ഗ്രാമവികസനം ഭരണതന്ത്രം കുട്ടികളുടെ പാഠശാലയായി കളം

നിങ്ങള്‍ കണ്ണൂരിന്റെ കലക്ടറായാല്‍ ആദ്യം എന്തു ചെയ്യും. ജില്ലാ കലക്ടര്‍ പി.വിഷ്ണുരാജിൻ്റെ അപ്രതീക്ഷിത ചോദ്യം.കുട്ടികളെ അങ്കലാപ്പിലാക്കി. എന്നാൽ ക്ഷണനേരത്തിനുള്ളിൽ അവർ ഉത്തരം പറഞ്ഞു തുടങ്ങി. ഗതാഗത പരിഷ്കരണം, ആതുരാലയങ്ങളുടെ നവീകരണം, ഭക്ഷ്യസുരക്ഷ പരിപാലനം എന്നിങ്ങനെ വേറിട്ട വിഷയങ്ങളിലായിരുന്നു കുട്ടികളുടെ മറുപടികള്‍. കുട്ടികളുമായുള്ള പ്രതിവാര സംവാദം കളം പരിപാടിയില്‍ പിണറായി എ.കെ.ജി. മെമ്മോറിയല്‍ ഹൈസ്കൂളിലെയും മാട്ടൂര്‍ നെജാത്ത് ഹയര്സെക്കന്ഡറിലെയും വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു കലക്ടര്‍.

ആദ്യം കണ്ണൂരിനെ പഠിക്കണം അവിടെ നിന്നും എല്ലാം ചെയ്തു തുടങ്ങാം. വളരെ ലളിതമായിരുന്നു സ്വന്തം അനുഭവത്തിലൂടെയുള്ള കലക്ടറുടെ കുട്ടികളോടുള്ള ഉപദേശം. നഗരങ്ങളും ഗ്രാമങ്ങളും ചേര്ന്നിണങ്ങിയതാണ് കണ്ണൂരിന്റെ ഭൂമിശാസ്ത്രം. ഒരോയിടങ്ങളും ഒരോന്നും വ്യത്യസ്തം. ഓരോ നാടിന്റെ പശ്നങ്ങളും പരിഹാരങ്ങളും വിവിധങ്ങളാണ്. ആദ്യം ഇതിനെക്കുറിച്ചെല്ലാം അവബോധമുണ്ടാക്കുകയെന്നതാണ് ഏറ്റവും നല്ല തീരുമാനം. പ്രശ്ന പരിഹാരങ്ങള്‍ ഇതിന് പിന്നാലെയായി വന്നു കൊള്ളും. തുറന്ന ആശയവിനിമയമാണ് പ്രധാനമായി തോന്നിയിട്ടുള്ളത്. കേള്‍ക്കാനും പറയാനുമുള്ള ക്ഷമകളിലൂടെ ഭരണകൂടത്തിന്റെ ചക്രം ആയാസരഹിതമായി തിരിക്കാം. സമൂഹമാണ് ഏറ്റവും വലിയ പാഠശാലയെന്നും പാഠ്യപദ്ധതികള്ക്കപ്പുറമുള്ള ഈ അറിവുകളാണ് കുട്ടികളും വളരുന്ന മുറയ്ക്ക് ആര്‍ജിക്കേണ്ടതെന്നും ജില്ലാ കലക്ടര്‍ പി.വിഷ്ണുരാജ് പറഞ്ഞു.
ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്നാണ് ഗാന്ധിജി പറഞ്ഞത്. പഴയ കാലത്ത് പ്രത്യേകിച്ചും ഉത്തരേന്ത്യയിലെ ഗ്രാമങ്ങള്‍ ഉച്ചനീചത്വങ്ങളുടെ വേര്തിരിവിലായി ഛിന്ന ഭിന്നമായിരുന്നു. യഥാര്‍ത്ഥ ഇന്ത്യയുടെ നേര്‍കാഴ്ച അന്ന് ഗ്രാമങ്ങളില്‍ പ്രതിഫലിച്ചു. ഇന്ന് ഗ്രാമങ്ങള്‍ സമത്വ സുന്ദരമായി. നാട് കൈവരിക്കുന്ന നേട്ടങ്ങളുടെയും പുനരുദ്ധാരണത്തിന്റെയും മാതൃകകള്‍ ഇന്ന് ഗ്രാമങ്ങളില്‍ കാണാം. ഇതിനെല്ലാം പിന്നില്‍ മുന്നേറ്റത്തിന്റെ വിവിധ ഘട്ടങ്ങളുണ്ട്. ഗ്രാമികസനം ഇന്നൊരു പാഠ്യവിഷയമാണ്. ദാരിദ്രലഘൂകരണത്തിന്റെയും കൂട്ടായ്മകളുടെയും സന്ദേശങ്ങളാണ് ഇന്ന് ഗ്രാമങ്ങളും നഗരങ്ങളും ചേര്‍ന്ന് നാടുകള്‍ രൂപപ്പെടുത്തുന്നത്. ഭരണ നിര്‍വ്വഹണം ലഘൂകരിക്കുന്നതിനായി വിവിധ ഭാഗങ്ങളായി പദ്ധതികള്‍ നടപ്പാക്കുന്നു. ഗ്രാമസഭകള്‍ അയല്‍ക്കൂട്ടങ്ങള്‍ ഇവയെല്ലാം ചേര്‍ന്നുള്ള കൂട്ടായ ആശയരൂപാന്തരണങ്ങളെല്ലാം ഗ്രാമപുരോഗതിയുടെ അടയാളങ്ങളാണെന്ന് കളം കുട്ടികളോട് പങ്കുവെച്ചു.

