വികസനപദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം മന്ത്രി സണ്ണി ജോസഫ്

SHARE

പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ മാത്രമല്ല അവ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലും ബദ്ധശ്രദ്ധ വേണമെന്ന് വൈദ്യുതി പരിസ്ഥിതി പാർലിമെൻ്ററി കാര്യ വകുപ്പ് മന്ത്രി അഡ്വ സണ്ണി ജോസഫ് പറഞ്ഞു. പതിനഞ്ചാം പഞ്ചവത്സര പദ്ധതി പൊതുജന പങ്കാളിത്തം ഉറപ്പാക്കി പദ്ധതികൾ രൂപീകരിക്കുന്നതിൻ്റെ മുന്നോടിയായി വികസന കാഴ്ചപ്പാട് – ആശയസമാഹരണം എന്ന വിഷയത്തിൽ സംഘടിപ്പിച്ച ജനപ്രതിനിധികളുടെ ജില്ലാതല യോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പ്രധാന വികസന മുൻഗണനകളും കാഴ്ചപ്പാടുകളും രൂപീകരിക്കുന്നതിനായി സംസ്ഥാന ആസൂത്രണ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിലായിരുന്നു യോഗം. നികുതിയേതര വരുമാനം വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് ഇക്കഴിഞ്ഞ മാസങ്ങളിൽ ഇക്കാര്യത്തിൽ വിജയം കൈവരിക്കാനായി. ജനങ്ങളുടെ അത്യാവശ്യ കാര്യങ്ങൾക്ക് മുൻഗണന നൽകുന്ന വിധത്തിലാവണം പദ്ധതി രൂപീകരണം. അതിൽ കാർഷിക മേഖലയ്ക്ക് പ്രാമുഖ്യം നൽകണം. ജില്ലയുടെ ടൂറിസം സാധ്യതകൾ പരമാവധി ഉപയോഗപ്പെടുത്താൻ കഴിയുന്നപദ്ധതികൾക്ക് രൂപം നൽകണം. ജില്ലയിലെ പ്രധാന പട്ടണങ്ങൾ താലൂക്ക് ആസ്ഥാനങ്ങൾ എന്നിവയെ ബന്ധിപ്പിക്കാൻ കഴിയുന്ന വിധം റോഡുകൾ വികസിക്കണം. പുതുതലമുറയുടെ ആവശ്യങ്ങൾ പരിഗണിക്കുന്ന വിധത്തിലുള്ള പദ്ധതികൾക്ക് പ്രാമുഖ്യം വേണം മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. അഡ്വ ടി ഒ മോഹനൻ എം എൽ എ അധ്യക്ഷത വഹിച്ചു.പദ്ധതികൾക്ക് സമയബന്ധിതമായി തുക അനുവദിക്കുകയും നിർവ്വഹണം സമയബന്ധിതമായി പൂർത്തിയാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. പശ്‌ചാത്തല സൗകര്യ വികസനത്തിന് പ്രാധാന്യം നൽകണമെന്നും എം എൽ എ വ്യക്തമാക്കി. സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ കെ എം ചന്ദ്രശേഖർ ആമുഖ പ്രഭാഷണം നടത്തി. മേയർ അഡ്വ പി ഇന്ദിര, എം എൽ എ മാരായ വി കുഞ്ഞികൃഷ്ണൻ, ടി കെ ഗോവിന്ദൻ,കെ വി സുമേഷ്, പി കെ പ്രവീൺ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, ജില്ലാ കലക്ടർ പി വിഷ്‌ണു രാജ്, സംസ്ഥാന ആസൂത്രണ ബോർഡംഗങ്ങളായ ഡോ. പി പി ബാലൻ, ജി വിജയരാഘവൻ, വരുൺ സന്തോഷ്, ശ്രീധർ രാധാകൃഷ്ണൻ, കൃഷി വിഭാഗം ചീഫ് എസ് എസ് നാഗേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി രാജേഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് ജനപ്രതിനിധികളും ജില്ലാതല ഉദ്യോഗസ്ഥരുമായുള്ള ചർച്ചയും ആശയ സമാഹരണവും ക്രോഡീകര ണവും നടന്നു.