സെക്രട്ടേറിയറ്റ് സമരം; എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസെടുത്ത് പൊലീസ്

SHARE

തിരുവനന്തപുരം: എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിനെതിരെ കേസെടുത്ത് പൊലീസ്. സെക്രട്ടറിയേറ്റ് മെയിന്‍ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസ്. തിരിച്ചറിഞ്ഞ 8 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്. സമരത്തിന് നേതൃത്വം നല്‍കിയ വളര്‍മതിയാണ് ഒന്നാം പ്രതി. സെക്രട്ടറിയേറ്റ് ഗേറ്റിന്റെ മുന്‍ഭാഗത്ത് മുദ്രാവാക്യങ്ങള്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയെന്നാണ് എഫ്‌ഐആറില്‍ ആരോപിക്കുന്നത്. വെള്ളിയാഴ്ച്ച രാവിലെ 11 മണിക്കും വൈകിട്ട് അഞ്ച് മണിക്കും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ വഴിതടഞ്ഞ് പ്രതിഷേധം നടത്തിയെന്നാണ് കേസ്. എന്നാല്‍ ഇന്നലെ പ്രതിഷേധങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് സമരസമിതി നേതാവ് വളര്‍മതി പ്രതികരിച്ചു. 35 പേരാണ് വെള്ളിയാഴ്ച്ച സമര പന്തലില്‍ ഉണ്ടായിരുന്നതെന്നും ദൂര സ്ഥലങ്ങളില്‍ നിന്ന് വന്ന് തിരിച്ചുപോവാനാവാത്ത കുറച്ച് പേര്‍ ഇവിടെ ബാക്കിയുണ്ടായിരുന്നുവെന്നും അവരെയാണ് എഫ്‌ഐആറില്‍ പ്രതിചേര്‍ത്തതെന്നും അവർ വ്യക്തമാക്കി അസാധാരണ നടപടിയാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്നും സമരം അടിച്ചമര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും വളര്‍മതി ആരോപിച്ചു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയത്. എല്‍പിഎസ്ടി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുക, പുതിയ വിജ്ഞാപനം വൈകിപ്പിക്കുക, അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ അഞ്ച് ആവശ്യങ്ങളാണ് ഉദ്യോഗാര്‍ത്ഥികള്‍ മുന്നോട്ട് വച്ചത്. എന്നാല്‍ അധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. ഇതോടെയാണ് സമരം തുടരാന്‍ സമര സമിതി തീരുമാനിച്ചത്. അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുന്നത് സാമ്പത്തിക ബാധ്യത വരുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്ന് സമര സമിതി നേതാവ് വളര്‍മതി ആരോപിച്ചിരുന്നു. എയ്ഡഡ് സ്‌കൂളിലെ കോഴ വാങ്ങിച്ച് നിയമനം നല്‍കിയ അധ്യാപകര്‍ക്ക് അപ്രൂവല്‍ കൊടുക്കുന്നത് ബാധ്യത വരുത്തില്ലേ എന്നും സമരക്കാര്‍ വിമർശിച്ചിരുന്നു. 2025 മെയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നാമമാത്രമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. പല ജില്ലകളിലും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ പറഞ്ഞിരുന്നു. പ്രതീകാത്മകമായി പുല്ലുതിന്നും മണ്ണ് തിന്നുമായിരുന്നു ഉദ്യോഗാര്‍ത്ഥികള്‍ സമരം കടുപ്പിച്ചിരുന്നു. തുടർന്ന് നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് വളർമതി തലമണ്ഠനം ചെയ്ത് പ്രതിഷേധം ആരംഭിച്ചത്. പ്രതിപക്ഷ-ഭരണപക്ഷ പോരിനും വിഷയം വഴിവെച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്തവരെ തിരിഞ്ഞുനോക്കാത്തവരാണ് ഇപ്പോള്‍ തല മൊട്ടയടിച്ച ഫോട്ടോയും കൊണ്ട് നടക്കുന്നതെന്നാണ് പ്രതിപക്ഷത്തിന് നേരെ മുഖ്യമന്ത്രി സഭയില്‍ ആരോപണമുന്നയിച്ചത്. സമരക്കാരുടെ അഞ്ച് ആവശ്യങ്ങളില്‍ നാലും നിറവേറ്റാന്‍ യുഡിഎഫ് സര്‍ക്കാരിന് കഴിഞ്ഞു. എന്നാല്‍ അധ്യാപക വിദ്യാര്‍ത്ഥി അനുപാതം ഒരു സുപ്രഭാതത്തില്‍ കുറയ്ക്കാന്‍ കഴിയില്ല. എല്‍ഡിഎഫിന്റെ ബുദ്ധിശൂന്യതയാണ് പ്രശ്നങ്ങള്‍ക്കെല്ലാം കാരണം എന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.