കേരളത്തിൽ തെങ്ങും കായലും അല്ലാതെ വേറൊന്നുമില്ല, കുടകിൽ മലയാളികളുടെ തോന്നിവാസം- വിദ്വേഷപ്രസംഗവുമായി മുൻ ബിജെപി എംപി.

കൂർഗ്: കേരളത്തിനെതിരെ അധിക്ഷേപ പരാമർശവുമായി ബിജെപി മുൻ എംപി. മലയാളികളെത്തി കർണാടകയിലെ സംസ്കാരം നശിപ്പിക്കുന്നു എന്ന് കുടക് മുൻ എംപി പ്രതാപ് സിംഹ പറഞ്ഞു. ഗുണ്ടൽപേട്ടിന്റെ പകുതി മലയാളികൾ കയ്യേറി, കുടകിൽ മുഴുവൻ മലയാളികളുടെ തോന്നിവാസമാണ്. കേരളത്തിൽ തെങ്ങും കായലും അല്ലാതെ വേറൊന്നുമില്ല. മലയാളികൾ ബുദ്ധിയുള്ളവർ എന്ന് പറയുന്നതല്ലാതെ മറുനാട്ടിൽ എത്തിയാൽ അത് കാണില്ലെന്നും അധിക്ഷേപ പരാമർശമുണ്ട്.കുടകിൽ ഒരു ഹോക്കി ചാമ്പ്യൻഷിപ്പ് ഉദ്ഘാടന ചടങ്ങിനിടെയാണ് മുൻ ബിജെപി എംപിയും മാധ്യമപ്രവർത്തകൻ കൂടിയായ പ്രതാപ് സിംഹയുടെ പരാമർശം.മലയാളികളെത്തി കുടകിലെ അവസരങ്ങൾ തട്ടിയെടുക്കുന്നുവെന്ന പ്രചാരണം ഏറെക്കാലമായി കർണാടകത്തിലും കുടകിലുമെല്ലാം വ്യാപകമാണ്. നിരവധി മലയാളികൾ കുടിയേറിപ്പാർക്കുന്ന സ്ഥലമാണ് കുടക്, ഗുണ്ടൽപേട്ട് തുടങ്ങിയവ. അതിർത്തി പങ്കിടുന്ന ജില്ലകളാണ് വയനാടും കണ്ണൂരും കാസർകോടുമെല്ലാം. മലയാളികളുടേതായി നിരവധി കൃഷി സ്ഥലങ്ങളും വ്യാപാരകേന്ദ്രങ്ങളും ഈ മേഖലയിലുണ്ട്.

