August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 28, 2026

ഇരുണ്ടകാലത്തെ കീറിമുറിച്ച ഒരു വജ്രസൂചി; നവോത്ഥാന ചരിത്രത്തിലെ അയ്യന്‍കാളിയെന്ന ഉജ്ജ്വല നക്ഷത്രം

SHARE

ഇന്ന് അയ്യങ്കാളി ജയന്തി. കേരള നവോത്ഥാനത്തിലെ ഉജ്ജ്വല നക്ഷത്രമായിരുന്നു മഹാത്മാ അയ്യങ്കാളി. അയ്യങ്കാളിയുടെ അണയാത്ത സ്മരണയിലൂടെ ഒരു സഞ്ചാരം.ഇരുണ്ടകാലത്തെ കീറിമുറിച്ച ഒരു വജ്രസൂചിയായിരുന്നു മഹാത്മാ അയ്യങ്കാളി. അധഃസ്ഥിത സമൂഹത്തിന്റെ ഉന്നമനത്തിനായി സമാനതകളില്ലാത്ത പോരാട്ടങ്ങള്‍ നയിച്ച അയ്യങ്കാളിയെ ഇന്ത്യയിലെ ആദ്യ കമ്യൂണിസ്റ്റ് എന്നാണ് ഇ കെ നായനാര്‍ വിശേഷിപ്പിച്ചത്. മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങള്‍ക്ക് വേണ്ടിയായിരുന്നു അയ്യങ്കാളിയുടെ പോരാട്ടങ്ങള്‍. കീഴ്ജാതിക്കാര്‍ക്ക് പൊതുവഴിയിലൂടെയുള്ള സഞ്ചാര നിഷേധത്തിനെതിരെ നടത്തിയ വില്ലുവണ്ടി യാത്രകളും താണജാതിക്കാര്‍ കല്ലുമാല ധരിക്കണമെന്ന ആചാരത്തിനെതിരെ നടത്തിയ കല്ലുമാല ബഹിഷ്‌ക്കരണ സമരവും താഴ്ന്ന ജാതിക്കാരുടെ മക്കളുടെ വിദ്യാഭ്യാസ അവകാശത്തിനായി നടത്തിയ പ്രക്ഷോഭവും കര്‍ഷകത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുമായി നടത്തിയ കര്‍ഷകസമരവുമെല്ലാം ഇന്ത്യയിലെ തൊഴിലാളി മുന്നേറ്റങ്ങള്‍ക്ക് അടിത്തറ പാകി.നീതി നിഷേധിക്കപ്പെട്ട മുഴുവന്‍ ജനതയുടേയും അത്താണിയായിരുന്നു അദ്ദേഹം സ്ഥാപിച്ച സാധുജന പരിപാലന സംഘം. തിരുവനന്തപുരത്തെ വെങ്ങാനൂര്‍ ഗ്രാമത്തില്‍ അയ്യന്‍- മാല ദമ്പതിമാരുടെ മകനായി ജനിച്ച അയ്യങ്കാളിയുടെ ജീവിതം തന്നെ ഒരുസമരമായിരുന്നു. 1912-ല്‍ ശ്രീമൂലം പ്രജാസഭയിലേക്ക് സാമാജികനായി നോമിനേറ്റ് ചെയ്യപ്പെട്ട അയ്യങ്കാളി രണ്ട് പതിറ്റാണ്ടുകാലത്തോളം നിയമസഭാ സാമാജികനായി തുടര്‍ന്നു. 1937 ജനുവരി 14ന് ഗാന്ധിജി അയ്യങ്കാളിയെ വെങ്ങാനൂരില്‍ ചെന്നുകണ്ട് ‘ഞാന്‍ താങ്കള്‍ക്കുവേണ്ടി എന്തുചെയ്യണം’ എന്നു ചോദിച്ചപ്പോള്‍ ‘അധഃസ്ഥിതരില്‍ നിന്നും പത്ത് ബിഎക്കാരെ കണ്ടിട്ടുവേണം തനിക്ക് മരിക്കാന്‍’ എന്നായിരുന്നു അയ്യങ്കാളിയുടെ മറുപടി.