April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 11, 2025

പ്രേക്ഷകരെ ഹർഷ പുളകിതരാക്കാൻ, ശരപഞ്ജരം വീണ്ടും ബിഗ് സ്ക്രീനിൽ .

1 min read
SHARE

 

ജയൻ എന്ന കരുത്തനായ നടന്റെ അഭിനയ ജീവിതത്തിൽ നിർണ്ണായകമായ വഴിത്തിരിവ് സൃഷ്ടിച്ച ശര പഞ്ജരം എന്ന ചിത്രം പുതിയ ഡിജിറ്റൽ സാങ്കേതിക മികവോടെ, റീമാസ്റ്റേർഡ് വേർഷനിൽ ഏപ്രിൽ 25-ന് വീണ്ടും തീയേറ്ററിലെത്തുന്നു. ഹരിഹരൻ, മലയാറ്റൂർ, ജയൻ ടീമിന്റെ ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ഈ ചിത്രം, റോഷിക എന്റർപ്രൈസസ് ആണ് തീയേറ്ററിലെത്തിക്കുന്നത്.

നാലര ദശാബ്ദങ്ങൾക്കു മുമ്പ് കേരളത്തിലെ ചലച്ചിത്രപ്രേമികളെ ഹർഷ പുളകിതരാക്കിയ ശരപഞ്ജരം എന്ന ചിത്രം, വീണ്ടും ബിഗ് സ്ക്രീനിൽ എത്തുന്നത് കാണാൻ, പ്രേക്ഷകർ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മലയാള ചലച്ചിത്ര ചരിത്രത്തിൽ നവതരംഗങ്ങൾ സൃഷ്ടിച്ച ഈ ചിത്രം
പതിറ്റാണ്ടുകൾക്കിപ്പുറവും, തലമുറകൾ കടന്നും ചർച്ചചെയ്യപ്പെടുന്നുഎന്നത് വലിയൊരു പ്രത്യേകതയാണ്. പുതുമയുള്ള പ്രമേയവും, ശക്തമായ കഥാപാത്രങ്ങളും, ഉജ്ജ്വലമായ അഭിനയ മുഹൂർത്തങ്ങളും, സാങ്കേതികത്തികവും, കലാപരമായ ഔന്നത്യവും ഒപ്പം കച്ചവട ചേരുവകളും സമന്വയിപ്പിച്ച ചടുലമായ ആഖ്യാന ശൈലിയുടെ ഉത്തമോദാഹരണമായി ഇന്നും വാഴ്ത്തപ്പെടുന്ന ചിത്രമാണ് ശരപഞ്ജരം.
ലൈറ്റ് സബ്ജക്ടുകൾ മാത്രം ചെയ്തിരുന്ന ഹരിഹരന്റെ ആദ്യത്തെ ഹെവി സബ്ജക്ട് ആയി ശരപഞ്ജരത്തെ വിശേഷിപ്പിക്കാം.

മദോന്മത്തനായി കുതിച്ചുപായുന്ന കുതിരയെ മെരുക്കുന്നതും, തന്റെ ശരീരഭംഗി പ്രകടമാക്കുന്ന വിധത്തിൽ കുതിരക്ക് എണ്ണയിടുന്നതും,ഈ രംഗങ്ങൾ സുന്ദരിയായ നായികയെ ആകർഷിക്കുന്നതുമായ രംഗങ്ങൾ, പ്രേക്ഷകരെ ആകർഷിക്കുകയും,സിനിമയുടെ വിജയത്തിൽ ഏറെ നിർണ്ണായകമായ പങ്ക് വഹിക്കുകയും ചെയ്തു.നെഗറ്റീവ് ഇമേജുള്ള കഥാപാത്രങ്ങളെ ധൈര്യപൂർവ്വം ഏറ്റെടുക്കുന്ന ഷീലയുടെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ശരപഞ്ജരത്തിലേത്.നെല്ലിക്കോട് ഭാസ്കരന് ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ചിത്രമാണ് ശരപഞ്ജരം.ചുരുക്കം ചില ചിത്രങ്ങളിൽ മുമ്പ് അഭിനയിച്ചിട്ടുള്ള ഒടുവിൽ ഉണ്ണികൃഷ്ണൻ എന്ന നടനെ താരമാക്കിയതും ഈ ചിത്രം തന്നെയാണ്. ചന്ദ്രശേഖരൻ എന്ന കഥാപാത്രമായി ജയനും, സൗദാമിനി എന്ന കഥാപാത്രമായി ഷീലയും, പ്രേഷക പ്രീതി നേടി.

