October 24, 2026

ഖത്തര്‍ KMCC ഓഫീസിലെ തട്ടിപ്പ്: കവര്‍ച്ച നടത്തിയത് അംഗങ്ങള്‍ മാസം തോറും നല്‍കിയിരുന്ന ഫണ്ടെന്ന് കണ്ടെത്തൽ.

SHARE

ഖത്തര്‍ കെഎംസിസി ഓഫീസില്‍ നിന്ന് കവര്‍ന്നത് അംഗങ്ങള്‍ മാസം തോറും നല്‍കിയിരുന്ന ഫണ്ടെന്ന് കണ്ടെത്തല്‍.
സ്‌നേഹ സുരക്ഷാ എന്ന പദ്ധതിയുടെ പേരിലായിരുന്നു കെഎംസിസി പണം ശേഖരിച്ചത്. മാസം തോറും ആയിരക്കണക്കിന് അംഗങ്ങള്‍ 20 റിയാല്‍ വെച്ച് നല്‍കിയിരുന്നു. 8 കോടി ആറ് ലക്ഷം രൂപയാണ് കവര്‍ന്നതെന്നാണ് കെഎംസിസി ഭാരവാഹിയുടെ പരാതി. എന്നാല്‍, തങ്ങള്‍ മോഷ്ടിച്ചത് 25 കോടിയോളം രൂപയെന്നാണ് മുഖ്യപ്രതി ബോംബെ ഷാജിയുടെ വെളിപ്പെടുത്തല്‍. കേസില്‍ കൂടുതല്‍ പേരെ പൊലീസ് പ്രതി ചേര്‍ക്കും. കീഴടങ്ങിയ നാലാം പ്രതി ബാലകൃഷ്ണനെ മാപ്പ് സാക്ഷിയാക്കാനുമാണ് നീക്കം. കവര്‍ച്ച നടന്നത് ഖത്തറിലായതിനാല്‍ അന്വേഷണം പ്രതിസന്ധിയിലാണ്. പരാതി പറഞ്ഞവരെ ലീഗില്‍ നിന്ന് തന്നെ പുറത്താക്കിയെന്ന് കെഎംസിസി മുന്‍ ഭാരവാഹി നാസിഫ് മില്ലത്ത്  പറഞ്ഞു.അതിനിടെ, കെഎംസിസി ഓഫീസിലെ കവര്‍ച്ചാ കേസിലെ മുഖ്യപ്രതി ഷാജിയുടെ കൂടുതല്‍ വാട്സപ്പ് സന്ദേശങ്ങള്‍  ലഭിച്ചു. കേസിലെ പരാതിക്കാരെ ഭീഷണിപ്പെടുത്താന്‍ ഷാജി സുഹൃത്തിനയച്ച സന്ദേശമാണ് പുറത്ത് വന്നത്. കേസിലെ 4ാം പ്രതിയും ബിജെപി പ്രാദേശിക നേതാവുമായ ബാലകൃഷ്ണനെ മുന്‍നിര്‍ത്തി ഭീഷണിപ്പെടുത്താനായിരുന്നു നിര്‍ദേശം. കേന്ദ്ര ഏജന്‍സികളെ ഇറക്കുമെന്നും വീടിന് മുന്നില്‍ കൊടികെട്ടി സമരം നടത്തുമെന്നും ഭീഷണിപ്പെടുത്താനാണ് സന്ദേശത്തില്‍ പറയുന്നത്. കേസ് കൊടുത്തവരെ കൊണ്ട് തന്നെ പരാതി പിന്‍വലിപ്പിക്കണമെന്നും ഷാജി പറയുന്നുണ്ട്.

കവര്‍ച്ചയിൽ പരാതി നല്‍കുമെന്ന് വ്യക്തമായതോടെ പരാതിക്കാരെയും ഖത്തറിലെ കവര്‍ച്ചയില്‍ ഉള്‍പ്പെട്ടവരെയും ഭീഷണിപ്പെടുത്താനാണ് ഷാജി ശ്രമിച്ചത്. കീഴടങ്ങിയ ബിജെപി നേതാവ് ഇടപെട്ടാല്‍ കേസില്‍ കേന്ദ്ര ഏജന്‍സികള്‍ അടക്കം വരുമെന്നും ഷാജി ഭീഷണിപ്പെടുത്തി.

 

2025 സെപ്റ്റംബര്‍ 18ന് അല്‍ തുമാമയിലെ കെഎംസിസി ഓഫീസിലാണ് സംഭവം നടന്നത്. കെഎംസിസി ഓഫീസില്‍ റൂം ബോയിയെ കെട്ടിയിട്ടാണ് എട്ട് കോടി രൂപ കവർന്നത്. സംഭവത്തിൽ പ്രദേശീക ബിജെപി നേതാവ് ബാലകൃഷ്ണന്‍ കീഴടങ്ങിയിരുന്നു. ആകെ ആറ് പ്രതികളാണ് കേസിലുള്ളത്. റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട് ഓഫീസ് റൂമിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകർത്താണ് സംഘം 31 ലക്ഷം കവർന്നത്. പിന്നാലെ പി കെ അബ്ദുല്‍ റഹീം എന്നയാള്‍ നല്‍കിയ പരാതിയില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ 15ന് കൊയിലാണ്ടി പൊലീസ് കേസെടുക്കുകയായിരുന്നു. ബോംബെ ഷാജി, റാഷി, സാലിഹ് എന്ന ബാവ, ഹസന്‍ എന്ന മമ്മാലി, നിസാര്‍ എന്നിവരാണ് മറ്റു പ്രതികള്‍. കേസില്‍ ഈ അഞ്ച് പേരെ ഇനിയും പിടികൂടാനുണ്ട്.