ജില്ലയുടെ വികസനത്തിന് കൂട്ടായ ശ്രമങ്ങളുണ്ടാവണം; ജില്ലാതല പ്രതിനിധി യോഗം

വികസനത്തിനും വളര്‍ച്ചയ്ക്കുമുള്ള എല്ലാ ചേരുവകളും ഒത്തിണങ്ങിയ കണ്ണൂര്‍ ജില്ലയില്‍ ലക്ഷ്യം കൈവരിക്കുന്നതിന് കൂട്ടായ ശ്രമങ്ങളുണ്ടാവണമെന്ന് സംസ്ഥാന ആസൂത്രണ ബോര്‍ഡംഗം ജി വിജയരാഘവന് പറഞ്ഞു. വ്യവസായം, വാണിജ്യം, ടൂറിസം, കൃഷി, സേവന മേഖലകള്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒന്നിച്ചിരുന്ന് ജില്ലയിലെ വികസന തടസ്സങ്ങള്‍ നീക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കണം. വിവിധ മേഖലകളുടെ പുരോഗതിക്കായി കൂട്ടായ്മകള്‍ ഉയര്‍ന്നുവരികയും ജില്ലയുടെ വികസനം വേഗത്തിലാക്കുന്നതില്‍ സമ്മര്‍ദ്ദശക്തിയായി അവ മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പതിനഞ്ചാം പഞ്ചവത്സര പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലാ പ്രതിനിധികളെ പങ്കെടുപ്പിച്ച് ജില്ലാ കളക്ടര്‍ പി വിഷ്ണുരാജിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ പങ്കാളിത്ത സാമ്പത്തിക വ്യവസ്ഥ സൃഷ്ടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വികസന കാര്യങ്ങളില്‍ സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരുടെ പങ്കാളിത്തം ഉറപ്പുവരുത്താനാവണം. പ്രാദേശിക തലങ്ങളില്‍ വരുമാനദായകമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ പ്രധാന വ്യവസായമായ ഫര്‍ണിച്ചര്‍ മേഖലയ്ക്കാവശ്യമായ അസംസ്കൃത വസ്തുക്കളില്‍ 60 ശതമാനവും പുറത്തുനിന്ന് വരുന്നവയാണെന്നും അവ കേരളത്തില്‍ തന്നെ ഉല്‍പ്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങള്‍ വേണമെന്നും ചര്‍ച്ചയില്‍ നിര്‍ദ്ദേശമുയര്‍ന്നു. സഹകരണ മേഖലയിലെ നിക്ഷേപങ്ങള്‍ ഉല്‍പ്പാദന മേഖലയില്‍ ഉപയോഗിക്കാന്‍ സൗകര്യമൊരുക്കണം. ചുരുങ്ങിയ ചെലവില്‍ ഉയര്‍ന്ന ഉല്‍പ്പാദനം സാധ്യമാകുന്ന ഹൈടെക് രീതികലേക്ക് കാര്‍ഷിക മേഖലയിലുള്ളവര്‍ മാറണം. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് കൂടുതല്‍ ശ്രമങ്ങളുണ്ടാവണം. കൃഷിയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് സംവിധാനമുണ്ടാവണം. അവ കേടുവരാതെ സൂക്ഷിക്കുന്നതിനും വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നതിനുമുള്ള സൗകര്യങ്ങള്‍ ജില്ലയില്‍ വേണം. ആറളം ഫാമില്‍ ആഗ്രോ ബോട്ടാണിക്കല്‍ ഗാര്ഡന് സ്ഥാപിക്കണം. ഇതിലൂടെ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം ആയിരത്തോളം ആദിവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും സാധിക്കും. കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ സംഭരണം, വിപണനം, മാനേജ്മെന്റ് എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണം. മണ്ണിന്റെ സ്വഭാവത്തിന് അനുയോജ്യമായ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ക്ലസ്റ്റര്‍ ഫാമിംഗ് നടപ്പാക്കണമെന്നും അഭിപ്രായമുയര്‍ന്നു.