ചിത്രത്തിന്റെ ക്ലൈമാക്സിൽ ജയനും സത്താറും തമ്മിലുള്ള സംഘട്ടനരംഗം ഏറെ ശ്രദ്ധേയമായിരുന്നു. മലമുകളിലെ വഴുക്കലുള്ള പാറപ്പുറത്തുവച്ചുള്ള ഈ സംഘട്ടന രംഗം, ഹരിഹരന്റെ അനുവാദത്തോടെ ജയൻ തന്നെയായിരുന്നു ചിട്ടപ്പെടുത്തിയത്.ഷോലെയിൽ അംജത്ഖാൻ സൃഷ്ടിച്ച തരംഗം പോലെയുണ്ട് ജയന്റെ പ്രകടനം എന്നാണ് ഉമ്മർ ഈ സംഘട്ടന രംഗത്തെക്കുറിച്ച് പറഞ്ഞത്.

1979-ൽ ഏറ്റവും കൂടുതൽ കളഷൻ നേടിയ ചിത്രമായിരുന്നു ശരപഞ്ജരം.4 കെ. ഡോൽ ബി അറ്റ്മോസ് ദൃശ്യ, ശബ്ദ നിലവാരത്തിൽ, റീ മാസ്റ്റർ ചെയ്ത്, സിനിമാ സ്ക്കോപ്പിലാണ് ചിത്രം, ചിത്രം ഏപ്രിൽ 25-ന് ശരപഞ്ജരം വീണ്ടും തീയേറ്ററിലെത്തുന്നത്. റോഷിക എന്റർപ്രൈസസാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ജി.പി. ഫിലിംസിന്റെ ബാനറിൽ, ജി.പി ബാലൻ നിർമ്മിച്ച ശരപഞ്ജരം, ഹരിഹരൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്തു.നാടകാചാര്യൻ കെ.ടി.മുഹമ്മദ് സംഭാഷണം എഴുതി. കഥ – മലയാറ്റൂർ രാമകൃഷ്ണൻ, ഗാന രചന – യൂസഫലി കേച്ചേരി, സംഗീതം – ദേവരാജൻ, ആലാപനം – യേശുദാസ്, ജയചന്ദ്രൻ, വാണി ജയറാം, പി. ശുശീല, മാധുരി, സംഘട്ടനം – ത്യാഗരാജൻ, വിതരണം -റോഷിക എൻ്റർപ്രൈസസ്.ജയൻ, ഷീല, സത്താർ, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശങ്കർ, ശരത് ബാബു, നെല്ലിക്കോട് ഭാസ്ക്കരൻ, പി.കെ.എബ്രഹാം, ലത, പ്രിയ, കോട്ടയം ശാന്ത, ഭവാനി, ബേബി സുമതി എന്നിവരാണ് പ്രധാന വേഷത്തിൽ അഭിനയിക്കുന്നത്.

പൊയ്പ്പോയ ഒരു സുവർണ്ണകാലഘട്ടം വീണ്ടും വെള്ളിത്തിരയിലൂടെ അനുഭവിച്ചറിയാൻ ആസ്വദിക്കാൻ,ഏപ്രിൽ 25 – ന് ശരപഞ്ജരം വീണ്ടും ബിഗ് സ്ക്രീനിലെത്തുന്നു.