അപരിചിതയ്ക്ക് അവയവം നല്‍കിയ മണികണ്ഠന് ആരോഗ്യ മന്ത്രി നന്ദി അറിയിച്ചു
1 min readതന്റെ വൃക്കകളിലൊന്ന് അപരിചിതയായ യുവതിക്ക് നല്‍കിയ വയനാട് ചീയമ്പം പള്ളിപ്പടി സിപിഐഎം ബ്രാഞ്ച് സെക്രട്ടറി മണികണ്ഠനെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഫോണില്‍ വിളിച്ച് നന്ദിയറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യമറിയിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രാവിലെ മണികണ്ഠനെ വിളിച്ചു. വൃക്കദാനം ചെയ്ത ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള വിശ്രമത്തിലാണ് മണികണ്ഠന്‍. ശസ്ത്രക്രിയ കഴിഞ്ഞിട്ട് പത്ത് ദിവസങ്ങളായിട്ടേയുള്ളൂ. രണ്ട് കുട്ടികളുള്ള ഉമ്മയ്ക്കാണ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ മണികണ്ഠന്‍ വൃക്ക നല്‍കിയത്. ഡിവൈഎഫ്‌ഐ നടത്തിയ അവയവദാന കാമ്പയിന്റെ ഭാഗമായി 2014ല്‍ അവയവദാനത്തിന് മണികണ്ഠന്‍ സമ്മതപത്രം നല്‍കിയിരുന്നു. 8 വര്‍ഷങ്ങള്‍ക്കിപ്പുറം മാസങ്ങള്‍ക്ക് മുമ്പ് വൃക്ക ദാനം ചെയ്യാന്‍ തയ്യാറാണോയെന്ന അന്വേഷണത്തോട് തയ്യാറാണെന്ന് മണികണ്ഠന്‍ പ്രതികരിച്ചു.
ഇരു വൃക്കകളും തകരാറിലായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിയ്ക്കാണ് അവരുടെ അവസ്ഥ മനസിലാക്കി മണികണ്ഠന്‍ വൃക്ക നല്‍കാന്‍ തയ്യാറായത്. അവരുടെ പേരോ അവസ്ഥയോ ഒന്നും മണികണ്ഠന് അറിഞ്ഞുകൂടായിരുന്നു. പിന്നീട് നിയമ നടപടികളും മെഡിക്കല്‍ നടപടികളും പൂര്‍ത്തിയാക്കി ശസ്ത്രക്രിയ നടത്തി. മനുഷ്യ നന്മയുടെ പര്യായമാണ് ഇന്ന് മണികണ്ഠന്‍. സ്വന്തം വൃക്ക നല്‍കാന്‍ മണികണ്ഠനെ പ്രേരിപ്പിച്ചത് ശക്തമായ മനുഷ്യ സ്‌നേഹമാണ്. മറ്റുള്ളവരെ കരുതാനും ചേര്‍ത്ത് പിടിക്കാനും പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് മണികണ്ഠന്‍. സിപിഐ എം വയനാട് ചീയമ്പം പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറിയാണ് സഖാവ് മണികണ്ഠന്‍.