പ്ലാസ്റ്റിക് വേണ്ട, മാലിന്യം വലിച്ചെറിയരുത്; ശബരിമല തീർഥാടനത്തിന് ശുചിത്വ സന്ദേശവുമായി ‘നിർമലം ശബരിമല’

തിരുവനന്തപുരം: ലക്ഷക്കണക്കിന് അയ്യപ്പഭക്തികൾ എത്തുന്ന ശബരിമല ഇനി കൂടുതൽ ശുചിത്വപൂർണവും പരിസ്ഥിതി സൗഹൃദവുമാക്കാൻ പുതിയ ക്യാമ്പയിനുമായി ശുചിത്വ മിഷൻ. തീർഥാടന പാതകളിലും പമ്പയിലും സന്നിധാനത്തും മാലിന്യം വലിച്ചെറിയുന്നതും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗവും തടയുകയാണ് ലക്ഷ്യം. മലയാളം ഉൾപ്പെടെ നാല് ഭാഷകളിൽ ബോധവത്കരണ സന്ദേശങ്ങളുമായി ‘നിർമലം ശബരിമല’ ക്യാമ്പയിന് തുടക്കമായി.
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ ഉത്ബോധന വീഡിയോ സ്വിച്ച് ഓൺ ചെയ്ത് മന്ത്രി കെ എം ഷാജി ഉദ്ഘാടനം നിർവഹിച്ചു. തീർഥാടകരെ ലക്ഷ്യമിട്ട് തയ്യാറാക്കിയ വിവിധ ഭാഷകളിലുള്ള പ്രചാരണ പോസ്റ്ററുകളും പ്രകാശനം ചെയ്തു. അയ്യപ്പഭക്തിയുടെ പുണ്യയാത്ര പ്രകൃതിസംരക്ഷണത്തിന്റെയും ശുചിത്വത്തിന്റെയും മാതൃകയാക്കി മാറ്റുകയാണ് ‘നിർമലം ശബരിമല’ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ നിന്നുള്ള തീർഥാടകർക്ക് പുറമെ തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടകരിലേക്കും ശുചിത്വ സന്ദേശം എത്തിക്കുന്നതിനായി മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിൽ ബോധവൽക്കരണ പ്രചാരണങ്ങൾ ക്യാമ്പയിന്റെ ഭാഗമായി ശുചിത്വ മിഷന് ആരംഭിച്ചിട്ടുണ്ട്. പ്രധാന പാതകളില്‍ ബഹുഭാഷാ അവബോധ സന്ദേശങ്ങള്‍ ഉള്‍പ്പെടുന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. തുണി സഞ്ചി വിതരണത്തിനായി പ്രത്യേക കിയോസ്ക്, ബിന്നുകളിലെ മാലിന്യം കൃത്യമായി ശേഖരിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.
തീർഥാടന പാതകളിലും പമ്പയിലും സന്നിധാനത്തും മാലിന്യം വലിച്ചെറിയുന്നതും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും ഒഴിവാക്കുക, പുനരുപയോഗിക്കാവുന്ന വസ്തുക്കൾ മാത്രം ഉപയോഗിക്കുക, മാലിന്യങ്ങൾ കൃത്യമായി തരംതിരിച്ച് നിക്ഷേപിക്കുക, വനമേഖലയും വന്യജീവികളും സംരക്ഷിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് ക്യാമ്പയിനിലൂടെ പ്രചരിപ്പിക്കുന്നത്.
വെർച്വൽ ക്യൂ വഴി രജിസ്റ്റർ ചെയ്യുന്ന തീർഥാടകർക്ക് ബോധവത്കരണ വീഡിയോകൾ ലഭ്യമാക്കുക, ഡിജിറ്റൽ മാധ്യമങ്ങളിലൂടെ വിവിധ ഭാഷകളിൽ സന്ദേശങ്ങൾ പ്രചരിപ്പിക്കുക, സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റ് പ്രചാരണ സംവിധാനങ്ങളിലൂടെയും ശുചിത്വ സന്ദേശം വ്യാപകമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളും ക്യാമ്പയിന്റെ ഭാഗമായി നടപ്പാക്കും.
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട കേരളത്തിലേയും വിവിധ സംസ്ഥാനങ്ങളിലേയും സർക്കാർ സംവിധാനങ്ങളുടേയും അനുബന്ധ വകുപ്പുകളുടേയും സഹകരണത്തോടെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ചടങ്ങിൽ ശുചിത്വ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ കെ. ഹരികുമാർ ഐ.എ.എസ്, ഓപ്പറേഷൻസ് ഡയറക്ടർ എസ്. ജഹാംഗീർ, ഐ ഇ സി സീനിയര്‍ കണ്‍സല്‍ട്ടന്റ് അശ്റഫ് തൂണേരി തുടങ്ങിയവർ പങ്കെടുത്തു.

