അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിൽ വെച്ച് മർദനമേറ്റു

തൃശൂര്‍: ആലുവയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിന് ജയിൽ വെച്ച് സഹതടവുകാരന്റെ മർദനമേറ്റു.വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഞായറാഴ്ചയായിരുന്നു ആക്രമണം നടന്നത്. വരാന്തയിലൂടെ നടന്നുപോകുന്ന സമയത്ത് സഹതടവുകാരനായ കോട്ടയം സ്വദേശി രഹിലാല്‍ ആണ് മർദിച്ചത്.‘നീ കുഞ്ഞുങ്ങളെ പീഡിപ്പിക്കും അല്ലേടാ… ‘ എന്നു ചോദിച്ചായിരുന്നു മർദ്ദനം. ജയിലിലെ ഡി ബ്ലോക്കിലായിരുന്നു ഇരു പ്രതികളെയും പാര്‍പ്പിച്ചിരുന്നത്.സ്പൂണ്‍ കൊണ്ട് അസഫാകിന്റെ തലയിലും മുഖത്തും കുത്തി പരിക്കേൽപിച്ചിട്ടുണ്ട്. സംഭവത്തില്‍ അസഫാക് ആലത്തിന്റെ പരാതിയില്‍ തടവുകാരന്‍ രഹിലാലിനെതിരെ കേസെടുത്തു. ഇരുവരേയും വേവ്വേറെ ബ്ലോക്കിലേക്ക് മാറ്റുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു.5 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശിയായ അസ്ഫാക് ആലത്തിന് (28) എറണാകുളം പോക്സോ പ്രത്യേക കോടതി വധശിക്ഷ വിധിച്ചിരുന്നു.
തായിക്കാട്ടുകരയിൽ നിന്നു തട്ടിക്കൊണ്ടുപോയ 5 വയസ്സുകാരിയുടെ മൃതദേഹം 2023 ജൂലൈ 28ന് ആണ് ആലുവ മാർക്കറ്റിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.


