September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 6, 2026

കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം കേരളത്തിന് പുറത്തേക്കും, സ്ഥിരം യൂട്യൂബർമാരും സന്ദർശകരും നിരീക്ഷണത്തിൽ.

SHARE

കവടിയാർ കൊട്ടാരത്തിലെ ആഭരണക്കവർച്ചയിൽ അന്വേഷണം കേരളത്തിന് പുറത്തേക്കും. ആഭരണങ്ങൾ കേരളത്തിന് പുറത്തേക്ക് കടത്തിയോ എന്നാണ് സംശയം. പൗരാണിക ആഭരണങ്ങൾ വിൽക്കുന്നവരെയും വാങ്ങുന്നവരെയും കേന്ദ്രീകരിച്ച് അന്വേഷണത്തിലേക്ക് നീങ്ങുകയാണ് പൊലീസ്. ചെന്നൈ, ബെംഗളൂരു നഗരങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. ഇത്തരത്തിലുള്ള ഇടപാടുകാർ സമീപകാലത്ത് കേരളത്തിൽ വന്നോയെന്നതിലും സമാന മോഷണങ്ങളുടെ വിവരങ്ങളും തേടാനാണ് നീക്കം.

കവടിയാർ കൊട്ടാരത്തിൽനിന്ന് ആഭരണങ്ങൾ നഷ്ടമായെന്ന് കരുതുന്ന ഒക്ടോബർ- നവംബർ മാസങ്ങളിലെ ഫോൺ കോൾ വിവരങ്ങൾ കേസിൽ നിർണായകമാവും. അതേസമയം കൊട്ടാരത്തിലെത്താറുള്ള സ്ഥിരം യൂട്യൂബർമാരും സന്ദർശകരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.

 

രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ നഷ്ടമായ കേസ് നിലവിൽ ക്രൈം ബ്രാഞ്ചാണ് അന്വേിക്കുന്നത്. പൗരാണിക മൂല്യമുള്ള, കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വസ്തുക്കളാണ് നഷ്ടമായത് എന്നതിനാൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.

പേരൂർക്കട പൊലീസാണ് കേസ് ആദ്യഘട്ടത്തിൽ അന്വേഷിച്ചത്. കൊട്ടാരം ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

 

തിരുവനന്തപുരം നഗരത്തിൽ, സുരക്ഷാ നിരീക്ഷണ സംവിധാനത്തിനുള്ളിലുള്ള കവടിയാർ കൊട്ടാരത്തിനകത്ത് നിന്നും രണ്ട് കോടിയോളം വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ വസ്തുക്കളാണ് മോഷണം പോയത്.

 

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി സ്വന്തം കിടപ്പുമുറിയിൽ ഇരുമ്പ്അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണമാണ് കഴിഞ്ഞ വർഷം അവസാനത്തോടെ കാണാതായത്. 2025 നവംബറിൽ ബെംഗളൂരുവിൽ പോകുന്നതിന് മുമ്പായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി ശ്രദ്ധയിൽപ്പെടുന്നത്. പിന്നാലെ കൊട്ടാരത്തിൽ പരിശോധന നടത്തിയെങ്കിലും ആഭരണം കണ്ടെത്താനായില്ല. പിന്നാലെ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്നറിഞ്ഞപ്പോൾ ഉന്നത ഉദ്യോഗസ്ഥരോട് വാക്കാൽ പരാതിപ്പെടുകയായിരുന്നു. ഇതോടെ നാല് മാസം പൊലീസ് അന്വേഷിച്ചു. കിട്ടാതെ വന്നതോടെയാണ് പരാതി നൽകുകയും പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന വസ്തുവകകൾ മോഷ്ടിക്കണമെന്ന ഉദ്ദേശത്തോടുകൂടി കഴിഞ്ഞ വർഷം നവംബറിലെയോ ഒക്ടോബറിലെയോ ഏതോ സമയം കള്ളൻ അതിക്രമിച്ച് കയറി എന്നാണ് എഫ്‌ഐആറിൽ പറഞ്ഞിരുന്നത്.

അര പവൻ വരുന്ന ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണമുത്തും ഇടകലർന്ന സ്വർണ ചെയിൻ, മൂന്ന് പവന്റെ പിച്ചിപ്പൂ മൊട്ട് ഡിസൈനിലുള്ള പാദസരം. ഏകദേശം രണ്ട് പവൻ വരുന്ന കറുത്ത മുത്തും സ്വർണമുത്തും ഇടകലർന്ന പാദസരം, നാല് പവൻ വരുന്ന വീതിയുള്ള ഇല ഡിസൈനിലുള്ള രണ്ട് വളകൾ, മൂന്ന് പവൻ കണക്കാക്കുന്ന വീതി കുറഞ്ഞ രണ്ട് സ്വർണ പിരിവള, ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലുകളും തൂക്കും, രണ്ടര പവന്റെ സ്വർണത്തിൽ പച്ച ഇനാമൽ രണ്ട് ഇലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണ പതക്കവും സ്വർണ ചെയിനും നഷ്ടമായവയിലുണ്ട്.

 

അഞ്ച് പവന്റെ സ്വർണ കുഴിമിന്നുമാല, ഏകദേശം എട്ട് ലക്ഷം രൂപ വിലവരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും, രണ്ട് പവൻ വരുന്ന സ്വർണ്ണക്കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും, ആറ് പവന്റെ റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കൻ വള, ഒരു പവന്റെ വളരെ നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കവും ചെയിനും ഒരു പവൻ വീതം തൂക്കം വരുന്ന അഞ്ച് കുതിരപവൻ നാണയങ്ങൾ എന്നിങ്ങനെ രണ്ട് കോടിയോളം വിലവരുന്ന മുതലുകളാണ് മോഷണം പോയത്. വിദേശത്തുനിന്ന് കൊണ്ടുവന്ന ആഭരണങ്ങളടക്കമാണ് മോഷണം പോയവയിലുള്ളത്.