December 2025
M T W T F S S
1234567
891011121314
15161718192021
22232425262728
293031  
December 19, 2025

ഒരു വർഷം മുൻപ് കാണാതായ വയനാട് സ്വദേശിയുടെ മൃതദേഹം ചേരമ്പാടി വനത്തിനകത്തെ ചതുപ്പിൽ നിന്ന് കണ്ടെത്തി

SHARE

ഒരു വർഷം മുൻപ് കോഴിക്കോട് നിന്ന് കാണാതായ അൻപത്തിമൂന്നുകാരനെ കൊലപ്പെടുത്തിയെന്ന് സൂചന. വയനാട് സ്വദേശി ഹേമചന്ദ്രന്റേതെന്ന് കരുതുന്ന മൃതദേഹം തമിഴ്നാട് നീലഗിരി ചേരമ്പാടി വനത്തിൽ നിന്ന് കണ്ടെത്തി. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിന്റെ പേരിൽ 2024 മാർച്ചിൽ വയനാട് ബത്തേരി സ്വദേശി ഹേമചന്ദ്രനെ പെൺസുഹൃത്തിനെ കൊണ്ട് മെഡിക്കൽ കോളജ് പരിസരത്തേക്ക് വിളിച്ചു വരുത്തി തട്ടികൊണ്ടുപോയെന്നായിരുന്നു ഭാര്യ സുബിഷയുടെ പരാതി.

രാവിലെ മുതൽ പൊലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തിട്ടുള്ളത്. വനത്തിനകത്ത് 2 സ്നിഫർ ഡോഗുകളെ ഉപയോഗിച്ചായിരുന്നു പരിശോധന നടത്തിയിരുന്നത്. കോഴിക്കോട് എസിപിയുടെ നേതൃത്വത്തിലുള്ള സംഘവും തമിഴ്നാട് പൊലീസും സ്ഥലത്ത് എത്തിയിരുന്നു. ചതുപ്പ് മേഖല കുഴിച്ചാണ് പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയത്. ഒരു വർഷം മുമ്പുള്ള കാണാതായവരെ കുറിച്ചുള്ള അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തുവന്നത്.

ഭാര്യയുടെ പരാതിയിന്മേലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തിൽ മൂന്ന് പേരാണ് പ്രതികൾ. അതിൽ രണ്ട് പേരെ നേരത്തെ പിടികൂടിയിരുന്നു. ഇനി ഒരാളെ കൂടി കണ്ടെത്തേണ്ടതായിട്ടുണ്ട്. നൗഷാദ്, ജ്യോതിഷ്, അജേഷ് എന്നിവരാണ് പ്രതികൾ. ചേരമ്പാടിയിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള വനമേഖലയിലൂടെ കടന്നുപോകുന്ന അന്തർസംസ്ഥാന പാത കൂടിയാണിത്. ആന ഇറങ്ങുന്ന മേഖലയിൽ എങ്ങിനെയാണ് മൃതദേഹം കുഴിച്ചിട്ടത് എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കും. മർദിച്ചതിന് ശേഷമാണ് കൊലപാതകം നടന്നിട്ടുള്ളതെന്നാണ് പോലീസിന്റെ നിഗമനം.