കൊടവ സമുദായത്തിന്റെ ഏറ്റവും വലിയ വിളവെടുപ്പ് ഉത്സവം ”പുത്തരി”

SHARE

വിരാജ്‌പേട്ട്: കൊടകിന്റെ മണ്ണിന്റെ ഉത്സവം, കൊടവ സമുദായത്തിന്റെ ഏറ്റവും വലിയ വിളവെടുപ്പ് ഉത്സവമായ പുത്തരി ഇത്തവണയും അതീവ ഭക്തിയോടും ആഘോഷത്തോടും കൂടി കൊടക് മുഴുവൻ കൊണ്ടാടി. പാടി ശ്രീ ഇഗ്ഗുത്തപ്പ ക്ഷേത്രത്തിൽ നടന്ന യോഗത്തിലാണ് ഇത്തവണത്തെ പുത്തരി തിയ്യതി നിശ്ചയിച്ചത്. രോഹിണി നക്ഷത്രം വന്ന നവംബർ 25 നായിരുന്നു ഈ വർഷത്തെ നാട് പുത്തരി. തലേ ദിവസം പാടിയിൽ ദേവ പുത്തരിയും നടന്നു. പുത്തരി എന്നാൽ ‘പുതിയ അരി’ എന്നാണ് അർത്ഥം. പുതിയ നെൽക്കതിർ കൊയ്ത് വീട്ടിലേക്ക് കൊണ്ടുവരുന്നതാണ് ഈ ഉത്സവത്തിന്റെ കാതൽ.

പാടി മുതൽ മടിക്കേരി വരെ

കക്കബെയിലെ പാടി ശ്രീ ഇഗ്ഗുത്തപ്പ ക്ഷേത്രത്തിൽ പൊങ്കേര, കാണിയണ്ട, കൊളയണ്ട, ബൊള്ളനംഡ, ഐരിര തുടങ്ങിയ കുടുംബങ്ങൾ ഒത്തുചേർന്നു. ക്ഷേത്രത്തിൽ നിന്ന് വെള്ളി പാത്രവുമായി പൊങ്കേര അപ്പണ്ണന്റെ ബഹുബല്യ പാടത്തിലേക്ക് പോയി പ്രാർത്ഥനയോടെ ആദ്യ കതിർ കൊയ്തു. മഴയ്ക്കും സമൃദ്ധമായ വിളവിനും വേണ്ടി പ്രാർത്ഥിച്ചു. മടിക്കേരിയിൽ മടിക്കേരി കൊടവ സമാജവും ഓംകാരേശ്വര ക്ഷേത്ര കമ്മിറ്റിയും ചേർന്ന് ആഘോഷിച്ചു. ക്ഷേത്രത്തിൽ നിന്ന് ‘ദേവര ഗദ്ദെ’യിലേക്ക് ഘോഷയാത്രയായി പോയി, തോക്ക് വെടിവെച്ച് പുത്തരി ചടങ്ങ് നടത്തി, പുതു നെൽക്കതിർ കൊയ്ത് കോട്ടെ ഗണപതി ക്ഷേത്രത്തിൽ സമർപ്പിച്ചു. കുശാൽനഗറിൽ ഗൗഡ സമാജവും മറ്റ് സംഘടനകളും ചേർന്ന് ഗുമ്മനക്കൊള്ളിയിലെ പാടത്ത് കതിർ കൊയ്ത് എല്ലാവർക്കും വിതരണം ചെയ്തു. കുശാൽനഗർ കൊടവ സമാജത്തിലും വിപുലമായ ആഘോഷം നടന്നു.

ഐൻമനെകളിൽ ഉത്സവം

കൊടകിലെ ഓരോ ഐൻമനെയിലും (തറവാട്) ഇത്തവണയും പുത്തരി വലിയ ആഘോഷമായിരുന്നു. വീടുകൾ വെള്ള പൂശി, മാവിലയും ചെണ്ടുമല്ലിയും കൊണ്ട് അലങ്കരിച്ചു. സന്ധ്യക്ക് ‘നെരെ കെട്ടുവോ’ ചടങ്ങ് നടത്തി. സ്ത്രീകൾ താലിയക്കി ബോൾച (വിളക്ക്) പിടിച്ച് മുന്നിൽ നടന്നു, പുരുഷന്മാർ കുപ്പ്യ-ചേലെ ധരിച്ച് പിന്നാലെ പാടത്തേക്ക് പോയി. കുടുംബത്തിലെ മുതിർന്നയാൾ ഒറ്റ സംഖ്യയിൽ നെൽക്കതിർ കൊയ്തു. എല്ലാവരും ഒരുമിച്ച് “പൊളി പൊളി ദേവാ” എന്ന് വിളിച്ചു. കതിർ കുത്തിയിൽ (മുളങ്കുട്ട) ആക്കി വീട്ടിലേക്ക് കൊണ്ടുവന്ന് നെല്ലാക്കി ബോൾചയുടെ (പവിത്ര വിളക്ക്) മുന്നിൽ വെച്ച് പ്രാർത്ഥിച്ചു. പിന്നീട് പുതിയ അരി കൊണ്ടുള്ള തംബിട്ട്, അരി പായസം, നൂൽപുട്ട്, പാണ്ടി കറി എന്നിവയടങ്ങിയ സദ്യ വാഴയിലയിൽ വിളമ്പി. രാത്രി പടക്കം പൊട്ടിച്ചും ഉമ്മത്താട്ട്, ബോലക്കാട്ട്, പുത്തരി കോലാട്ട്, പരെയകളി തുടങ്ങിയ നൃത്തങ്ങളുമായി ആഘോഷം പൊടിപൊടിച്ചു