October 25, 2026

മനുഷ്യ -വന്യമൃഗ സംഘർഷം: ജീവഹാനിക്കുള്ള നഷ്ടപരിഹാരത്തുക 25 ശതമാനം വർധിപ്പിക്കും

SHARE

തിരുവനന്തപുരം: മനുഷ്യ -വന്യമൃഗ സംഘർഷത്തിൽ ജീവഹാനിക്കുള്ള നഷ്ടപരിഹാരത്തുക 25 ശതമാനം വർധിപ്പിക്കും. 14 ലക്ഷം രൂപയായിരുന്ന നഷ്ടപരിഹാരം 17.5 ലക്ഷം രൂപയായി ഉയർത്താനാണ് തീരുമാനം. ഉത്തരവ് ഇറക്കുന്ന നടപടികൾ വനംവകുപ്പ് വേഗത്തിലാക്കി. വന്യജീവി ആക്രമണത്തിലുണ്ടാകുന്ന കൃഷി നാശത്തിൽ നഷ്ടപരിഹാരം ഇരട്ടിയാക്കി നേരത്തെ ഉത്തരവിറക്കിയിരുന്നു. സംസ്ഥാനത്ത് കാട്ടുപോത്ത്-കാട്ടാന ആക്രമണങ്ങൾ വർധിച്ചുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ജീവഹാനിക്കുള്ള നഷ്ടപരിഹാര തുക വർധിപ്പിച്ചത്. നഷ്ടപരിഹാരം വർധിപ്പിക്കാനുള്ള തീരുമാനം മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെ വനംവകുപ്പിന്റെ അനുമതിക്കായി എത്തിയിട്ടുണ്ട്. മലയോര മേഖലയിൽ താമസിക്കുന്നവരടക്കം ഉയർത്തിയ ആവശ്യമായിരുന്നു നഷ്ടപരിഹാര തുക വർധിപ്പിക്കണമെന്നത്. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ പുതിയ ഉത്തരവ് പുറത്തിറക്കാനാണ് വനംവകുപ്പ് തീരുമാനം. സംസ്ഥാനത്ത് വർധിച്ചുവരുന്ന മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി സംസ്ഥാനതല ഉപദേശക സമിതി രൂപീകരിച്ച് വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു. സർക്കാരിൻ്റെ നൂറുദിന കർമപരിപാടിയിലെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയാണ് സുതാര്യത ഉറപ്പാക്കിക്കൊണ്ടുള്ള പുതിയ നടപടി.