സൈനിക ഓപ്പറേഷനും യുദ്ധവും തമ്മില്‍ നല്ല വ്യത്യാസമുണ്ട്’; നമ്മള്‍ നടത്തിയ അവസാനയുദ്ധം 1974ല്‍, കെ ജെ ജേക്കബിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു

ഒരു സൈനിക ‘ഓപ്പറേഷനും’ യുദ്ധവും തമ്മില്‍ നല്ല വ്യത്യാസമുണ്ടെന്നും നമ്മള്‍ നടത്തിയ അവസാനത്തെ യുദ്ധം 1971-ലാണെന്നുമുള്ള മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. യുദ്ധം രണ്ട് രാഷ്ട്രങ്ങള്‍ തമ്മിലുള്ള ഇടപാടാണ്. അതില്‍ പ്രത്യേകിച്ച് നിയന്ത്രണങ്ങളൊന്നുമില്ല. അപ്പുറത്തുള്ളത് ശത്രുരാജ്യമാണ്; അവിടെയുള്ള എന്തും ലക്ഷ്യമാണ്.
കാര്‍ഗില്‍ ഓപ്പറേഷന്റെ സമയത്തു അതിര്‍ത്തി കടക്കരുതെന്ന് ഇന്ത്യന്‍ സൈന്യത്തിന് സര്‍ക്കാര്‍ നിര്‍ദേശം കൊടുത്തിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഒരു പ്രത്യേക ലക്ഷ്യത്തോടെ നടത്തുന്ന ആക്രമണമാണ് ഓപ്പറേഷന്‍. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പഹൽഗാമിലെ ആക്രമണം നടത്തിയതിനു ഒരു തിരിച്ചടി. അതാണ് ഓപ്പറേഷന്‍ സിന്ദൂര്‍. കൂടുതലൊന്നും നമ്മള്‍ പ്ലാന്‍ ചെയ്യുന്നില്ല: Non-escalatory എന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്.തുറമുഖം ആക്രമിക്കുന്നത് സാധാരണ യുദ്ധത്തില്‍ മാത്രം സംഭവിക്കുന്ന കാര്യമാണ്. കറാച്ചി തുറമുഖം ഇന്ത്യ ആക്രമിക്കണമെങ്കില്‍ ഈ എസ്‌കലേഷന്‍ സംഭവിക്കണം. അത് ഇതുവരെ ഇന്ത്യയുടെ പദ്ധതിയല്ല. അല്ലെങ്കില്‍ അതും ഭീകരന്മാരുടെ താവളമാണ് എന്ന് ഇന്ത്യ കണ്ടെത്തണം. അതൊന്നും നടന്നതായി കാണുന്നില്ല; സൈനികര്‍ അതിര്‍ത്തി കടന്നതായി പോലും കാണുന്നില്ല. കഴിഞ്ഞദിവസങ്ങളില്‍ ഇന്ത്യന്‍ സൈനിക നടപടിയുമായി ബന്ധപ്പെട്ട ഏറ്റവും വിശ്വാസ്യ യോഗ്യമായ വിവരങ്ങള്‍ വന്നത് ഔദ്യോഗികമായാണ്. ഇന്ത്യ ചെയ്ത കാര്യവും പാക്കിസ്ഥാന്‍ ചെയ്ത കാര്യങ്ങളും പറയാന്‍ പറ്റുന്നതിന്റെ പരമാവധി പറഞ്ഞിട്ടുണ്ട്; അതില്‍ കൂടുതല്‍ എന്തെങ്കിലും ഉള്ളതായി പാശ്ചാത്യ മാധ്യമങ്ങളും പറഞ്ഞതായി കണ്ടിട്ടില്ലെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:

