October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 18, 2026

അമ്മത്തൊട്ടിലിൽ അഴകായി ‘തൂലികയും പഞ്ചരത്നങ്ങളും’; ഒരു മാസം എത്തിയത് ആറ് അതിഥികൾ

SHARE

തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കഴിഞ്ഞ ഒരു മാസത്തിനിടയിൽ എത്തിയത് ആറ് നവാഗതർ. ചൊവ്വ രാത്രി 7.30 നാണ് 2.480 കി.ഗ്രാം ഭാരവും 4 ദിവസം പ്രായവും തോന്നിക്കുന്ന പെൺ കരുന്ന് സമിതിയുടെ പരിചരണാർത്ഥം ഏറ്റവും അവസാനമായി എത്തിയത്. അന്നേ ദിവസം വെളുപ്പിന് മറ്റൊരു പെൺകുഞ്ഞിനെ കൂടി ലഭിച്ചിരുന്നു.ഈ മാസം തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന ആറാമത്തെ കുട്ടിയും നാലാമത്തെ പെൺകുട്ടിയുമാണ് പുതിയ അതിഥി. എം.ടി.യുടെ മധുരാഭിമാന സ്മൃതി തുടിച്ചു നിൽക്കെ എത്തിയ കുഞ്ഞിന് തൂലിക എന്ന പേര് നൽകിയതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പത്രകുറിപ്പിൽ അറിയിച്ചു.പല സാഹചര്യങ്ങളാൽ സംരക്ഷിക്കാൻ കഴിയാതെ രക്ഷിതാക്കൾ നഷ്ടപ്പെടുന്ന കുരുന്നുകളെ കയ്യ് നീട്ടി സ്വീകരിച്ച് മാതൃത്വത്തിന്റെ സ്നേഹവാത്സല്യങ്ങൾ നൽകി പരിചരിക്കാൻ 2001 നവംബർ 14 – ന് സംസ്ഥാന ശിശുഷേമ സമിതി സർക്കാരിന്റെ സഹായത്തോടെയാണ് തലസ്ഥാനത്ത് തൈക്കാട് അമ്മത്തൊട്ടിലിൽ സ്ഥാപിച്ചത്.തിരുവനന്തപുരം അമ്മത്തൊട്ടിലിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ലഭിച്ച കുഞ്ഞുങ്ങൾക്ക് തുളസി, നിർമ്മൽ, വാമിക, തെന്നൽ, അലിമ എന്നീ പേരുകൾ നൽകിയിരുന്നു. അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്.സർക്കാരിൻറെയും വകുപ്പ് മന്ത്രി വീണാ ജോർജിൻറെയും സമിതിയുടെയും തീവ്രമായ ബോധവൽക്കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ശിശു സംരക്ഷണ കേന്ദ്രമാക്കിയതു കൊണ്ടാണ് മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്ഥമായി നിർഭാഗ്യവും അപമാനവുമെന്ന നിലയിൽ നിന്ന് കുരുന്നു ജീവനുകൾ നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുരക്ഷിതമായി അമ്മത്തൊട്ടിലിൻറെ സംരക്ഷണാർത്ഥം എത്തിക്കുന്നതെന്ന് ജി.എൽ. അരുൺ ഗോപി പറഞ്ഞു.

ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങൾക്ക് മതിയായ പരിചരണം നൽകി സുതാര്യമായ ദത്തെടുക്കൽ നടപടിക്രമങ്ങളിലൂടെ ദത്ത് നൽകാൻ സമിതിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 19 മാസത്തിനിടയിൽ സമിതി ഇപ്രകാരം 130 കുട്ടികളെയാണ് നിയമപരമായ മാർഗ്ഗങ്ങളിലൂടെ ദത്ത് നൽകിയത്.

അമ്മത്തൊട്ടിലിൽ നിന്നും സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ കുരുന്നുകളെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിശോധന നടത്തി. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 621 -ാമത്തെ കുട്ടിയാണ് തൂലിക. തൂലിക, അലിയ മാരുടെ ദത്തെടുക്കൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ കുഞ്ഞുങ്ങളുടെ അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ തൈക്കാട് സമിതി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.