അധികാരത്തിലേറി ആറ് മാസമാകുമ്പോഴേക്കും യുഡിഎഫിൽ കൂട്ടയടി; ജനജീവിതം തകർക്കുകയാണ് സർക്കാർ: എം വി ഗോവിന്ദൻ മാസ്റ്റർ

അധികാരത്തിലേറി ആറ് മാസമാകുമ്പോഴേക്കും യുഡിഎഫിൽ കൂട്ടയടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മന്ത്രിയായ കെപിസിസി പ്രസിഡന്റിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞു. ഇതേ വൈദ്യുതി വകുപ്പ് മന്ത്രി മുഖ്യമന്ത്രിയെയും തള്ളിപ്പറഞ്ഞിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി ഉൾപ്പെടെ എല്ലാ മന്ത്രിമാരുടെയും മുകളിൽ ആധിപത്യം സ്ഥാപിച്ചുകൊണ്ടാണ് മുഖ്യമന്ത്രി മുന്നോട്ടേക്ക് പോകുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തിന്റെ ജനാധിപത്യ സംവിധാനത്തെയും മുന്നേറ്റത്തെയും തകർക്കുന്ന നിലയിലാണ് കാര്യങ്ങൾ നീങ്ങുന്നത്. മുന്നണിക്കുള്ളിലെ തർക്കങ്ങൾ കാരണം സംസ്ഥാനത്ത് ഭരണസ്തംഭനമാണ്. ജനങ്ങളുടെ ദൈനംദിന ജീവിതം പൂർണ്ണമായും തകരുകയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലി രാജ്മോഹൻ ഉണ്ണിത്താൻ ഉൾപ്പെടെയുള്ള നേതാക്കൾ പരസ്യമായി അവകാശവാദം ഉന്നയിച്ച് രംഗത്തെത്തി. കോൺഗ്രസ് നേതൃത്വവുമായി യാതൊരു ചർച്ചയും നടക്കുന്നില്ലെന്നും, കാര്യങ്ങൾ പത്രങ്ങളിൽ വായിച്ചാണ് അറിയുന്നതെന്നും മുന്നണി കൺവീനർ തന്നെ വ്യക്തമാക്കി കഴിഞ്ഞു. ഇത്തരത്തിലുള്ള നിലപാടുകൾ കേരളത്തിന്റെ ജനാധിപത്യ സംവിധാനത്തെയും മുന്നേറ്റത്തെയും തകർക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിലക്കയറ്റവും ആരോഗ്യമേഖലയിലെ പ്രതിസന്ധിയുമെല്ലാം ജനജീവിതത്തെ ബാധിക്കുന്നു. ഭരണനേതാക്കളുടെ ആഭ്യന്തര തർക്കങ്ങളും ജനങ്ങളുടെ ജീവിതം ദുസ്സഹമായി തീർത്തിരിക്കുകയാണ്. നിത്യോപയോഗ സാധനങ്ങൾക്കടക്കം രൂക്ഷമായ വിലവർധനവാണ്. പൊതുജനങ്ങൾക്ക് സൗജന്യമായി ലഭിച്ചുകൊണ്ടിരുന്ന ആരോഗ്യ മേഖലയിലെ സേവനങ്ങളും മരുന്നുകളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ആശുപത്രികളിൽ മരുന്നില്ലെന്ന വസ്തുത ചൂണ്ടിക്കാണിക്കുമ്പോൾ മന്ത്രി ദേഷ്യപ്പെടുകയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ചൂണ്ടിക്കാട്ടി.
അതേസമയം സർക്കാർ വാഹനങ്ങളൊന്നും പുതിയതായി വാങ്ങുന്നില്ലെന്ന് മുഖ്യമന്ത്രി ഓരോ പത്രസമ്മേളനത്തിലും കളവ് പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. ആർഭാടമില്ലെന്ന് അവകാശപ്പെടുമ്പോഴും കോടിക്കണക്കിന് രൂപ ചെലവഴിച്ച് 21 പുതിയ വാഹനങ്ങൾ വാങ്ങാനാണ് സർക്കാരിനറെ തീരുമാനം. നാടിന്റെ വികസനത്തിനായി ഒരിഞ്ച് പോലും മുന്നോട്ട് പോകാതെ, കുത്തക മുതലാളിമാർക്കും കോർപ്പറേറ്റുകൾക്കും ലാഭമുണ്ടാക്കാൻ പ്രകൃതിയും ഭൂസമ്പത്തും തീരദേശവും കടലും വിറ്റഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭരണപരാജയങ്ങളും അഴിമതികളും മറച്ചുവെക്കാൻ ബോധപൂർവ്വം കള്ളപ്രചാരണങ്ങൾ നടത്തി ദിവസേന പുതിയ എസ്.ഐ.ടി അന്വേഷണങ്ങൾ പ്രഖ്യാപിക്കുകയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കായിക വകുപ്പ് മന്ത്രിക്കെതിരെ യാതൊരു തെളിവുമില്ലാത്ത അസംബന്ധ അന്വേഷണമാണ് സർക്കാർ നടത്തുന്നത്. ക്രൈം ബ്രാഞ്ച് ഉൾപ്പെടെയുള്ള ഏജൻസികളുടെ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞ്, തങ്ങൾക്ക് അനുകൂലമായ റിപ്പോർട്ടുകൾ ഉണ്ടാക്കിയെടുക്കാനും മുൻ സർക്കാരിനെ മോശമായി ചിത്രീകരിക്കാനുമാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.

