October 25, 2026

വീണ്ടും നെടുമ്പാശ്ശേരി മോഡല്‍ അപകടം; 17 കാരന്‍ ഒടിച്ച വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

SHARE

കൊച്ചി: 17 കാരന്‍ ഓടിച്ച വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ജയബാലകൃഷ്ണനെ പിന്നില്‍ നിന്നെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. അഡിഷണല്‍ ജഡ്ജിയുടെ മകനാണ് പടിയിലായത്. അച്ഛനായ ജഡ്ജിയുടെ പേരിലുള്ള ബെൻസ് കാറാണ് അപകടമുണ്ടാക്കിയത്. കൊച്ചി ചേരാനല്ലൂരില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് വാഹനാപകടം ഉണ്ടായത്. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയുടെ പേര് വിവരങ്ങള്‍ ഒന്നും തന്നെ എഫ്‌ഐആറിന്റെ ഭാഗമാക്കിയിട്ടില്ല. ജയബാലകൃഷ്ണന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ ഏതാണ്ട് പൂര്‍ണമായും തകര്‍ന്ന നിലയിലാണ് ഉള്ളത്. സംഭവത്തിൽ കേസെടുത്തെന്നും തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് പൊലീസ് അറിയിക്കുന്നത്. മരിച്ച ആളുടെ ബന്ധുക്കളടക്കമുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്താന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. നെടുമ്പാശ്ശേരിയില്‍ സമാനമായ അപകടം ഉണ്ടായതിന്റെ ഞെട്ടല്‍ വിട്ട് മാറും മുമ്പാണ് കൊച്ചി തന്നെ മറ്റൊരു അപകടത്തിന് സാക്ഷ്യം വഹിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത ആളാണ് വാഹനം ഓടിച്ചതെന്നതും ജഡ്ജിയാണ് വാഹനത്തിവന്റെ ആര്‍സി ഓണര്‍ എന്നതുമാണ് ഏറ്റവും ഗൗരവകരം. അപകടം നടന്നത് കണ്ടൈനര്‍ റോഡിലാണ് എന്നതിനാല്‍ 17 കാരന്‍ സഞ്ചരിച്ച വാഹനം അമിത വേഗതയില്‍ ആയിരുന്നോ എന്നതില്‍ അടക്കം പരിശോധന നടത്തേണ്ടതുണ്ട്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുകയാണ് പൊലീസ്.