സരൾ നിയമം കുത്തകകൾക്ക് തീരപ്രദേശങ്ങളും വയലേലകളും എളുപ്പത്തിൽ നൽകാൻ, കേരളം ഒറ്റക്കെട്ടായി എതിർക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

SHARE

സരൾ നിയമം കുത്തകകൾക്ക് തീരപ്രദേശങ്ങളും വയലേലകളും എളുപ്പത്തിൽ നൽകുന്നതിന് വേണ്ടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ. സ്വകാര്യ വത്ക്കരണത്തിന് വേണ്ടിയുള്ള നിയമം ആണിതെന്നും കേരളം ഒറ്റക്കെട്ടായി ഇതിനെ എതിർക്കും എന്നും അദ്ദേഹം പറഞ്ഞു. സരൾ നിയമഭേ​ദ​ഗതിക്ക് എതിരെ ഭരണപക്ഷത്തിൽ തന്നെ എതിർപ്പുണ്ട്. ജി സുധാകരൻ തന്നെ എതിർപ്പ് അറിയിച്ച് കഴിഞ്ഞു, എംവി ​ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. അതേസമയം മലപ്പുറത്ത് എംഎസ്എഫ് പ്രവർത്തകരുടെ എസ്എഫ്ഐ നേതാക്കൾക്കെതിരായ അതിക്രമത്തിലും അദ്ദേഹം പ്രതികരിച്ചു. ഇതുവരെ കുറ്റക്കാർക്കെതിരെ ഫലപ്രദമായ കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്യാത്തത് ഗൗരവകരമായ പ്രശ്നമാണ്. ശക്തമായ പ്രതിരോധം തീർക്കേണ്ടി വരുമെന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മഹാരാജാസിൽ ചോദ്യങ്ങൾ ഉന്നയിച്ചപ്പോൾ പരിപാടി ബഹിഷ്ക്കരിച്ച് മന്ത്രി റോജി എം ജോൺ രക്ഷപ്പെടുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു സംഘർഷവും അവിടെയുണ്ടായില്ല. ചോദ്യം ചോദിച്ചവർക്കെതിരെ ഇപ്പോൾ കേസ് എടുത്തിരിക്കുകയാണ്. വിദ്യാർഥികൾക്കെതിരെ കേസെടുക്കാൻ പൊലീസിന് വലിയ ജാഗ്രതയാണ്. സർക്കാരിന്റേത് പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുന്ന നിലപാടാണ് എന്നും എം വി ​ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു.