September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

പോത്തിന് എന്ത് ഏത്തവാഴ എന്നതുപോലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്ത് യുദ്ധം: അബിന്‍ വര്‍ക്കി

SHARE

കണ്ണൂര്‍: മലപ്പട്ടണത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവ് സനീഷിന്റെ വീട് ആക്രമിക്കുകയും ഗാന്ധി സ്തൂപം തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി. സിപിഐഎമ്മിന്റെ രാഷ്ട്രീയ തീവ്രവാദത്തിന്റെ അവസാനത്തെ ഉദാഹരണമാണ് മലപ്പട്ടണത്ത് കണ്ടതെന്നും കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ പൊതുപ്രവര്‍ത്തനം നടത്താന്‍ സാധിക്കില്ലെന്ന സിപിഐഎമ്മിന്റെ തിട്ടൂരം വിലപ്പോവില്ലെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. അതിര്‍ത്തിയില്‍ ഇന്ത്യന്‍ പട്ടാളം പാകിസ്താനെതിരെ പോരാടുമ്പോള്‍ രാജ്യത്തിനുളളില്‍ വിഘടനമുണ്ടാക്കുന്ന ഏത് നടപടിയും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്ന് പറഞ്ഞ അബിന്‍, പോത്തിന് എന്ത് ഏത്തവാഴ എന്നതുപോലെയാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് എന്ത് യുദ്ധം എന്നും പരിഹസിച്ചു.സ്വന്തം മുറ്റത്ത് മിസൈല്‍ പതിക്കാത്തിടത്തോളം, സ്വന്തം വീട് തകരാത്തിടത്തോളം ചിലര്‍ക്ക് യുദ്ധമെന്നത് അതിര്‍ത്തിയിലെ പൂരമാണെന്ന സിപിഐഎം നേതാവ് എം സ്വരാജിന്റെ കുറിപ്പിനെയും അബിന്‍ വിമര്‍ശിച്ചു. ഇന്ത്യാ- ചൈന യുദ്ധമുണ്ടായപ്പോള്‍ ഇന്ത്യ പ്രകോപിപ്പിച്ചതാണ് യുദ്ധകാരണം എന്ന് വാദിച്ച രണദേവയുടെയും ഇഎംഎസിന്റെയും ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിന്റെയും എകെജിയുടെയും പിന്മുറക്കാര്‍ ഇങ്ങനെ ചെയ്തില്ലെങ്കിലേ അതിശയമുളളുവെന്നും അങ്ങനെയുളളവര്‍ അതുകൊണ്ടുതന്നെ യുദ്ധം ഉണ്ടാകുമ്പോള്‍ മുകുന്ദന്റെ ഗാഥകള്‍ വായിച്ച് സമാധാന വാഹകരാകും. രാഷ്ട്രീയത്തിലായാലും മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കില്ലല്ലോ എന്നും അബിന്‍ വര്‍ക്കി കൂട്ടിച്ചേര്‍ത്തു.