2026-ലെ ഫിഫ ലോകകപ്പ്.

2026-ലെ ഫിഫ ലോകകപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ, ചരിത്രത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന് വേദിയാകാൻ ഒരുങ്ങുകയാണ് വടക്കേ അമേരിക്ക. നാല് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ മഹാമേളയെ സ്വന്തം നാട്ടിലേക്ക് വരവേൽക്കുന്നതിന്റെ ആവേശത്തിലാണ് യുഎസ്എ, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ. ഈ സവിശേഷമായ ലോകകപ്പിന്റെ പ്രധാന ആകർഷണവും ഔദ്യോഗിക മാച്ച് ബോളുമായ ‘ട്രിയോണ്ട’ മൂന്ന് ആതിഥേയ രാജ്യങ്ങൾക്കുള്ള ആദരവായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അഡിഡാസ് ആണ് പന്ത് നിർമ്മിച്ചിരിക്കുന്നത്.
പോർച്ചുഗീസ് ഭാഷയിലെ ‘മൂന്ന്’ (ട്രൈ – Tri), ‘തിരമാല’ (ഓണ്ട – Onda) എന്നീ അർഥങ്ങൾ ചേർന്നാണ് ട്രിയോണ്ട എന്ന പേര്.’മൂന്ന് തിരമാലകൾ’ എന്നാണ് ട്രിയോണ്ട എന്ന വാക്കിന്റെ അർത്ഥം. 100-ലധികം മത്സരങ്ങൾ നടക്കുന്ന, 48 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പ് സംഘടിപ്പിക്കാനായി മൂന്ന് രാജ്യങ്ങൾ ഒത്തുചേരുന്ന ചരിത്രപരമായ നിമിഷത്തെയാണ് ഈ പേര് സൂചിപ്പിക്കുന്നത്. ആതിഥേയ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ചുവപ്പ്, പച്ച, നീല നിറങ്ങളിലാണ് പന്ത് രൂപകൽപ്പന ചെയ്തിരിക്കുന്നത് . ഇതിന്റെ പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ തിരമാലകളുടെ ആകൃതിയുള്ള നാല് പാനലുകൾ ചേർത്താണ് പന്ത് നിർമ്മിച്ചിരിക്കുന്നത്.

