‘സ്ത്രീസംവരണമല്ല, മണ്ഡലപുനർനിർണയത്തിലൂടെ രാഷ്ട്രീയ നേട്ടമാണ് ലക്ഷ്യം; ബില്ലിനെ അനുകൂലിക്കുന്ന എംപിമാർ ജനാധിപത്യവിരുദ്ധർ: അരുന്ധതി റോയ്

SHARE

ദില്ലി: മണ്ഡലപുനർനിർണയ ബില്ലിന് അനുകൂലമായി വോട്ട് ചെയ്യുന്ന ഓരോ പാർലമെന്റ് അംഗവും ഇന്ത്യൻ ജനാധിപത്യം മുന്നോട്ടുവെച്ച വാഗ്ദാനങ്ങളെയാണ് വഞ്ചിക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. അടുത്തയാഴ്ച പാർലമെന്റിൽ മണ്ഡലപുനർനിർണയ ബില്ലിനെ അനുകൂലിക്കാൻ കൈ ഉയർത്തുന്ന ഓരോ എംപിക്കും, അതിൽ നിന്ന് സൗകര്യപൂർവം വിട്ടുനിൽക്കുന്ന ഓരോ എംപിക്കും ഈ സാധാരണ പൗരയുടെ ശാപവാക്കുകളുണ്ടാകുമെന്നും അവർ പ്രതികരിച്ചു. ന്യൂദില്ലിയിലെ ജവഹർ ഭവനിൽ നടന്ന ദേശീയ എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. വനിതാ സംവരണത്തിന്റെ പേരിൽ കേന്ദ്രസർക്കാർ കൊണ്ടുവരാൻ ശ്രമിക്കുന്ന മണ്ഡലപുനർനിർണയ നീക്കത്തെ അരുന്ധതി റോയ് രൂക്ഷമായി വിമർശിച്ചു. വനിതാ സംവരണമല്ല, മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് അവർ വ്യക്തമാക്കി. സമ്പദ്‌വ്യവസ്ഥയിൽ നോട്ട് നിരോധനം സൃഷ്ടിച്ച പ്രത്യാഘാതത്തിന് തുല്യമായിരിക്കും മണ്ഡലപുനർനിർണയം ജനാധിപത്യത്തിന് ഉണ്ടാക്കുന്ന ആഘാതമെന്ന് അരുന്ധതി റോയ് ചൂണ്ടിക്കാട്ടി. നവംബർ 30 മുതൽ ആരംഭിക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായാണ് എഴുത്തുകാരുടെയും കലാകാരന്മാരുടെയും സംഗമം സംഘടിപ്പിച്ചത്. വനിതാ സംവരണം നടപ്പാക്കുന്നതിന്റെ പേരിൽ കൂടുതൽ മണ്ഡലങ്ങൾ സൃഷ്ടിക്കാനെന്ന വ്യാജേന മണ്ഡലപുനർനിർണയ ബിൽ പാസാക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് അരുന്ധതി റോയ് വ്യക്തമാക്കി. പാർലമെന്റിലെ അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുക മാത്രമല്ല മണ്ഡലപുനർനിർണയത്തിന്റെ ലക്ഷ്യം. ജാതി, മതം, സമുദായം അടിസ്ഥാനമാക്കി വിഭജനങ്ങൾ മണ്ഡലങ്ങളുടെ അതിർത്തികളിലൂടെ കൂടുതൽ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇതിലൂടെ രാഷ്ട്രീയമായി അനുകൂലമായ മണ്ഡലങ്ങൾ രൂപപ്പെടുത്താനും ഒരു പ്രത്യേക രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് ആധിപത്യം ഉറപ്പിക്കാനും കഴിയുമെന്നും അരുന്ധതി റോയ് പറഞ്ഞു.