സീനിന്റെ തീവ്രത സെറ്റിലുമുണ്ടാവാറുണ്ട്, ‘തന്മാത്ര’യുടെ ക്ലൈമാക്സ് എഴുതിയത് കരഞ്ഞുകൊണ്ടെന്ന് ബ്ലെസി
1 min readസംവിധായകൻ ബ്ലെസിയുടെ മോഹൻലാലിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിക്കൊടുത്ത തന്മാത്ര എന്ന ചിത്രത്തിലെ രമേശൻ നായർ എന്ന കഥാപാത്രം എന്നും മലയാളികളുടെ മനസിനോട് ചേർന്ന് നിൽക്കുന്നതാണ്. ഇപ്പോൾ ചിത്രത്തിന്റെ എഴുത്തുമായി ബന്ധപ്പെട്ട അനുഭവങ്ങൾ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബ്ലെസി. ചിത്രത്തിന്റെ ക്ലൈമാക്സ് എഴുതിയത് ഒരു പുലർകാലത്ത് കരഞ്ഞു കൊണ്ടാണെന്നാണ് ‘ക്യു’ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ബ്ലെസി പറഞ്ഞിരിക്കുന്നത്. ‘എഴുതുമ്പോൾ അനുഭവിക്കുന്ന സീനിന്റെ തീവ്രത സെറ്റിലും നിലനിർത്താറുണ്ട്. തൻമാത്രയുടെ ക്ലൈമാക്സ് എഴുതിയത് ഒരു പുലർകാലത്ത് കരഞ്ഞു കൊണ്ടാണ്. കൈമാക്സ് ഷൂട്ട് ചെയ്യുമ്പോൾ ഒരു മരണത്തിന്റെ അവസ്ഥ നിലനിർത്തിയാണ് ഷൂട്ട് ചെയ്തത്. എന്റെ സിനിമയുടെ സീനുകൾ നൽകുന്ന ഒരു ചൂടും സംഘർഷവും എല്ലാം ഞാൻ എന്റെ സെറ്റിലും നിലനിർത്താൻ ശ്രമിക്കാറുണ്ട്. ഇത് നൽകുന്ന വലിയൊരു ഫീലുണ്ട്. അത് എല്ലാവർക്കും ഒരു കരുത്തുണ്ടാക്കും.’ ബ്ലെസിയുടെ വാക്കുകൾ ഇങ്ങനെ. 2005 ൽ പുറത്തിറങ്ങിയ തന്മാത്ര അഞ്ച് സംസ്ഥാനപുരസ്കാരങ്ങളാണ് ആ വർഷം നേടിയത്. മോഹൻലാൽ, മീരാ വാസുദേവ്, നെടുമുടി വേണു, ജഗതി ശ്രീകുമാർ, അർജുൻ ലാൽ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം അൽഷിമേഴ്സ് രോഗം ബാധിച്ച വ്യക്തിയുടെയും അത് അയാളുടെ കുടുംബത്തിൽ വരുത്തുന്ന മാറ്റങ്ങളുമായിരുന്നു പ്രമേയം.