളക്ടറും എഡിഎമ്മും നിരവധി യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മികച്ച നേതൃത്വം നല്‍കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയ  മന്ത്രി അവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

ശുചിത്വത്തിന് പ്രത്യേക പരിഗണന

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഷയങ്ങളിലൊന്ന് പമ്പയിലെയും പരിസരപ്രദേശങ്ങളിലെയും ശുചിത്വമാണെന്ന് മന്ത്രി പറഞ്ഞു. പമ്പയില്‍ ആചാരത്തിന്റെ ഭാഗമെന്ന നിലയില്‍ വസ്ത്രങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കുന്ന പ്രവണത ഒഴിവാക്കാന്‍ വ്യാപകമായ ബോധവത്കരണ പ്രചാരണം നടത്തണം. ഇത് കേരളത്തിന്റെ ആചാരത്തിന്റെ ഭാഗമല്ലെന്ന സന്ദേശം തീര്‍ത്ഥാടകരിലേക്ക് എത്തിക്കണം. വര്‍ഷങ്ങളായി തുടരുന്ന ശീലങ്ങള്‍ പെട്ടെന്ന് മാറ്റാന്‍ കഴിയില്ലെന്നതിനാല്‍ ഉപേക്ഷിക്കപ്പെടുന്ന വസ്ത്രങ്ങള്‍ സമയബന്ധിതമായി നീക്കം ചെയ്യുന്നതിനും പ്രത്യേക സംവിധാനം ഒരുക്കണം. ഈ വര്‍ഷം ശുചിത്വ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ നേട്ടം കൈവരിക്കാനാകണമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

നിലയ്ക്കലിലും വൈദ്യുത വാഹന ചാര്‍ജിങ് സൗകര്യം

വൈദ്യുത വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിലവിലുള്ള ചാര്‍ജിങ് സൗകര്യങ്ങള്‍ പര്യാപ്തമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പമ്പയിലെ ഒരു ചാര്‍ജിങ് കേന്ദ്രം മാത്രം മതിയാകില്ല. നിലയ്ക്കലിലും ചാര്‍ജിങ് കേന്ദ്രം സ്ഥാപിക്കണം. ഒരേസമയം നിരവധി വാഹനങ്ങള്‍ എത്തുമ്പോള്‍ ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാന്‍ കുറഞ്ഞത് രണ്ട് ചാര്‍ജിങ് കേന്ദ്രങ്ങളെങ്കിലും ഈ തീര്‍ത്ഥാടനകാലത്ത് സജ്ജമാക്കണം. ഭാവിയിലെ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

തീര്‍ത്ഥാടകര്‍ക്ക് ബഹുഭാഷാ അറിയിപ്പുകള്‍

കേരളത്തിന് പുറത്തുനിന്ന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങള്‍ അവരുടെ ഭാഷകളില്‍ ലഭ്യമാക്കണം. സന്നിധാനത്തും പമ്പയിലും തീര്‍ത്ഥാടകര്‍ കൂടുതലായി ഒത്തുകൂടുന്ന സ്ഥലങ്ങളിലും വിവിധ ഭാഷകളിലുള്ള അറിയിപ്പുകള്‍ നല്‍കാനുള്ള സംവിധാനം വിപുലീകരിക്കണം. മലയാളത്തിന് പുറമെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് മനസ്സിലാകുന്ന ഭാഷകളിലും അനൗണ്‍സ്‌മെന്റുകള്‍ ഉറപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതത്വവും സംതൃപ്തിയും ഉറപ്പാക്കണം

അപകടങ്ങളോ മറ്റ് അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാല്‍ ഒറ്റപ്പെട്ടുപോകുന്ന തീര്‍ത്ഥാടകര്‍ക്ക് സഹായം വേഗത്തില്‍ ലഭ്യമാക്കണം. പോലീസ് ഉള്‍പ്പെടെയുള്ള വകുപ്പുകളുടെ ഏകോപനത്തിലൂടെ അടിയന്തര സഹായ സംവിധാനങ്ങള്‍ കാര്യക്ഷമമാക്കണം. കുടിവെള്ളം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിലും തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുത്.

ദര്‍ശനത്തിലൂടെ ലഭിക്കുന്ന ആത്മീയ സംതൃപ്തിക്കൊപ്പം വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളിലൂടെയും സന്തോഷത്തോടെയും സുരക്ഷിതത്വബോധത്തോടെയും മടങ്ങാന്‍ ഓരോ തീര്‍ത്ഥാടകനും കഴിയണം. തീര്‍ത്ഥാടന കേന്ദ്രത്തിലെ സേവനമികവിന്റെ പ്രധാന അളവുകോല്‍ അതായിരിക്കണം. ഇതിനായി എല്ലാ വകുപ്പുകളും മത്സരബുദ്ധിയോടെ മികച്ച സേവനം ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക താല്‍പര്യത്തില്‍ തയ്യാറാക്കിയ ശബരി പോര്‍ട്ടലിന്റെ പ്രവര്‍ത്തനോദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട ദൈനംദിന വിവരങ്ങളും വിവിധ സേവനങ്ങളും തീര്‍ത്ഥാടകര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനാണ് പോര്‍ട്ടല്‍ സജ്ജമാക്കിയിട്ടുള്ളത്. ആവശ്യമായ വിവരങ്ങള്‍ യഥാസമയം പുതുക്കി പോര്‍ട്ടല്‍ കൂടുതല്‍ ജനോപകാരപ്രദമാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.

അടുത്ത തീര്‍ത്ഥാടനകാലത്തേക്കുള്ള മുന്നൊരുക്കങ്ങള്‍ നിലവിലെ തീര്‍ത്ഥാടനകാലം അവസാനിച്ച ഉടന്‍ ആരംഭിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശം നടപ്പാക്കണം. ഓരോ വര്‍ഷവും അനുഭവങ്ങളില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ മാത്രമേ മികച്ച ഫലം കൈവരിക്കാനാകൂ. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ കളക്ടര്‍മാരും ആലപ്പുഴ ജില്ലാ ഭരണകൂടവും തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ മികച്ച രീതിയില്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

തീര്‍ത്ഥാടനത്തിന് മുന്നോടിയായി വിവിധ വകുപ്പുകള്‍ നടത്തിയ തയ്യാറെടുപ്പുകളെ മന്ത്രി അഭിനന്ദിച്ചു.

പഴകുളം മധു എംഎല്‍എ, ജില്ലാ കളക്ടര്‍മാരായ എ നിസാമുദീന്‍ (പത്തനംതിട്ട), ഡോ. ദിനേശന്‍ ചെറുവത്ത് (ഇടുക്കി), ചേതന്‍ കുമാര്‍ മീണ (കോട്ടയം), ശബരിമല എ ഡി എം ദിലീപ് കെ കൈനിക്കര, പത്തനംതിട്ട എ ഡി എം ആര്‍ രാജലക്ഷ്മി, ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.