November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 11, 2026

ശബരിമലയിലെത്തുന്ന തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി കർശന നടപടികളുമായി ആരോഗ്യ വകുപ്പ്.

SHARE

ശബരിമല തീർഥാടനം: ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിനെടുക്കരുത്, ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം മണ്ഡല മകരവിളക്കിന് ശബരിമലയിലെത്തുന്ന തീർഥാടകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി കർശന നടപടികളുമായി ആരോഗ്യ വകുപ്പ്. ഭക്ഷ്യ സുരക്ഷാ വകുപ്പ്. ആരോഗ്യശുചിത്വ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിൻ്റെ ഭാഗമായി ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വകുപ്പും ഹോട്ടല്‍ ഉടമകള്‍ക്കും കച്ചവട സ്ഥാപന ഉടമകള്‍ക്കുമായി ബോധവല്‍ക്കരണ ക്ലാസും പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ഭക്ഷണം തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ശുചിത്വ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിൻ്റെ ആവശ്യകത യോഗം വിശദീകരിച്ചു.

തീർഥാടന പാതയിലെ ഭക്ഷണശാലകള്‍, ഹോട്ടലുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, കുടിവെള്ള വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യശുചിത്വ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണവും പരിശോധനകളും നടത്തും. ഭക്ഷണം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും കൈകാര്യം ചെയ്യുന്നവരും വ്യക്തിശുചിത്വം കര്‍ശനമായി പാലിക്കണം.ഭക്ഷണം കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പാചകത്തിലും ഭക്ഷ്യവിതരണത്തിലും ഏര്‍പ്പെടുന്നവര്‍ വൃത്തിയുള്ള വസ്ത്രം ധരിക്കുന്നതിനൊപ്പം തലമുടി ഭക്ഷണത്തില്‍ വീഴുന്നത് ഒഴിവാക്കാന്‍ ക്യാപ് നിര്‍ബന്ധമായും ഉപയോഗിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടെ കഴുകുകയും ആവശ്യമായ ഘട്ടങ്ങളില്‍ വൃത്തിയുള്ള ഡിസ്‌പോസിബിള്‍ ഗ്ലൗസുകള്‍ ധരിക്കുകയും വേണം.

ഭക്ഷണം വിളമ്പുന്നതിനും നേരിട്ട് കൈകൊണ്ട് സ്പര്‍ശിക്കാതെ അനുയോജ്യമായ ഉപകരണങ്ങള്‍ ഉപയോഗിക്കണം. പാചകപ്പുരകളും ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങളും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. തറയില്‍ വെള്ളവും മലിനജലവും കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.

ഭക്ഷണാവശിഷ്ടങ്ങളും മറ്റ് മാലിന്യങ്ങളും നിക്ഷേപിക്കുന്നതിന് അടപ്പുള്ള വേസ്റ്റ് ബിന്നുകള്‍ നിര്‍ബന്ധമായും ഉപയോഗിക്കുകയും അവ നിറയുന്നതിന് മുമ്പ് കൃത്യമായി നീക്കം ചെയ്ത് ശാസ്ത്രീയമായി സംസ്‌കരിക്കുകയും വേണം. പാചകത്തിനായി ഉപയോഗിക്കുന്ന പച്ചക്കറികള്‍ ശുദ്ധജലത്തില്‍ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം മാത്രം ഉപയോഗിക്കണം.അഴുകിയതും കേടുപാടുകള്‍ സംഭവിച്ചതുമായ പച്ചക്കറികളും പഴവര്‍ഗങ്ങളും ഭക്ഷ്യവസ്തുക്കളും യാതൊരു കാരണവശാലും പാചകത്തിന് ഉപയോഗിക്കരുത്. കേടായവ ഉടന്‍ നീക്കം ചെയ്യുകയും നല്ല പച്ചക്കറികള്‍ കേടുകൂടാതെ ശുചിത്വമുള്ള സാഹചര്യത്തില്‍ സൂക്ഷിക്കുകയും വേണം. ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും പാചകത്തിന് ഉപയോഗിക്കരുത്.

ആവശ്യമായ പച്ചക്കറികള്‍ മാത്രം തൊലി നീക്കം ചെയ്തു വൃത്തിയാക്കി പാചകത്തിനായി തയ്യാറാക്കണം. പാകം ചെയ്തതും ചെയ്യാത്തതുമായ ഭക്ഷണസാധനങ്ങള്‍ തുറന്നുവെക്കാന്‍ പാടില്ല. ഈച്ചകള്‍, മറ്റ് പ്രാണികള്‍, പൊടി എന്നിവ കടക്കാത്തവിധം ഭക്ഷണപദാര്‍ഥങ്ങള്‍ എപ്പോഴും അടച്ചുവെക്കുകയും ശരിയായ രീതിയില്‍ സംഭരിക്കുകയും വേണം.

വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്ന സാഹചര്യത്തില്‍ പകര്‍ച്ച വ്യാധികള്‍, വയറിളക്കരോഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജലജന്യഭക്ഷ്യജന്യ രോഗങ്ങളും മറ്റ് പകര്‍ച്ചവ്യാധികളും വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. ശുദ്ധമായ കുടിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കുക, കുടിവെള്ള സംഭരണികള്‍ കൃത്യമായ ഇടവേളകളില്‍ ശുചീകരിച്ച് അണുവിമുക്തമാക്കുക, ഭക്ഷണം തയ്യാറാക്കുന്നതിനും സൂക്ഷിക്കുന്നതിനും സുരക്ഷിതമായ സാഹചര്യം ഒരുക്കുക എന്നിവയ്ക്ക് പ്രത്യേക ശ്രദ്ധ നല്‍കണം.ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന തൊഴിലാളികള്‍ ഉള്‍പ്പെടെ ഭക്ഷണം തയ്യാറാക്കുന്നതിലും വിതരണം ചെയ്യുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ ജീവനക്കാരുടെയും ആരോഗ്യസ്ഥിതി, ഹെല്‍ത്ത് കാര്‍ഡ്, വ്യക്തിശുചിത്വം എന്നിവ ഉറപ്പാക്കണം. രോഗലക്ഷണങ്ങളുള്ളവര്‍ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജോലികളില്‍ ഏര്‍പ്പെടരുത്. ഹോട്ടലുടമകളും വ്യാപാരികളും ജീവനക്കാരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് തീര്‍ത്ഥാടകര്‍ക്ക് സുരക്ഷിതമായ ഭക്ഷണവും ശുചിത്വപൂര്‍ണമായ അന്തരീക്ഷവും ഉറപ്പാക്കാന്‍ സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ യോഗത്തില്‍ നിര്‍ദേശിച്ചു.