August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

കാലി വസന്ത രോഗ നിർമാർജന ചെക്പോസ്റ്റ് കിളിയന്തറയിൽനിന്നു കൂട്ടുപുഴയിലേക്കു മാറും

SHARE

ഇരിട്ടി ∙ കിളിയന്തറ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇരിട്ടി കാലി വസന്ത രോഗ നിർമാർജന പരിശോധന കേന്ദ്രം (ഇരിട്ടി റിൻഡർ പെസ്റ്റ് ഇറാഡിക്കേഷൻ ചെക്പോസ്റ്റ്) കൂട്ടുപുഴയിലേക്കു മാറ്റും. ആർടിഒ ചെക്പോസ്റ്റിനു സമീപത്തായി ഇതിനായി കണ്ടെയ്നർ കെട്ടിടം സ്ഥാപിച്ചു. വൈദ്യുതി, വെള്ളം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രവൃത്തികൾ കൂടി പൂർത്തിയാകുന്നതോടെ ഓഫിസ് കൂട്ടുപുഴയിലേക്കു മാറും. സംസ്ഥാനാന്തര പാതയിൽ 12 ലക്ഷം രൂപ ചെലവിലാണു പുതിയ ഓഫിസ് സ്ഥാപിച്ചിരിക്കുന്നത്.

കിളിയന്തറയിൽ ഒറ്റപ്പെട്ട നിലയിൽ പ്രവർത്തിച്ച നിലവിലെ ചെക്പോസ്റ്റിൽ പരിശോധനയ്ക്കായി വാഹനങ്ങൾ നിർത്താതെ വന്നതോടെയാണു പൊലീസ്, എക്സൈസ്, ആർടിഒ എന്നീ വിഭാഗങ്ങളുടെ അതിർത്തി പരിശോധനാ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നതിനു സമീപത്തേക്ക് ആർപി ചെക്ക് പോസ്റ്റും മാറ്റാൻ തീരുമാനിച്ചത്. മൃഗസംരക്ഷണ വകുപ്പിനു കീഴിൽ 1965 ഓഗസ്റ്റ് 8നു തുടങ്ങിയതാണ്  ഇരിട്ടി റിൻഡർ പെസ്റ്റ് ഇറാഡിക്കേഷൻ ചെക്ക് പോസ്റ്റ്. 2021 സെപ്റ്റംബർ 3 ന് കിളിയന്തറയിൽ പ്രീ ഫാബ്രിക്കേറ്റ‍ഡ് കെട്ടിടം പൂർത്തിയാക്കി മന്ത്രി ഉദ്ഘാടനവും നടത്തിയിരുന്നു.

കർണാടകയിൽ നിന്നു കേരളത്തിലേക്കു വളർത്തു ആവശ്യത്തിനും മാംസ ആവശ്യത്തിനും എത്തിക്കുന്ന പക്ഷിമൃഗാദികളും അനുബന്ധ ഉൽപന്നങ്ങളും രോഗവിമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണു ചെക്ക് പോസ്റ്റിൽ ചെയ്യുന്നത്. രോഗാവസ്ഥയിലുള്ളവയെ തിരിച്ചയ്ക്കും.

ഒരു ഫീൽഡ് ഓഫിസറും 3 ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരും 2 അറ്റൻഡർമാരും ആണ് ചെക്ക് പോസ്റ്റിൽ ഉള്ളത്. കിളിയന്തറയിൽ ജിഎസ്ടി വിഭാഗം വിട്ടു നൽകിയ 5 സെന്റ് സ്ഥലത്തു 4 വർഷം മുൻപ് ഉദ്ഘാടനം ചെയ്ത കെട്ടിടം വകുപ്പ് തന്നെ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന കാര്യം പരിശോധിക്കുന്നുണ്ട്.