സിറിയയിൽ രക്ഷാപ്രവർത്തനം തുടരുന്നു, ഇന്ത്യ ഉൾപ്പടെയുള്ള വിവിധ രാജ്യങ്ങൾ സഹായവുമായെത്തി; സിറിയൻ അംബാസിഡർ ബാസിം അൽ ഖാത്തിബ്
1 min readഭൂകമ്പത്തിൽ തകർന്ന സിറിയയിൽ രക്ഷാ പ്രവർത്തനം തുടരുകയാണെന്നും ഇന്ത്യ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളുടെ സഹായം ലഭിക്കുന്നുണ്ടെന്നും സിറിയൻ അംബാസിഡർ ബാസിം അൽ ഖാത്തിബ് പറഞ്ഞു. ഭൂകമ്പത്തിൽ തകർന്ന സിറിയയുടെ അവസ്ഥയെപ്പറ്റി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ – സർക്കാരിതര സ്ഥാപനങ്ങൾ രക്ഷാ പ്രവർത്തനത്തിൽ സജീവമാണ്.
സിറിയൻ സർക്കാരിന്റെ പേരിൽ ജനതയ്ക്ക് വേണ്ടി സഹായം അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരുന്നുകൾ, ഭക്ഷ്യ വസ്തുക്കൾ, മെഡിക്കൽ ഉപകരണങ്ങൾ തുടങ്ങി എല്ലാ സഹായവും സ്വീകരിക്കും. സിറിയയിൽ വൈദ്യുതി ബന്ധം ഇനിയും പുനസ്ഥാപിച്ചിട്ടില്ല. കുടിവെള്ള വിതരണം താറുമാറായിരിക്കുകയാണ്. സിറിയൻ സർക്കാരിന് കഴിയുന്ന സഹായമെല്ലാം ദുരിധബാധിതർക്കായി ചെയ്യുന്നുണ്ട്. സിറിയൻ സർക്കാർ ജനങ്ങളെ എല്ലാ തരത്തിലും സഹായിക്കും.
വിമത വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലയിലെ ജനങ്ങളെയും സർക്കാർ സഹായിക്കും. എംബസിയിൽ എല്ലാ സഹായങ്ങളും സ്വീകരിക്കും വിദേശകാര്യ മന്ത്രാലയത്തോട് ആശയ വിനിമയം നടത്തുന്നുണ്ട്. അംബാസിഡറുടെ ഗ്രാമമായ ലതാക്കിയയും ഭൂകമ്പത്തിൽ തകർന്നിരിക്കുകയാണ്. ആയിരം പേർക്കാണ് ഇവിടെ മാത്രം ജീവൻ നഷ്ടമായത്.
ഭൂചലനം നാശം വിതച്ച തുർക്കിയിലും സിറിയയിലും കൊല്ലപ്പെട്ടവരുടെ എണ്ണം 24,000 പിന്നിട്ടുകഴിഞ്ഞു. തുർക്കിയിൽ മരണസംഖ്യ ഇരുപതിനായിരത്തിലധികവും സിറിയയിൽ നാലായിരത്തിലധികവും പിന്നിട്ടു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തനവും തുടരുന്നുണ്ട്. ഒരു ലക്ഷത്തിലധികം പേരാണ് രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നത്. അതിശൈത്യവും മഴയും മൂലം രക്ഷാപ്രവർത്തനം മന്ദഗതിയിലാണെന്നതും പ്രതിസന്ധിയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് നിലവിൽ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി തുടരുന്നത്.സിറിയയിലെ വിമത മേഖലകളിൽ സഹായം എത്തിച്ചുകൊണ്ടിരിക്കുകയാണ് ഐക്യരാഷ്ട്രസഭ. കൂടുതൽ സഹായം എത്തിക്കാൻ ലോകം കൈകോർക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭ്യർത്ഥിച്ചു. ദുരന്തത്തിൽ നിന്നും രക്ഷപെട്ടവർക്ക് പാർപ്പിടം, ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ പരമാവധി വേഗത്തിൽ ലഭ്യമാക്കണമെന്നും അല്ലാത്തപക്ഷം രണ്ടാമത്തെ മാനുഷിക ദുരന്തമായി തീരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.