ചോളകാലത്തെ നടരാജനും ശിവകാമിയുമെന്ന് ഗവേഷകർ; നാഗപട്ടണത്ത് മധ്യകാല ശിൽപ്പങ്ങൾ കുഴിച്ചെടുത്തു

തമിഴ്നാട്ടിലെ നാഗപട്ടണത്ത് നടന്ന പുരാവസ്തു ഖനനത്തിൽ മധ്യകാല ചോള സാമ്രാജ്യത്തിന്റെ കാലത്തെ രണ്ട് മിശ്രലോഹ ശിൽപ്പങ്ങൾ കണ്ടെത്തി. ആനന്ദ താണ്ഡവ ഭാവത്തിലുള്ള നടരാജ വിഗ്രഹവും, ശിവകാമി അമ്മാൻ വിഗ്രഹവുമാണ് കണ്ടെത്തിയത്. രണ്ടിന്റെയും പീഠങ്ങളും ലഭിച്ചിട്ടുണ്ട്.
എ.ഡി. 12-ാം നൂറ്റാണ്ടിൽ ചോള ഭരണകാലത്ത് നിർമിച്ചവയാണ് ഈ ശിൽപ്പങ്ങളെന്നാണ് കരുതപ്പെടുന്നത്. തമിഴ്നാട്ടിലെ പ്രധാന തുറമുഖ നഗരമായിരുന്ന നാഗപട്ടണത്ത്, ഏകദേശം 1 മീറ്റർ ആഴത്തിൽ നിന്നാണ് ശിൽപ്പങ്ങൾ കണ്ടെടുത്തത്. തമിഴ്നാട് തമിഴ് വികസന , പുരാവസ്തു വകുപ്പ് മന്ത്രി എ രാജ്മോഹൻ ആണ് ഈ കണ്ടെത്തൽ സോഷ്യൽ മീഡിയയിലൂടെ പുറത്തു വിട്ടത്. ഓഗസ്റ്റ് 3 മുതലാണ് തമിഴ്നാട് പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ ഇവിടെ ഖനനം ആരംഭിച്ചത്.നടരാജ ശിൽപ്പത്തിന് 110 സെന്റിമീറ്റർ ഉയരവും 100 സെന്റിമീറ്റർ വീതിയുമുണ്ട്. ആനന്ദ താണ്ഡവ ഭാവത്തിലാണ് ശിൽപ്പം. നാല് കൈകളുണ്ട്. വലതു മുൻകൈയിൽ ‘അഭയ മുദ്ര’യും, വലതു പിൻകൈയിൽ ഉടുക്കും, ഇടതു പിൻകൈയിൽ അഗ്നിയും, ഇടതുമുൻകൈയിൽ ‘ഗജഹസ്ത മുദ്ര’യുമാണുള്ളത്. ഒരു കാൽ ‘മുയലകൻ’ എന്ന അസുരന്റെ പുറത്തമർത്തി രണ്ടാമത്തെ കാൽ ഉയർത്തിപ്പിടിച്ച നിലയിലാണ്.ശിവകാമിയുടെ ശിൽപ്പത്തിന് 82 സെന്റിമീറ്ററാണ് ഉയരം. 23 സെന്റിമീറ്റർ വീതി. ത്രിഭംഗ ഭാവമാണ് ശിൽപ്പത്തിന്. വലതുകൈ ‘കടക മുദ്ര’യിലും ഇടതുകൈ ‘ഡോളഹസ്ത മുദ്ര’യിലുമാണ്.
വിഗ്രഹങ്ങൾ നിലവിൽ കെമിക്കൽ ട്രീറ്റ്മെന്റിനായി മാറ്റിയിരിക്കുകയാണ്. ഇവ നിർമ്മിക്കാൻ ഉപയോഗിച്ച ലോഹക്കൂട്ടുകൾ മനസ്സിലാക്കുന്നതിനുള്ള പരിശോധനകൾക്കുമായി ചെന്നൈയിലേക്ക് കൊണ്ടുപോകും. ചോള കാലഘട്ടത്തിൽ നാഗപട്ടണം കേവലം ഒരു തുറമുഖം മാത്രമല്ലായിരുന്നില്ലെന്നും, വാണിജ്യ കേന്ദ്രങ്ങൾ, കരകൗശല വിദഗ്ദ്ധർ, സൈനിക-നാവിക താവളങ്ങൾ, നിരവധിയായ ക്ഷേത്രങ്ങൾ എന്നിവ അടങ്ങിയ പ്രമുഖ നഗരമായിരുന്നുവെന്നും തമിഴ് സർവകലാശാലയിലെ മുൻ പ്രൊഫസർ വി. സെൽവകുമാർ വ്യക്തമാക്കി.
മന്ത്രി എ രാജ്മോഹന്റെ പോസ്റ്റ്
തമിഴ്നാട് സർക്കാരിന്റെ പുരാവസ്തു വകുപ്പിന്റെ ആഭിമുഖ്യത്തിൽ നാഗപട്ടണത്ത് ഖനന പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഈ പരിശ്രമങ്ങളിലൂടെ തമിഴ് ജനതയുടെ പ്രാചീനതയും ചരിത്രപരമായ പ്രാധാന്യവും വെളിപ്പെടുത്തുന്ന തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്നു.
അതെ, ചോള കാലഘട്ടത്തിലെ നടരാജരുടെയും ശിവകാമി അമ്മന്റെയും വെങ്കല വിഗ്രഹങ്ങൾ ഉൾപ്പെടെ നിരവധി പ്രതിമകൾ കണ്ടെത്തി എന്ന കാര്യം പങ്കുവെക്കുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്.
ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഭരണത്തിൻ കീഴിൽ, തമിഴ് ജനതയുടെ പ്രാചീനതയും സംസ്കാരവും ചരിത്രവും എടുത്തുപറയുന്ന പുരാവസ്തു ഗവേഷണ സംരംഭങ്ങൾ കൂടുതൽ മികവോടെ പുരോഗമിക്കുകയാണ്.

