അവിടെയും ലാഭക്കൊതി മാത്രം; ഓപ്പറേഷന്‍ സിന്ദൂര്‍ ട്രേഡ് മാര്‍ക്കിനായി കടിപിടി, ആദ്യം അപേക്ഷിച്ച റിലയന്‍സ് പിന്മാറി

SHARE

പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെയും പാക്കധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിന്റെ ട്രേഡ് മാർക്കിനായി ‘യുദ്ധം’. ഓപ്പറേഷൻ സിന്ദൂറിലെ വാണിജ്യസാധ്യത മുതലെടുക്കാൻ റിലയൻസ് ഇന്‍ഡസ്ട്രീസ് ആണ് ആദ്യം അപേക്ഷിച്ചത്. തുടർന്ന് നിരവധി അപേക്ഷകൾ വാണിജ്യ മന്ത്രാലയത്തിന്റെ ട്രേഡ്മാര്‍ക്ക് രജിസ്ട്രി പോര്‍ട്ടലില്‍ എത്തി.

മുംബൈ സ്വദേശി മുകേഷ് ചേത്രാം അഗര്‍വാള്‍, മുൻ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റന്‍ കമല്‍ സിങ് ഒബേര്‍, ഡല്‍ഹി സ്വദേശിയായ അഡ്വ. അലോക് കോത്താരി, ഉത്തം എന്നിവരും ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന കോഡിനായി അപേക്ഷകൾ സമർപ്പിച്ചു. ‘ഓപ്പറേഷന്‍ സിന്ദൂര്‍-സിന്ദൂര യുദ്ധം’ എന്ന പേരിന് സിനിമാ നിര്‍മാതാവ് ടി ജയരാജും അപേക്ഷിച്ചു.വിമർശനം ഉയർന്നതോടെ ആദ്യം അപേക്ഷ നല്‍കിയ റിലയന്‍സ് ഇന്‍ഡസ്ട്രീസ് അത് പിന്‍വലിച്ചു. ജിയോ സ്റ്റുഡിയോസിന്റെ പേരിലാണ് റിലയൻസ് അപേക്ഷ നൽകിയത്. ഇന്ത്യന്‍ ധീരതയുടെ പ്രതീകമായ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന കോഡിന്റെ ട്രേഡ്മാര്‍ക്ക് സ്വന്തമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കമ്പനി വ്യക്തമാക്കി. സ്ഥാപനത്തിന്റെ അനുമതിയില്ലാതെ ജൂനിയര്‍ ഉദ്യോഗസ്ഥനാണ് അപേക്ഷ നല്‍കിയതെന്നാണ് വിശദീകരണം. ബാലാക്കോട്ട്, പുൽവാമ സർജിക്കൽ സ്ട്രൈക്കുകൾക്ക് പിന്നാലെയും ഇത്തരം ട്രേഡ്മാർക്ക് സ്വന്തമാക്കലുകളുണ്ടായിരുന്നു.