ഗുരുവായൂർ മാസ്റ്റർ പ്ലാൻ രണ്ടു മാസത്തിനകം; 16.5 ഏക്കർ ഭൂമി ഏറ്റെടുക്കലിന് വഴിയൊരുങ്ങുന്നു.

SHARE

ഗുരുവായൂർ ക്ഷേത്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ബിൽഡിങ്ങ് കൺസ്ട്രക്ഷൻസ് കമ്പനിയായ എൽ & ടിയെ തെരഞ്ഞെടുത്തു. ഇന്നലെ ചേർന്ന ദേവസ്വം ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്. ദേവസ്വം ഭരണസമിതി എൽ & ടിയിലെ വിദഗ്ധരുമായി മാസ്റ്റർ പ്ലാൻ സംബന്ധിച്ച് വൈകാതെ ചർച്ച നടത്തും.

വരുംവർഷങ്ങളിൽ ക്ഷേത്രനഗരിയിലെ തിരക്കും ആവശ്യകതകളും കൂടും എന്നത് കൂടി കണക്കിലെടുത്തായിരിക്കും മാസ്റ്റർപ്ലാൻ തയ്യാറാക്കുക. ക്ഷേത്രത്തിൻ്റെയും ക്ഷേത്രനഗരിയുടെയും സമഗ്ര വികസനവും ഭക്തർക്ക് അടിസ്ഥാന സൗകര്യങ്ങൾ വിഭാവനം ചെയ്യുന്നതുമായ മാസ്റ്റർ പ്ലാൻ ആണ് എൽ & ടിയോട് തയ്യാറാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ടു മാസത്തിനകം മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ ദേവസ്വം നിർദേശം നൽകി.ഗുരുവായൂർ മാസ്റ്റർപ്ലാൻ നടപ്പിലാക്കുന്നത് സംബന്ധിച്ച് കേരള നിയമസഭയിൽ മന്ത്രി കെ. മുരളീധരൻ പ്രഖ്യാപനം നടത്തിയിരുന്നു. നിലവിലുള്ള വികസന പദ്ധതികൾക്ക് പുറമെ 16.5 ഏക്കർ ഭൂമി കൂടി പുതിയ മാസ്റ്റർ പ്ലാനിന്റെ പരിധിയിൽ കൊണ്ടുവരും. അധികമായി കണ്ടെത്തിയ ഭൂമിയുടെ ഏറ്റെടുക്കൽ നടപടികൾ ഒമ്പത് മാസത്തിനകം പൂർത്തിയാക്കാൻ ഗുരുവായൂർ ദേവസ്വത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്രത്തിൽ ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും ദീർഘനേരം വരിനിൽക്കുന്നത് ഒഴിവാക്കുന്നതിനുമായി വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തും. മുതിർന്ന പൗരന്മാർക്കും ദൂരദേശങ്ങളിൽ നിന്ന് എത്തുന്ന ഭക്തർക്കും ബുദ്ധിമുട്ടില്ലാതെ ദർശനം ആസൂത്രണം ചെയ്യാൻ ഇത് സഹായിക്കും.ഗുരുവായൂർ ദേവസ്വത്തിന്റെ ഗോശാലയിൽ നിലവിൽ 1,300 ഓളം പശുക്കളുണ്ട്. ഇതിൽ 28 പശുക്കൾക്ക് പാർപ്പിട സൗകര്യത്തിന്റെ കുറവുണ്ടെന്ന് നിയമസഭയിൽ മന്ത്രി വ്യക്തമാക്കുകയുണ്ടായി. ഈ കുറവ് പരിഹരിക്കാനും ഗോശാലയിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനുമായി രണ്ട് പുതിയ തൊഴുത്തുകൾ നിർമ്മിക്കും. എൻകെ അക്ബർ എംഎൽഎ ഉന്നയിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഗുരുവായൂർ ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യങ്ങൾ, ഭക്തർക്കുള്ള ദർശന സൗകര്യം, കാലിത്തൊഴുത്തിന്റെ പരിപാലനം എന്നിവ പൂർണ്ണമായി ആധുനികവൽക്കരിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ പുതിയ പദ്ധതികൾ.ഗുരുവായൂർ ക്ഷേത്രത്തിൽ തിരുപ്പതി മോഡല്‍ വികസനം കൊണ്ടു വരുമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ തന്റെ കന്നി ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. കേരളത്തിന്റെ ടൂറിസം സാധ്യതകള്‍ കൂടി മുന്നിൽക്കണ്ടായിരിക്കും വികസനം. ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളാണ് തിരുപ്പതി മോഡലിന്റെ പ്രധാന സവിശേഷത. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം, മികച്ച ക്യൂ കോംപ്ലക്‌സുകള്‍, താമസം, ലളിതമായ ഡിജിറ്റല്‍ ബുക്കിങ് സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം തിരുപ്പതി മാതൃകയിൽ ക്രമീകരിക്കും.

You may have missed