November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 1, 2026

മിനിറ്റുകൾക്കുള്ളിൽ വാഹന ലൈസൻസിങ് സേവനങ്ങൾ പൂർത്തിയാക്കാം; ഗതാഗതക്കുരുക്ക് കുറയ്ക്കാനും സേവനങ്ങൾ വേഗത്തിലാക്കാനും എഐ സ്ട്രാറ്റജിക്കുമായി ദുബായ്

SHARE

ഗതാഗതക്കുരുക്ക് കുറയ്ക്കാനും സേവനങ്ങൾ കൂടുതൽ വേഗത്തിലാക്കാനും നിർമിതബുദ്ധി ഉപയോഗം വ്യാപിപ്പിക്കാനൊരുങ്ങി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി. പുതുക്കിയ എഐ സ്ട്രാറ്റജിക്ക് ആർടിഎ ഡയറക്ടർ ജനറലും ബോർഡ് ഓഫ് എക്സിക്യൂട്ടീവ് ഡയറക്ടേഴ്സ് ചെയർമാനുമായ മത്താർ അൽ തായർ തുടക്കം കുറിച്ചു. അടുത്ത രണ്ടര വർഷത്തിനുള്ളിൽ 200 എഐ ഉൽപ്പന്നങ്ങൾ നടപ്പാക്കുകയാണ് ലക്ഷ്യം. ഇതിലൂടെ പ്രതിവർഷം 30 കോടി ദിർഹത്തിലേറെ സാമ്പത്തിക നേട്ടം കൈവരിക്കാനും ഗതാഗതക്കുരുക്ക് അഞ്ച് ശതമാനം വരെ കുറയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷ. ആർടിഎയുടെ 41 പ്രവർത്തന മേഖലകളെ ഉൾപ്പെടുത്തിയുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിൽ 11 മേഖലകളിലായി 40 എഐ ഉൽപ്പന്നങ്ങൾ വികസിപ്പിക്കും. ഇതിൽ 11 എണ്ണം ഇതിനകം പ്രവർത്തനസജ്ജമായിട്ടുണ്ട്. മഹ്ബൂബ് സ്മാർട്ട് ചാറ്റ്ബോട്ടിലൂടെ വാഹന ലൈസൻസിങ്ങുമായി ബന്ധപ്പെട്ട അഞ്ച് സേവനങ്ങൾ പൂർണമായും പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനം ഒരുക്കും. ഇതിലൂടെ അഞ്ച് മിനിറ്റിൽ താഴെ സമയത്തിനുള്ളിൽ ഇടപാടുകൾ പൂർത്തിയാക്കാനാകും. റോഡ് പ്രവൃത്തികൾക്കുള്ള എതിർപ്പില്ലാ സർട്ടിഫിക്കറ്റ് അനുവദിക്കുന്ന നടപടികളും എഐ വഴി മൂന്നിരട്ടി വേഗത്തിലാക്കും. ദുബായിലെ ബസ് ശൃംഖലയുടെ ആസൂത്രണത്തിനും എഐ ഉപയോഗിക്കും. ഇരുപതോളം എഐ ഏജന്റുമാർ ഉൾപ്പെടുന്ന സംവിധാനം റൂട്ടുകളിലെ പോരായ്മകൾ കണ്ടെത്തി സർവീസ് മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകും. സർവീസുകളിൽ മാറ്റം വരുത്തുന്നതിനുള്ള സമയം 60 ദിവസത്തിൽ നിന്ന് 48 ദിവസമായി കുറയ്ക്കാനും ലക്ഷ്യമിടുന്നു. പരാതികൾ പരിഹരിക്കുന്നതിനുള്ള സമയം 20 മുതൽ 30 ശതമാനം വരെയും ഉപഭോക്തൃ സേവനകേന്ദ്രങ്ങളിലെ കാത്തിരിപ്പ് സമയം 14 മുതൽ 16 ശതമാനം വരെയും കുറയ്ക്കാനാണ് പദ്ധതി. എഐ ഉപയോഗം വിപുലീകരിക്കുന്നത് ദുബായിലെ ഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും താമസക്കാർക്കും സന്ദർശകർക്കും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനുമാണെന്ന് മത്താർ അൽ തായർ പറഞ്ഞു. ആർടിഎ കോർപ്പറേറ്റ് ടെക്നോളജി സപ്പോർട്ട് സർവീസസ് സെക്ടർ സി.ഇ.ഒ അഹമ്മദ് ഹാഷിം ബഹ്റോസ്യാന്റെ നേതൃത്വത്തിലാണ് സാങ്കേതികവിദ്യാ പദ്ധതികളുടെ ഏകോപനം. ജീവനക്കാർക്കിടയിൽ മൈക്രോസോഫ്റ്റ് കോപൈലറ്റിന്റെ ഉപയോഗം വ്യാപിപ്പിച്ചതിലൂടെ ജോലി സമയത്തിൽ പത്ത് ശതമാനം ലാഭിക്കാൻ കഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.