കാപ്പി പറിക്കാനെത്തിയ പതിനെട്ടുകാരനെ കടുവ കൊന്നു; മരണമറിഞ്ഞെത്തിയ ബന്ധുവിനും ദാരുണാന്ത്യം
1 min readമാനന്തവാടി• കേരള– കർണാടക അതിർത്തിപ്രദേശമായ കുട്ടയിലെ കാപ്പിത്തോട്ടത്തിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടു പേർ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹുൻസൂർ അൻഗോട്ടയിലെ മധുവിന്റെയും വീണാകുമാരിയുടെയും മകൻ ചേതൻ (18), ബന്ധുവായ രാജു (65) എന്നിവരാണു മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ അച്ഛനമ്മമാരോടൊപ്പം കാപ്പി പറിക്കുന്നതിനിടയിലാണു ചേതനെ കടുവ ആക്രമിച്ചത്. ചേതന്റെ മരണവിവരമറിഞ്ഞെത്തിയ രാജുവും ഇന്നലെ രാവിലെ അതേ കാപ്പിത്തോട്ടത്തിൽ കടുവയുടെ ആക്രമണത്തിനിരയാവു കയായിരുന്നു.ചൂരിക്കാട് എന്ന സ്ഥലത്ത് നെല്ലില പുണച്ചന്റെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടത്തിലാണു കടുവയുടെ ആക്രമണമുണ്ടായത്. കാപ്പി പറിക്കുന്നതിനിടെ പുറകിലൂടെ വന്ന കടുവ ചേതനെ ആക്രമിക്കുകയായിരുന്നു. ചേതന്റെ പിതാവ് മധുവിനെയും ആക്രമിച്ചെങ്കിലും കടുവയെ തള്ളിവീഴ്ത്തിയ മധു നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. മൃതദേഹം വീണ്ടെടുക്കുമ്പോഴേയ്ക്കു ചേതന്റെ ഒരു കാൽ കടുവ ഭക്ഷിച്ചിരുന്നു. നരഭോജിക്കടുവയെ വെടിവയ്ക്കാൻ ഉത്തരവു നൽകണമെന്നാവശ്യപ്പെട്ടു തടിച്ചുകൂടിയ നാട്ടുകാർ,രാജുവിന്റെ മൃതദേഹം തോട്ടത്തിൽ നിന്നു നീക്കുന്നതു തടഞ്ഞു. എംഎൽഎ കെ.ജി.ബോപ്പയ്യ അടക്കമുള്ള ജനപ്രതിനിധികൾ ഇടപെട്ട ശേഷം വൈകിട്ടാണു മൃതദേഹം കാപ്പിത്തോട്ടത്തിൽ നിന്നു കുട്ട ഗവ. ആശുപത്രിയിലേക്കു മാറ്റിയത്. നാഗർഹോള രാജീവ് ഗാന്ധി ദേശീയോദ്യാനത്തിനു സമീപമാണു കടുവയുടെ ആക്രമണം നടന്ന കാപ്പിത്തോട്ടം. അടുത്തിടെ കേരള–കർണാടക അതിർത്തിയിലെ ബെള്ളയിൽ റോഡിലൂടെ നടന്നു പോകുകയായിരുന്ന യുവാവിനെ കടുവ കൊലപ്പെടുത്തിയിരുന്നു.