November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

ലഹരിക്കേസില്‍ പിടിയിലായ വ്ളോഗർ ഹൈദർ മധൂർ ഉറ്റസുഹൃത്തെന്ന തരത്തില്‍ പ്രചാരണം; നിയമനടപടിക്കൊരുങ്ങി കെ ടി ജലീൽ

SHARE

മലപ്പുറം: ലഹരിക്കേസില്‍ പിടിയിലായ വ്ളോഗർ ഹൈദര്‍ മധൂറുമായി ബന്ധമുണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണത്തില്‍ നിയമനടപടിക്കൊരുങ്ങി സിപിഐഎം നേതാവ് കെ ടി ജലീല്‍. മാനു പയനൂര്‍, അഖിലേഷ് നാഥ് തുടങ്ങി പതിനഞ്ചോളം അക്കൗണ്ടുകളില്‍ നിന്ന് താനും ഹൈദര്‍ മധൂരും ഉറ്റസുഹൃത്തുക്കളാണെന്ന മട്ടിലായിരുന്നു പ്രചാരണമെന്ന് കെ ടി ജലീല്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. പട്ടാമ്പി സ്വദേശികളും യൂത്ത് ലീഗ് പ്രവര്‍ത്തകരുമായ മുജീബ് അത്താണിക്കല്‍, ടി പി ബഷീര്‍ എന്നിവര്‍ തനിക്കെതിരെ ഇട്ട വ്യാജ പോസ്റ്റിന്റെ പേരില്‍ ഇപ്പോള്‍ വെള്ളം കുടിക്കുകയാണ്. ഇന്നലെയും അവര്‍ തന്റെ ഒരു സുഹൃത്ത് മുഖേന ബന്ധപ്പെട്ടിരുന്നു. അവര്‍ക്ക് തെറ്റുപറ്റിയെന്നും, കേസ് പിന്‍വലിക്കണമെന്നും അവര്‍ കെഞ്ചിപ്പറഞ്ഞു. അവര്‍ക്ക് മാപ്പ് കൊടുക്കണോ അതോ നിയമപരമായി മുന്നോട്ട് പോകണോ എന്ന് ലീഗുകാര്‍ പറയണമെന്നും കെ ടി ജലീല്‍ പരിഹാസ രൂപേണ പറഞ്ഞു.

‘പ്രത്യക്ഷത്തില്‍ ഒരു ബിസിനസോ, ജോലിയോ, മറ്റെന്തെങ്കിലും ഏര്‍പ്പാടുകളോ ഇല്ലാതെ, വെള്ളയും വെള്ളയും ധരിച്ച് അത്യാര്‍ഭാടത്തോടെ ജീവിക്കുന്ന ‘മാന്യന്മാരുടെ’ എണ്ണം സമൂഹത്തില്‍ കൂടിക്കൂടി വരികയാണ്. ഇക്കൂട്ടത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകരുണ്ട്, ചാരിറ്റി നന്മ മരങ്ങളുണ്ട്, വ്‌ളോഗര്‍മാരുണ്ട്, ആത്മീയതയുടെ മറപറ്റിയവരുണ്ട്, എന്നുവേണ്ട എല്ലാ തരത്തില്‍ പെട്ടവരുമുണ്ട്. വിലപിടിപ്പുള്ള കാറുകള്‍, വീടുകള്‍, അതിസമ്പന്നരാണെന്ന രൂപത്തിലുള്ള നടപ്പും ഇരിപ്പും, ഇതെല്ലാമുള്ള സമൂഹത്തിലെ ‘പകല്‍ മാന്യന്മാരെ’ എല്ലാവരും ജാഗ്രതയോടെ കാണണം’, കെ ടി ജലീല്‍ പറഞ്ഞു.

അധാര്‍മ്മികമായ പലവഴികളിലൂടെയാണ് ഈ ഗണത്തില്‍ പെടുന്നവര്‍ ധനസമ്പാദനം നടത്തുന്നത്. സമൂഹത്തെ തകര്‍ക്കുന്ന മയക്കുമരുന്ന് കച്ചവടം, രാസലഹരികളുടെ വില്‍പ്പന, വട്ടിപ്പലിശക്ക് പണം കൊടുക്കല്‍, ബിസിനസിലേക്ക് എന്നു പറഞ്ഞ് ആളുകളില്‍ നിന്ന് പണം വാങ്ങി പറ്റിക്കല്‍, തരംകിട്ടിയാല്‍ കക്കല്‍, ഫണ്ട് ശേഖരിച്ച് മുക്കല്‍, ഭീമമായ ലാഭം വാഗ്ദാനം ചെയ്ത് നാട്ടുകാരെ വഞ്ചിച്ച് ലക്ഷങ്ങളും കോടികളും തട്ടല്‍, ഇതൊക്കെയാണ് തട്ടിപ്പന്‍മാരുടെ ഏര്‍പ്പാടുകള്‍. അങ്ങനെയുള്ളവര്‍ മുഖ്യമന്ത്രിയുടെ മീഡിയാ ഉപദേഷ്ടാക്കളായാലും, പി കെ ഫിറോസ് എംഎല്‍എയുടെ സഹോദരനായാലും, ഹൈദര്‍ മധൂരായാലും, ഏത് കൊലകൊമ്പനായാലും ശക്തമായ നടപടിയുണ്ടാകണമെന്നും കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.