ജില്ലയുടെ വികസനത്തിന് കണ്ണൂര്‍ വിമാനത്താവളം, അഴീക്കല്‍ പോര്‍ട്ട് തുടങ്ങിയ സൗകര്യങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താന്‍ പദ്ധതികളുണ്ടാവണം. ഐടി മേഖലയില്‍ ഉള്‍പ്പെടെ ജില്ലയില്‍ വളര്‍ച്ചയുണ്ടാവണമെങ്കില്‍ മികച്ച ഗതാഗത സംവിധാനങ്ങള്‍, നൈറ്റ് ലൈഫ് ഉള്‍പ്പെടെയുള്ള അനുബന്ധ സൗകര്യങ്ങള്‍ എന്നിവ വേണം. കണ്ണൂര്‍ കാല്‍ടെക്സ്, പയ്യാമ്പലം ബീച്ച്, തലശ്ശേരി കടല്‍ത്തീരം തുടങ്ങിയവ നൈറ്റ് ലൈഫിന് അനുയോജ്യമായ ഇടങ്ങളാണ്. ടൂറിസം മേഖലയില്‍ അനന്ത സാധ്യതകളാണ് ജില്ലയിലുള്ളത്. കടല്‍ത്തീരങ്ങള്‍, പുഴകള്‍, കായലുകള്‍, തെയ്യം ഉള്‍പ്പെടെയുള്ള കലാരൂപങ്ങള്‍, തീര്‍ഥാടന കേന്ദ്രങ്ങള്‍, ഉത്സവങ്ങള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയെല്ലാം കോര്‍ത്തിണക്കി ടൂറിസം സര്‍ക്യൂട്ടുകള്‍ രൂപപ്പെടുത്തണം. ഇതിനായി ജില്ലയുടെ ടൂറിസം കലണ്ടര്‍ ഡിജിറ്റല്‍ രൂപത്തില്‍ പ്രസിദ്ധീകരിക്കണം. വിനോദ സഞ്ചാരികള്‍ക്ക് താമസിക്കുന്നതിനും പ്രാദേശിക ഭക്ഷ്യവിഭവങ്ങള്‍ ആസ്വദിക്കുന്നതിനും ഹോംസ്റ്റേ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
വ്യവസായ മേഖലയ്ക്കാവശ്യമായ തൊഴില്‍ നൈപുണ്യം വികസിപ്പിക്കുന്നതിന് ജില്ലയിലെ അക്കാദമിക സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം. കൈത്തറി ഉള്‍പ്പെടെയുള്ള മേഖലകളുടെ വികസനത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കണം. നിഫ്റ്റ് പോലുള്ള സ്ഥാപനങ്ങളുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തണം. സ്റ്റാര്‍ട്ടപ്പുകള്‍ക്കാവശ്യമായ ഇന്‍ക്യുബേഷന്‍ സെന്ററുകള്‍, ഗവേഷണ സൗകര്യങ്ങള്‍ തുടങ്ങിയ ഒരുക്കുന്നതിലൂടെ മലബാര്‍ കാന്‍സര്‍ സെന്റര്‍, കണ്ണൂര്‍ മെഡിക്കല്‍ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, എന്‍ടിടിഎഫ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ജില്ലയുടെ വികസനത്തില്‍ വലിയ പങ്കുവഹിക്കാനാവുമെന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ കലക്ടര്‍ പി വിഷ്ണു രാജ്, സംസ്ഥാന ആസൂത്രണ ബോര്‍ഡംഗങ്ങളായ ഡോ. പി പി ബാലന്, ജി വിജയരാഘവന്, വരുണ്‍ സന്തോഷ്, ശ്രീധര്‍ രാധാകൃഷ്ണന്, കൃഷി വിഭാഗം ചീഫ് എസ് എസ് നാഗേഷ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി രാജേഷ്, വിവിധ മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ എന്നിവര്‍ പങ്കെടുത്തു.

