ബോർഡ് കോർപ്പറേഷൻ നിയമനത്തിൽ അതൃപ്തി കനക്കുന്നു; തർക്ക പരിഹാരത്തിനായി മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും കൂടിക്കാഴ്ച നടത്തും

ബോർഡ് കോർപ്പറേഷൻ നിയമനത്തിൽ കോൺഗ്രസിലും യു ഡി എഫിലും പരക്കെ അതൃപ്തിയുണ്ടാകുന്ന സാഹചര്യത്തിൽ പരിഹാരത്തിനായുള്ള നീക്കങ്ങളുമായി നേതാക്കൾ. അതൃപ്തി കോൺഗ്രസിനെയും സർക്കാരിനേയും പാടെ വെട്ടിലാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനുള്ള നീക്കം ആരംഭിച്ചിരിക്കുന്നത്. ഘടകകക്ഷികൾ ഉൾപ്പെടെ അതൃപ്തിയുമായി രംഗത്ത് വന്നു. ഈ സാഹചര്യത്തിൽ തർക്ക പരിഹാരത്തിനായി മുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനും ഇന്ന് കൂടിക്കാഴ്ച നടത്തും. ഇവർ ഘടകകക്ഷികളുമായും ചർച്ച നടത്തും. കേരള കോൺഗ്രസ് ജോസഫ്, ആർ എസ് പി പാർട്ടികളുമായാണ് ചർച്ച നടത്തുക. അതൃപ്തി പരസ്യമാക്കിക്കൊണ്ട് ഇരു പാർട്ടികളും മുന്നേ തന്നെ എത്തിയിരുന്നു. കോൺഗ്രസിലെ തീരുമാനം വൈകുന്ന സാഹചര്യത്തിൽ മുസ്ലീം ലീഗ് ബോർഡ് കോർപ്പറേഷൻ ചെയർമാൻമാരെ നേരത്തെ തന്നെ നിശ്ചയിക്കുകയും പട്ടിക തയ്യാറാക്കുകയും ചെയ്തിരുന്നു. ഇനിയും കൂടുതൽ സ്ഥാനങ്ങൾ വേണമെന്ന ആവശ്യം മുന്നോട്ട് വെക്കാനാണ് ലീഗ് ഒരുങ്ങുന്നത്. ഇതിലും യു ഡി എഫിൽ വലിയ അതൃപ്തിയാണ് ഉയരുന്നത്. മുസ്ലീം ലീഗിന് കൂടുതൽ പരിഗണന നൽകുന്നു എന്നതിൽ കോൺഗ്രസിൽ പ്രശ്നം രൂക്ഷമാകുകയാണ്.

